കാസർകോട്: മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് ഇറങ്ങിവന്ന നവകേരള സദസ്സിനെ ഹൃദയത്തിൽ ഏറ്റുവാങ്ങി ജനങ്ങൾ . വിദ്യാർത്ഥികൾ, യുവജനങ്ങൾ, വനിതകൾ, മുതിർന്നവർ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ സദസിലേക്ക് ഒഴുകിയെത്തി.
യു.ഡി.എഫിന്റെ കോട്ടയായ മഞ്ചേശ്വരവും കാസർകോടും പിന്നിട്ട് എൽ.ഡി.എഫ് കേന്ദ്രങ്ങളായ ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും എത്തിയ നവകേരള സദസ്സിൽ മുഖ്യമന്ത്രിയും 20 മന്ത്രിമാരും എത്തിയപ്പോൾ ഓരോ കേന്ദ്രങ്ങളിലും
കാത്തുനിന്നത് കാൽ ലക്ഷത്തിനു മുകളിൽ ആളുകളാണ്. രണ്ട് ദിവസമായി നടന്ന കാസർകോട് ജില്ലയിലെ അഞ്ച് സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളുടെ വർദ്ധിച്ച പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.കാസർകോട് ജില്ലയിലെ നാല് മണ്ഡലങ്ങളിലും
ജനത്തിരക്കും വാഹനങ്ങളുടെ ബാഹുല്യവും ശക്തമായി. വിശ്രമമില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രിച്ചു.
കാസർകോട് മണ്ഡലത്തിലെ നായന്മാർമൂല സ്കൂൾ ഗ്രൗണ്ടിലായിരുന്നു രണ്ടാം ദിവസത്തെ ആദ്യപരിപാടി. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, വീണ ജോർജ് എന്നിവർക്ക് ശേഷം മന്ത്രി കെ. രാജൻ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഹിച്ചു കൊണ്ടുള്ള ബസ് എത്തിയത്. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ കുറിക്ക് കൊള്ളുന്ന പ്രസംഗം. ലീഗ് കേന്ദ്രത്തിൽ നാടറിഞ്ഞുള്ളതായിരുന്നു ഓരോ വാക്കും. പാലസ്തീന് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ചു. ഉദുമയിലെ ചട്ടഞ്ചാലിൽ മുഖ്യമന്ത്രി എത്തിയപ്പോൾ സ്വീകരിക്കാൻ കാത്തുനിന്നത് പതിനായിരങ്ങൾ. സർക്കാരിന്റെ ഏഴര കൊല്ലത്തെ ഭരണ നേട്ടങ്ങളായിരുന്നു വിഷയം. കാഞ്ഞങ്ങാട് ദുർഗ്ഗ സ്ക്കൂൾ ഗ്രൗണ്ടിലും തൃക്കരിപ്പൂരിൽ കാലിക്കടവ് സ്റ്റേഡിയത്തിലും ജനങ്ങൾ നിറഞ്ഞു കവിഞ്ഞു.
ഓരോ മണ്ഡലത്തിലും പരാതി സ്വീകരിക്കാൻ നിരവധി കൗണ്ടറുകൾ . സ്വീകരിക്കുന്ന മുഴുവൻ പരാതികളും പരിശോധിച്ചു നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. തങ്ങൾ സ്വീകരിക്കുന്നതു പോലെ തന്നെയാണ് ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കുന്നത്. തങ്ങൾ നിർദ്ദേശിച്ചാലും പരാതികൾ പരിഹരിക്കാനുള്ള നിർവഹണം ഇതേ ഉദ്യോഗസ്ഥന്മാരിൽ തന്നെയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പരാതികൾ : മഞ്ചേശ്വരം -1908,കാസർകോട് -3450.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |