SignIn
Kerala Kaumudi Online
Wednesday, 24 September 2025 2.29 PM IST

ഗുരുദേവൻ അനുഗ്രഹിച്ച കഥാപ്രസംഗത്തിന് 100

Increase Font Size Decrease Font Size Print Page

sambasivan

സത്യദേവൻ വന്നത് ചണ്ഡാലഭിക്ഷുകിയുമായി

കൊച്ചി: കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ നാടകീയമായി അവതരിപ്പിച്ച് പ്രേക്ഷകരെ ആനന്ദിപ്പിച്ച കഥാപ്രസംഗകല നൂറാം വയസിലേക്ക്. ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്തോടെ ആലപ്പുഴ സ്വദേശി സി.എ.സത്യദേവനാണ് കൊല്ലവർഷം 1099ൽ​ ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചത്. കുമാരാനാശാന്റെ 'ചണ്ഡാലഭിക്ഷുകി"യാണ് കഥാപ്രസംഗരൂപത്തിൽ അരങ്ങിലെത്തിച്ചത്. കവിതിലകൻ പണ്ഡിറ്റ് കെ.പി. കറുപ്പനാണ് ഗാനങ്ങൾ എഴുതിയത്. വടക്കൻപറവൂരിനടുത്ത് ചേന്ദമംഗലത്തെ കേളപ്പനാശാന്റെ പ്രാഥമിക വിദ്യാലയത്തിലായിരുന്നു അരങ്ങേറ്റം. ഡോ. പി. പല്പുവും കുമാരനാശാനും പിന്തുണ നൽകി.

ഹരികഥ എന്ന കലാരൂപമാണ് കേരള നവോത്ഥാനമുന്നേറ്റത്തിന് കരുത്തേകിയ കഥാപ്രസംഗമായി മാറിയത്. അവതാര പുരുഷന്മാരും പുരാണേതിഹാസങ്ങളുമൊക്കെ ഇതിവൃത്തമായി ക്ഷേത്രങ്ങളിൽ ഒതുങ്ങിനിന്ന ഹരികഥയെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിളിച്ചുപറയാനുള്ള ഉപാധിയായാണ് പല്പുവും കുമാരനാശാനും കണ്ടത്. അതിനാലാണ് ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വരച്ചുകാട്ടിയ 'ചണ്ഡാലഭിക്ഷുകി" ആദ്യകഥയായി തിരഞ്ഞെടുത്തതും.

സത്യദേവനുശേഷം കെ.കെ.വാദ്ധ്യാർ, ജോസഫ് കൈമാപ്പറമ്പൻ, എം.പി. മന്മഥൻ, വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ, വി. ഹർഷകുമാർ, കടവൂർ ബാലൻ, തേവർതോട്ടം സുകുമാരൻ, അയിലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കഥാപ്രസംഗത്തെ ഏറെ വളർത്തി.

ആദ്യ കഥാവതരണത്തിനു മുമ്പ് ഗുരുദേവന്റെ ഹിതമറിയണമെന്ന് കുമാരനാശാന് നിർബന്ധമുണ്ടായിരുന്നു. അതനുസരിച്ച് സത്യദേവൻ ശിവഗിരിയിൽ എത്തി. ''ആരെയും കഠിനമായി അധിക്ഷേപിക്കരുത്. ധർമ്മവിരുദ്ധമായ രാജനീതികളെയും ഹൈന്ദവ ധർമ്മത്തിന്റെ പേരു പറഞ്ഞ് പുരോഹിതന്മാരായ ബ്രാഹ്മണരും മറ്റും നടത്തുന്ന അനാചാരങ്ങളെയും സഭ്യമായ ഭാഷയിൽ അധിക്ഷേപിക്കാം, ആരേയും വേദനിപ്പിക്കാതെ" എന്ന ഉപദേശത്തോടെയാണ് ഗുരുദേവൻ അനുവാദം നൽകിയത്.

കുമാരനാശാന്റെ അനുമതി

സി.എ.സത്യദേവൻ (നീലകണ്ഠൻ) ജോലി സംബന്ധമായി തമിഴ്‌നാട്ടിൽ താമസിക്കുമ്പോഴാണ്

'ഹരികഥ"യിൽ ആകൃഷ്ടനായത്. അത്തരമൊന്ന് മലയാളത്തിലും ഉണ്ടാക്കാനുള്ള ആഗ്രഹം കുമാരനാശാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിതെളിച്ചു. കുമാരനാശാന്റെ അനുമതി കിട്ടിയതോടെ, അന്ന് എറണാകുളത്ത് വിശ്രമജീവിതത്തിലായിരുന്ന ഡോ. പല്പുവിനെയും സന്ദർശിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പണ്ഡിറ്റ് കറുപ്പനെ കാണുന്നത്.

ശതാബ്ദി ആഘോഷം

ശതാബ്ദി ആഘോഷത്തിന് ഒരുങ്ങുകയാണ് വടക്കൻ പറവൂരിലെ പു.ക.സയും ഗ്രന്ഥശാലാസംഘവും. ഒരുവർഷത്തെ ആഘോഷം. ഡിസംബർ 28 മുതൽ 30വരെ വിദ്യാർത്ഥികൾക്കായി കഥാപ്രസംഗ പരിശീലന കളരിയും പ്ലാൻ ചെയ്തിട്ടുണ്ട്.

TAGS: KATHAPRASANGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.