തിരുവല്ല: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനം തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആത്മഹത്യ നടക്കുമ്പോൾ മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് ശ്രദ്ധ ലഭിക്കുന്ന സമീപനം മാറണമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. പ്രസാദിന്റെ വീട്ടിലെത്തി കുടുംബത്തെയും അദ്ദേഹം സന്ദർശിക്കും.
ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നുവെന്നാണ് ഗവർണർ നേരത്തേ കുറ്റപ്പെടുത്തിയത്. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് വേണ്ടി വൻ തുകയാണ് ചെലവഴിക്കുന്നതെന്നും ഗവർണർ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി വെറും രണ്ട് വർഷം സർവീസിലിരുന്നാൽ അവർ പെൻഷൻ അനുവദിക്കുകയാണ്. ഈ നിലയിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. രാജ്ഭവനില്‍ അധിക ചെലവുണ്ടെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ അത് നിര്‍ത്തുന്നില്ല. ഞാൻ അവരോട് യാചിക്കുന്നില്ല, രാജ്ഭവനിൽ അധികചെലവാണെങ്കിൽ സർക്കാർ അത് നിർത്തലാക്കട്ടെ. സംസ്ഥാനത്തെ കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണ്. കുടുംബത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഗവർണർ വ്യക്തമാക്കി.
തകഴി സ്വദേശിയും കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദ്(55) വിഷം കഴിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇദ്ദേഹം കൃഷി ആവശ്യത്തിന് വായ്പയ്ക്കായി ഒരു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പി ആർ എസ് വായ്പ കുടിശ്ശിക ഉള്ളതിനാൽ ലോൺ കിട്ടിയില്ല. ഇതിൽ മനംനൊന്താണ് പ്രസാദ് ജീവനൊടുക്കിയത്.
കിസാൻ സംഘ് ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് തന്റെ പ്രശ്നങ്ങൾ പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. താൻ പരാജയപ്പെട്ടു പോയ കർഷകനാണെന്നും കുറേ ഏക്കറുകൾ കൃഷി ചെയ്തിട്ട് നെല്ല് സർക്കാരിന് കൊടുത്തുവെന്നും അദ്ദേഹം സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. സർക്കാർ നമുക്ക് കാശ് തന്നില്ല. ഞാൻ ലോൺ ചോദിച്ചു. പിആർഎസ് കുടിശികയുള്ളതുകൊണ്ട് ലോൺ തരില്ലെന്ന് ബാങ്ക് പറഞ്ഞു. എന്തു പറയാനാണ്, ഞാൻ പരാജയപ്പെട്ടുപ്പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി. ഇരുപത് കൊല്ലം മുമ്പ് മദ്യപാനം നിർത്തിയതായിരുന്നു. എന്നാൽ വീണ്ടും തുടങ്ങി. ഞാൻ പരാജയപ്പെട്ടുപോയവനാ, നിങ്ങൾ എനിക്ക് വേണ്ടി ഫൈറ്റ് ചെയ്യണം. എന്റെ നെല്ല് സർക്കാരിന് കൊടുത്തു, ഞാനിപ്പോൾ കടക്കാരനാ.നിൽക്കാൻ വേറെ മാർഗമില്ലെന്നാണ് പ്രസാദ് ഫോണിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |