SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.15 AM IST

ഞങ്ങൾക്കും തന്നൂടെ ഇത്?, ചന്ദ്രയാൻ 3 സെൻസറുകൾ ചോദിച്ച് നാസ

Increase Font Size Decrease Font Size Print Page

nasa

തിരുവനന്തപുരം:അരനൂറ്റാണ്ട് മുമ്പ് ചന്ദ്രനിൽ മനുഷ്യനെ ഇറക്കിയ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ വിസ്‌മയിപ്പിച്ച് ഇന്ത്യയുടെ ചന്ദയാൻ സാങ്കേതിക വൈദഗ്ദ്ധ്യം.

ഇത്ര കുറഞ്ഞ ചെലവിൽ വികസിപ്പിച്ച ഇത്രയും മികച്ച സംവിധാനങ്ങൾ തങ്ങൾക്കും നൽകിക്കൂടേ എന്ന് നാസ സംഘം ഐ. എസ്. ആർ. ഒ ശാസ്‌ത്രജ്ഞരോട് ചോദിച്ചു. ചന്ദ്രയാൻ 3ലെ സുപ്രധാന സെൻസറുകളാണ് നാസ ആവശ്യപ്പെട്ടത്.

ചന്ദ്രയാൻ 3ന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ നാസ സംഘം ഐ.എസ്.ആർ.ഒ.യിൽ എത്തിയിരുന്നു. നാസയ്ക്ക് വേണ്ടി റോക്കറ്റുകൾ നിർമ്മിക്കുകയും സങ്കീർണമായ ദൗത്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ വിദഗ്ദ്ധരായിരുന്നു സംഘത്തിൽ. കുറഞ്ഞ ചെലവിൽ ഇന്ത്യ വികസിപ്പിച്ച അത്യാധുനിക ചാന്ദ്രദൗത്യ സാങ്കേതിക വിദ്യകൾ കണ്ട് അവർ അത്ഭുതപ്പെട്ടു. ഇൗ വിദ്യകൾ തങ്ങളുമായി പങ്കുവയ്‌ക്കുമോ എന്ന് ചോദിച്ചതായും ഐഎസ്ആർഒ ശാസ്ത്രജ്ഞർ പറഞ്ഞു.

ചന്ദ്രയാൻ 3ലെ വിക്രം ലാൻഡർ സുരക്ഷിതമായി ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നതിന് സഹായകരമായ ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറയാണ് നാസയെ അത്ഭുതപ്പെടുത്തിയ പ്രധാന ഉപകരണം. ആരുടേയും സഹായമില്ലാതെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചതാണിത്. ചന്ദ്രനിൽ ഇറങ്ങുന്നതിന് കേവലം 20സെക്കൻഡ് മുമ്പ് സ്ഥലം പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പ് വരുത്തുന്ന സെൻസറാണിത്. ലോകത്ത് ആർക്കും സമാനമായ ഉപകരണമില്ല. കൂടാതെ പരിസരം, അന്തരീക്ഷം,മർദ്ദം,ചൂട് എന്നിവ നിരീക്ഷിക്കുന്ന സെൻസറകളും ചന്ദ്രയാനിൽ ഉണ്ടായിരുന്നു. ബഹിരാകാശ മനുഷ്യദൗത്യങ്ങളിൽ ഏറെ പ്രയോജനപ്പെടുന്നതാണ് നാസയ്ക്ക് ഇതിൽ താൽപര്യമുണ്ടാക്കുന്നത്. ഇൗ മേഖലയിൽ കൂടുതൽ സഹകരണത്തിന് അവർക്ക് താൽപര്യമുണ്ടെന്നും സെൻസറുകൾ വികസിപ്പിച്ച ഐ.എസ്.ആർ.ഒ.യുടെ ഇലക്ട്രോ ഒപ്റ്റിക്കൽ സിസ്റ്റം ലബോറട്ടറി ഡയറക്ടർ ഡോ.കെ.വി.ശ്രീറാം പറഞ്ഞു.

TAGS: NASA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER