ഗവർണറുടെ ഓഫീസിനും കേന്ദ്രത്തിനും നോട്ടീസ്
മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ടെത്തണമെന്നില്ല
ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക് 15ൽപ്പരം തവണ വിശദീകരണം നൽകിയിട്ടുണ്ടെന്ന വാദവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഭരണഘടനയുടെ അനുച്ഛേദം 167 പ്രകാരം ഭരണ, നിയമനിർമ്മാണ വിവരങ്ങൾ മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരിക്കണം. ഇത് ലംഘിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ അധിക സത്യവാങ്മൂലമായി ഇന്നലെ സമർപ്പിക്കുകയായിരുന്നു.
പിണറായി വിജയൻ നേരിട്ടെത്തി വിശദീകരിച്ചാലേ ബില്ലുകളിൽ ഒപ്പിടൂവെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. നേരിട്ടെത്തണമെന്ന് 167-ാം അനുച്ഛേദം പറയുന്നില്ല. ഇതാണ് സർക്കാരിന്റെ പിടിവള്ളി. 167-ാം അനുച്ഛേദം ഗവർണറും കേന്ദ്രവും ആയുധമാക്കുമെന്ന് മുൻകൂട്ടി കണ്ടാണ് നീക്കം.
ഇന്നലെ സർക്കാരിന്റെ ഹർജി പരിഗണിച്ചപ്പോഴാണ് ആശയവിനിമയം നടത്തിയതിന്റെ വിശദാംശം മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ സമർപ്പിച്ചത്.
അതേസമയം, എട്ട് ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന ഹർജിയിൽ ഗവർണറുടെ അഡിഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. അതിനകം മറുപടി സമർപ്പിക്കണം. കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലോ, സോളിസിറ്റർ ജനറലോ എത്തണം.
മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തണമെന്നില്ലെങ്കിലും ഗവർണർ ശാഠ്യംപിടിച്ചാൽ വഴങ്ങുന്നതിൽ തെറ്റില്ലെന്നാണ് ഒരുവിഭാഗം നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. ഭരണം സുഗമമാവാൻ സർക്കാരും ഗവർണറും സമവായത്തോടെ നീങ്ങണമെന്ന് പലതലവണ സുപ്രീംകോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സുപ്രീംകോടതി എന്തു നിലപാടെടുക്കും എന്നതിലാണ് ആകാംക്ഷ.
ഗവർണർ ഉത്തരവാദിത്വം
മറക്കുന്നെന്ന് സർക്കാർ
നിയമ നിർമ്മാണസഭയുടെ ഭാഗമാണ് താനെന്ന കാര്യം ഗവർണർ മറക്കുന്നു
മൂന്ന് ഓർഡിനൻസുകളിൽ ഒപ്പിട്ടെങ്കിലും ബില്ലായപ്പോൾ അംഗീകരിക്കുന്നില്ല
മൂന്ന് ബില്ലുകളിൽ രണ്ടുവർഷത്തിലേറെയായി ഗവർണർ അടയിരിക്കുന്നു
- മന്ത്രിസഭാതീരുമാനങ്ങളും സഭയിൽ നിയമ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങളും ഗവർണറെ മുഖ്യമന്ത്രി അറിയിച്ചിരിക്കണമെന്ന് ആർട്ടിക്കിൾ 167ൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രി നേരിട്ടെത്തി അറിയിക്കണമെന്ന് നിഷ്‌കർഷിക്കുന്നില്ല. രേഖാമൂലമോ പ്രതിനിധി മുഖേനയോ നേരിട്ടോ ആവാം.
- പി.ഡി.ടി ആചാരി
(മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ)
തമിഴ്നാട്ടിൽ തീരുമാനം
ഡിസം. ഒന്നിനകം വേണം
ബില്ലുകളിൽ മൂന്നുവർഷം എന്തുചെയ്യുകയായിരുന്നെന്ന് തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിക്ക് സൂപ്രീംകോടതിയുടെ രൂക്ഷവിമർശനം. കോടതി നോട്ടീസ് അയയ്ക്കും വരെ എന്തിന് കാത്തിരുന്നെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെ ചോദിച്ചു. 2020 ജനുവരി മുതൽ ബില്ലുകൾ ഗവർണറുടെ പരിഗണനയിലായിരുന്നു. തമിഴ്നാട് സഭ ശനിയാഴ്ച വീണ്ടും പാസാക്കി തിരിച്ചയച്ച 10 ബില്ലുകളിൽ തീരുമാനത്തിനായി ഡിസംബർ ഒന്ന് വരെ കാത്തിരിക്കും.
പ്രോസിക്യൂഷന് അനുമതി
സി.ബി.ഐ അന്വേഷിക്കുന്ന ഗുഡ്ക അഴിമതിക്കേസിൽ എ.ഐ.എ.ഡി.എം.കെ മുൻമന്ത്രി ഡോ. സി. വിജയഭാസ്കർ, ബി.വി. രമണ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ തമിഴ്നാട് ഗവർണർ അനുമതി നൽകി. കഴിഞ്ഞ 13നാണിതെന്ന് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ വ്യക്തമാക്കി. 2022 സെപ്തംബറിലാണ് ഫയൽ ഗവർണർക്ക് കൈമാറിയിരുന്നത്. നിരോധനമുണ്ടായിട്ടും ഗുഡ്ക വില്പനയ്ക്ക് ഒത്താശ ചെയ്തെന്നും, കോഴ വാങ്ങിയെന്നുമാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |