SignIn
Kerala Kaumudi Online
Friday, 09 May 2025 9.45 PM IST

നവകേരളത്തിനായി പറയാനും കേൾക്കാനും

Increase Font Size Decrease Font Size Print Page

pinarayi-vijayan

നവകേരള സദസ്സുകൾക്ക് ഇന്ന് തുടക്കമാവുകയാണ്. വളരെ സവിശേഷമായ ഒരു രാഷ്ട്രീയ,​ സാമൂഹിക പശ്ചാത്തലത്തിലാണ് ഇതു സംഘടിപ്പിക്കപ്പെടുന്നത്. വിപരീത ദേശീയ സാഹചര്യത്തിലും കേരളം ജനകീയ ബദൽ ഉയർത്തിക്കൊണ്ട് മാതൃകാപരമായി നിലകൊള്ളുകയാണ്. അതുകൊണ്ടുതന്നെ കേരളത്തെ സാമ്പത്തികമായി ഞെരുക്കാനും ഇവിടത്തെ വികസത്തിനും ക്ഷേമത്തിനും

തടയിടാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണ്. എന്നാൽ, ഇതിലൊന്നും തളരാതെ വൈഷമ്യങ്ങളെ മൗലികമായ വഴികൾ കണ്ടെത്തി മറികടന്ന് കേരളം മുന്നോട്ടു പോവുകയാണ്, അതുവഴി,​ നവകേരള സൃഷ്ടി യാഥാർത്ഥ്യമാക്കുകയാണ്.

വിജ്ഞാന സമ്പദ്ഘടനയും നൂതന സമൂഹവും വാർത്തെടുത്ത് പുതിയൊരു കേരള മാതൃക സൃഷ്ടിക്കുകയാണ് നമ്മൾ. കേരളത്തെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾ എന്തൊക്കെയാണെന്നതും,​ കേരളം എങ്ങനെയൊക്കെയാണ് അതിനെ അതിജീവിക്കുന്നത് എന്നതും കേരള ജനതയെ അറിയിക്കാനുള്ളതാണ് നവകേരള സദസ്സുകൾ. അതേസമയം തന്നെ നവകേരള സൃഷ്ടിയിൽ
ജനങ്ങളുടെയാകെ അഭിപ്രായങ്ങൾ ആരായാനും അതുൾക്കൊണ്ട് ആസൂത്രണം നടത്താനും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. ചെയ്തത് എന്തൊക്കെയെന്നും,​ ചെയ്യാൻ പോകുന്നത് എന്തൊക്കെയെന്നും ജനങ്ങളെ അറിയിക്കാനുള്ള അവസരമായിക്കൂടിയാണ് നവകേരള സദസ്സുകളെ കാണുന്നത്. ആ നിലയ്ക്ക് ജനങ്ങളും സർക്കാരും തമ്മിൽ ഒരു വലിയ പാരസ്പര്യം രൂപപ്പെടുത്തിയെടുക്കാനുള്ള വേദികളാണ് നവകേരള സദസ്സുകൾ.

മാതൃകയായി കേരളം


മനുഷ്യവിഭവ വികസന സൂചികകളിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ നമ്മൾ വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്നു. സാക്ഷരത, ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം, സ്ത്രീശാക്തീകരണം എന്നിവയിലെല്ലാം നമ്മൾ രാജ്യത്തിനു മാതൃകയാണ്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ കാര്യത്തിലും നമ്മൾ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ നാലു ദശകങ്ങളിൽത്തന്നെ കേരളത്തിലെ ദാരിദ്ര്യനിരക്ക് 40 ശതമാനത്തിൽ നിന്ന് 0.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഈ നേട്ടങ്ങളൊന്നും മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവില്ല.


കേരളത്തിന്റെ വികസനപാത ക്ലേശകരമായിരുന്നു എന്ന വസ്തുത ഓർമ്മിക്കേണ്ടതുണ്ട്. ഉച്ചനീചത്വങ്ങൾക്കെതിരെ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലുകൾ, മണ്ണിലും തൊഴിൽശാലകളിലും പണിയെടുത്തവർ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങൾ, നാടുവാഴി സമ്പ്രദായത്തിനെതിരെയും ദിവാൻ ഭരണത്തിനെതിരെയും സാമ്രാജ്യത്വ വാഴ്ചയ്‌ക്കെതിരെയും നടന്ന പ്രക്ഷോഭങ്ങൾ,​ വിദ്യാഭ്യാസ,​ ആരോഗ്യ മേഖലകളിലെ പുരോഗതിക്കായി നടത്തപ്പെട്ട ജനകീയ ഇടപെടലുകൾ.... എന്നിവയെല്ലാം ചേർന്ന് കേരളീയ സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങളാണ് നമ്മുടെ പുരോഗതിക്ക് അടിത്തറയൊരുക്കിയത്.

നമ്മുടെ ഭാവി എങ്ങനെ?​

ഈ നേട്ടങ്ങളിൽ അഭിരമിച്ച് വിശ്രമിക്കേണ്ട വേളയിലല്ല നമ്മൾ എത്തിനിൽക്കുന്നത്. നമ്മുടെ വികസന മാതൃകകൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും കേരളത്തിന്റെ ഭാവി ഏതു രീതിയിലുള്ളതാകണം എന്നതും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. അതിനുള്ള ഉപാധിയാണ് നവകേരള സദസ്സുകൾ. കേരളത്തിന്റെ ആളോഹരി വരുമാനം ഇന്ന് ദേശീയ ശരാശരിയേക്കാൾ ഉയർന്നു നിൽക്കുകയാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് 2021-22 ൽ കേരളത്തിന്റെ സമ്പദ്ഘടന 12 ശതമാനം വളർച്ച കൈവരിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെടെ നാലു ശതമാനത്തിനു മുകളിൽ വളർച്ച കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വ്യവസായ സൗഹൃദ നയങ്ങളുടെ ഫലമായി വ്യവസായ മേഖലയിലും പ്രകടമായ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,39,000- ത്തിലധികം
സംരംഭങ്ങളാണ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന സേവന മേഖലയിലും ഗണ്യമായ വളർച്ചയാണ് (17 ശതമാനത്തിലധികം)​ ഉണ്ടായിരിക്കുന്നത്.

സാമൂഹ്യനീതിയിലും സുസ്ഥിരതയിലും ഊന്നുന്നതാണ് നവകേരള സങ്കൽപ്പം. അതിദാരിദ്ര്യ നിർമ്മാർജ്ജനം, എല്ലാവർക്കും പ്രാപ്യമായ പൊതുജനാരോഗ്യം, ഗുണമേന്മയുള്ള പൊതു- ഉന്നതവിദ്യാഭ്യാസം, പശ്ചാത്തല സൗകര്യ വികസനം, ഉത്പാദനക്ഷമതയുള്ള തൊഴിലവസരങ്ങൾ, എല്ലാവർക്കും ഭൂമിയും വീടും, ജലാശയങ്ങളുടെ നവീകരണം, കാർഷിക ഭൂമിയുടെ വീണ്ടെടുക്കൽ, കൂടുതൽ കാര്യക്ഷമമായ അധികാര വികേന്ദ്രീകരണം എന്നിവയെല്ലാം അടങ്ങുന്ന സമഗ്രമായ കാഴ്ചപ്പാടാണ് നവകേരള സങ്കല്പത്തിന്റെ ഭാഗമായി
നമുക്കുള്ളത്.

കാലത്തിനൊപ്പം കുതിക്കാൻ

അടുത്ത 25 വർഷംകൊണ്ട് കേരളീയരുടെ ജീവിതനിലവാരം വികസിത,​ മദ്ധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ഇടപെടലുകളാണ് ഇപ്പോൾ ഈ സർക്കാർ നടത്തുന്നത്. അങ്ങനെ നാളിതുവരെ കേരളം ആർജ്ജിച്ച നേട്ടങ്ങളിൽ ഊന്നിക്കൊണ്ട്,​ പുതിയ കാലത്തിന് അസൃതമായി നമ്മുടെ സമ്പദ്ഘടനയെയും സമൂഹത്തെയും പുതുക്കിപ്പണിയുകയാണ്. ഉത്പാദനവും ഉത്പാദനക്ഷമതയും
വർദ്ധിപ്പിക്കുകയും അധിക വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധത്തിൽ നമ്മുടെ സമ്പദ്ഘടനയെയും സമൂഹത്തെയും സ്വയംവിമർശനപരമായി വിലയിരുത്തുകയാണ് നവകേരള സദസ്സ്.

പ്രൊഡക്ടീവ് എക്കണോമി എന്ന നിലയിലേക്ക് കേരളം വളരണമെങ്കിൽ അറിവിനെ ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവർത്തിപ്പിക്കുന്ന ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി നമ്മൾ മാറേണ്ടതുണ്ട്. അതിന് ഉതകുന്ന ഇടപെടലുകളാണ് നകേരള സദസ്സിന്റെ ഭാഗമായി ഉണ്ടാവുക. മഹത്തായ ലക്ഷ്യങ്ങൾ മനസ്സിലുറപ്പിക്കുകയും അതു നേടിയെടുക്കാൻ കർമ്മോത്സുകതയോടെ പ്രവർത്തിക്കുയുമാണ് അസാദ്ധ്യമായവയെ സാദ്ധ്യമാക്കാനുള്ള വഴികൾ. ആ വഴിയിലൂടെ നിശ്ചയദാർഢ്യത്തോടെ നീങ്ങുകയാണ് സർക്കാർ.

ഒരിക്കലും നടക്കില്ലെന്ന് പലരും കരുതിയ പലതും നമ്മൾ നേടിയെടുത്തു. ഗെയ്ൽ പൈപ്പ്‌ലൈൻ തൊട്ട് വിഴിഞ്ഞം തുറമുഖം വരെ ഇതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ മാത്രമല്ല, ക്ഷേമ ഇടപെടലുകളുടെ കാര്യത്തിലും നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചു. അറുപതു ലക്ഷത്തിലധികം പേർക്ക് സാമൂഹിക ക്ഷേമ പെൻഷൻ, നാലു ലക്ഷത്തോളം വീടുകൾ, മൂന്നു ലക്ഷത്തിലധികം പട്ടയങ്ങൾ, 43 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ്, അതിദാരിദ്ര്യ നിർമ്മാർജ്ജനം.... ഇതെല്ലാം നടപ്പാക്കുന്നത് പരിമിത വിഭശേഷിക്കുള്ളിൽ നിന്നുകൊണ്ടാണ്. ഈ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം എങ്ങനെയാവണം? അത് അധികാര കേന്ദ്രങ്ങളല്ല, ജനങ്ങളാണ് നിശ്ചയിക്കേണ്ടത്. അതുകൊണ്ടാണ് ഈ മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുന്നത്.

TAGS: NAVAKERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.