SignIn
Kerala Kaumudi Online
Sunday, 24 May 2026 11.41 AM IST

'അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളുമായി ഒത്തുപോകുന്നില്ല; ശബ്ദ വിഭാഗത്തിൽ രണ്ട് അവാർഡുകൾ മതി'; വിവാദങ്ങളിൽ പ്രതികരിച്ച് റസൂൽ പൂക്കുട്ടി

resul-pookutty

ന്യൂഡൽഹി: ശബ്ദവിഭാഗങ്ങളുമായി ബന്ധപ്പെട്ട പുരസ്‌കാരങ്ങളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സിനിമാ അസോസിയേഷനുകൾ. ശബ്ദ വിഭാഗങ്ങളിലുള്ള ദേശീയ പുരസ്‌കാരങ്ങൾ അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി ഒത്തുപോകുന്ന തരത്തിലാക്കണമെന്ന് അടുത്തിടെയുണ്ടായ വിവാദങ്ങളും കേസുകളുമായി ബന്ധപ്പെട്ട് വിദഗ്ദ്ധർ ആവശ്യപ്പെട്ടു.

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌‌കാരവും കന്നട ചിത്രമായ ദൊല്ലുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമാണ് ഇതിൽ ഏറ്റവും പുതിയത്. കഴിഞ്ഞവർഷത്തെ ദേശീയ സിനിമാ പുരസ്കാരത്തിൽ രണ്ട് വിഭാഗങ്ങളിലാണ് ദൊല്ലു പുരസ്കാരത്തിന് അർഹമായത്. മികച്ച കന്നട ഫീച്ചർ ഫിലിം, ലോക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റിനുള്ള ബെസ്റ്റ് ഓഡിയോഗ്രഫി പുരസ്‌കാരം എന്നിവയാണ് ചിത്രം നേടിയത്. എന്നാൽ രണ്ടാമത്തെ പുരസ്‌കാരം അണിയറപ്രവർത്തകരെ മൊത്തം കുഴപ്പിക്കുകയാണുണ്ടായത്.

കാരണം ഡബ്ബ് ചെയ്ത സിനിമയായ ദൊല്ലു ചിത്രീകരണം നടന്ന ലൊക്കേഷനിലെ ശബ്ദം ചിത്രത്തിൽ ഉപയോഗിച്ചിരുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് സ്റ്റുഡിയോയിൽ ശബ്ദം റി- റെക്കോർഡിംഗ് ചെയ്യുകയാണുണ്ടായത്. തുടർന്നുണ്ടായ വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ദൊല്ലുവിന് ശബ്ദവിഭാഗത്തിലുള്ള പുരസ്‌കാരം പിൻവലിക്കുകയും ചെയ്തു.

ഈ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ച 69ാമത് ദേശീയ പുരസ്കാരത്തിലും സമാനസംഭവങ്ങൾ അരങ്ങേറിയിരുന്നു. നോൺ-ഫീച്ചർ ഫിലിം വിഭാഗത്തിൽ ഫൈനൽ മിക്‌സ്‌ഡ് ട്രാക്ക് റി- റെക്കോർഡിസ്റ്റിനുള്ള ബെസ്റ്റ് ഓഡിയോഗ്രഫി പുരസ്കാരം ഉണ്ണി കൃഷ്ണനായിരുന്നു ലഭിച്ചത്. അവാർഡിന് അർഹതയുള്ള രണ്ടുപേരിൽ ഒരാൾ മാത്രമാണ് വിജയിയെന്ന് പിന്നീട് പുറത്തുവന്നതാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്.

അതേസമയം, ഫീച്ചർ ഫിലിമുകൾക്കുള്ള സൗണ്ട് വിഭാഗത്തിൽ നിലവിലുള്ള മൂന്ന് അവാർഡുകളേക്കാൾ രണ്ട് അവാർഡുകളാണ് അഭികാമ്യമെന്ന് സൗണ്ട് വിഭാഗത്തിൽ ഓസ്കാർ നേടിയ ഒരേയൊരു ഇന്ത്യക്കാരനായ റസൂൽ പൂക്കുട്ടി അഭിപ്രായപ്പെട്ടു. സൗണ്ട് മിക്‌സിംഗിന് ഒരു പുരസ്‌കാരവും സൗണ്ട് ഡിസൈന് ഒരു പുരസ്‌കാരവും എന്നതാണ് ഉചിതമെന്ന് പൂക്കുട്ടി കൂട്ടിച്ചേർത്തു. സ്ളം ഡോഗ് മില്യണർ എന്ന സിനിമയിൽ സൗണ്ട് മിക്‌സിംഗ് വിഭാഗത്തിലാണ് 2009ൽ റസൂൽ പൂക്കുട്ടി ഓസ്‌കാർ സ്വന്തമാക്കിയത്.

അടിസ്ഥാനപരമായി ദേശീയ അവാർഡുകൾ അന്താരാഷ്ട്ര അവാർഡുകളുമായി തുല്യത പുലർത്തുന്നില്ലെന്ന് റസൂൽ പൂക്കുട്ടി ചൂണ്ടിക്കാട്ടി. 70കളിലെ മാർഗനിർദേശങ്ങളാണ് ഇപ്പോഴും ദേശീയ പുരസ്കാരങ്ങളിൽ പിന്തുടരുന്നത്. ഡിജിറ്റൽ യുഗത്തിലെ പ്രവർത്തന രീതികളിൽ 70കളിൽ നിന്ന് വ്യത്യസ്തമാണെന്നും പൂക്കുട്ടി പറഞ്ഞു.

സൗണ്ട് എഡിറ്റിംഗും മിക്‌സിംഗും ഒരു റിലേ പോലെയാണെന്ന് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ നിന്ന് സൗണ്ട് റെക്കോർഡിംഗിലും ഡിസൈനിലും ബിരുദം നേടിയ നിതിൻ ലൂക്കോസ് പറയുന്നു. ഫീച്ചർ ഇതര സിനിമകൾക്കുള്ള ഫൈനൽ മിക്സഡ് ട്രാക്ക് അവാർഡിന്റെ റീ-റെക്കോർഡിസ്റ്റിൽ തന്നെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലൂക്കോസ് കേരള ഹൈക്കോടതിയിൽ കഴിഞ്ഞമാസം കേസ് ഫയൽ ചെയ്തിരുന്നു.

ദേശീയ സിനിമാ പുരസ്കാരത്തിൽ ഫീച്ടർ ഫിലിം വിഭാഗത്തിൽ മൂന്ന് ഓഡിയോഗ്രഫി അവാർഡുകളാണുള്ളത്. ലോക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്, സൗണ്ട് ഡിസൈനർ, റി- റെക്കോർഡിസ്റ്റ് ഒഫ് ദി ഫൈനൽ മിക്‌സഡ് ട്രാക്ക്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ രണ്ട് ഓഡിയോഗ്രഫി അവാർഡുകളുമുണ്ട്. റി- റെക്കോർഡിസ്റ്റ് ഒഫ് ദി ഫൈനൽ മിക്‌സഡ് ട്രാക്ക്, പ്രൊഡക്ഷൻ സൗണ്ട് റെക്കോർഡിസ്റ്റ് എന്നിവയാണവ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RESUL POOKUTTY, NATIONAL AWARDS, BEST AUDIOGRAPHY, TWO AWARDS NEEDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY