കർഷകരുടെ സിബിൽ സ്കോർ കുറയരുത്
കൊച്ചി: നെല്ല് സംഭരിച്ചതിന്റെ പണം സപ്ളൈകോ ബാങ്കുകൾ മുഖേന നൽകുമ്പോൾ കർഷകർ വായ്‌പക്കാരായി മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കർഷകരുടെ സിബിൽ സ്കോർ കുറയരുതെന്നും ഹൈക്കോടതി.
സംഭരിച്ച നെല്ലിന് സർക്കാർ നൽകാനുള്ള പണം കിട്ടാൻ പാലക്കാട് കൊല്ലങ്കോട് സ്വദേശി ശിവാനന്ദൻ, ചിറ്റൂർ സ്വദേശി സി.കെ. രമേഷ്, പാലക്കാട്ടെ നെന്മേനി പാടശേഖര നെല്ലുത്പാദക സമിതി, ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി പാപ്പച്ചൻ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
സപ്ളൈകോയാണ് വായ്‌പയെടുത്ത് കർഷകർക്കു പണം നൽകുന്നതെന്നും വായ്‌പയുടെ ബാദ്ധ്യത കർഷകർക്കു വരില്ലെന്നും സപ്ളൈകോയുടെ അഭിഭാഷകൻ സന്തോഷ് പീറ്റർ വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഇക്കാര്യം ബാങ്കുകളുടെ കൺസോർഷ്യത്തെ അറിയിക്കാൻ നിർദ്ദേശിച്ചു. അല്ലാത്ത പക്ഷം ബാങ്കുകളെ നോട്ടീസ് നൽകി വിളിപ്പിക്കേണ്ടി വരുമെന്നും പറഞ്ഞു.
സപ്ളൈകോ സംഭരിച്ച നെല്ലിന്റെ പണം ബാങ്കുകൾ മുഖേന കർഷകർക്കു നൽകുമ്പോൾ എങ്ങനെയാണ് അവർ വായ്‌പക്കാരായി മാറുന്നതെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി വാക്കാൽ ചോദിച്ചു. നെല്ലിന്റെ പണമാണ് കർഷകർക്കു നൽകുന്നത്. ഇതിന്റെ പേരിൽ സിബിൽ സ്കോർ എങ്ങനെ കുറയുമെന്നും ആരാഞ്ഞു. കർഷകരുടെ സിബിൽ സ്കോർ കുറയില്ലെന്ന് സപ്ളൈകോ വിശദീകരിച്ചു. ഇതിൽ എന്തെങ്കിലും ഉത്തരവുണ്ടോയെന്ന് കോടതി ചോദിച്ചു.
നെല്ലു വാങ്ങിയ വകയിൽ കർഷകർക്ക് സപ്ളൈകോയാണ് പണം കൊടുക്കേണ്ടത്. വിറ്റ നെല്ലിന്റെ പണമായി കർഷകർക്കു വായ്പ നൽകുന്ന നിലവിലെ സ്ഥിതി, കാർ വാങ്ങിയാൽ പണം കാർ നിർമ്മാതാക്കൾ കൊടുക്കണമെന്ന് പറയുന്ന പോലെയല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. കർഷകർക്കു ബാങ്കുകൾ മുഖേന നൽകുന്ന പണത്തിന്റെ ബാദ്ധ്യത ആറുമാസത്തിനകം തീർക്കുന്നുണ്ടെന്ന് സപ്ളൈകോ അറിയിച്ചു. ഇത് ഓവർ ഡ്രാഫ്റ്റല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. തുടർന്നാണ് വായ്പയുടെ ബാദ്ധ്യത കർഷകർക്കു മേൽ ചുമത്തരുതെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |