വ്യവസായ പ്രമുഖനും മുൻ എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി ചെയർമാനുമായിരുന്ന ജി. രമേശൻ കോൺട്രാക്ടർ ഓർമ്മയായിട്ട് നാളെ (നവംബർ 22) ഒൻപതു വർഷം തികയുന്നു
അവസരങ്ങൾ എല്ലാവരുടെയും തലയ്ക്കു മുകളിലൂടെ കടന്നുപോകാറുണ്ട്. അവസരോചിതമായി അവയെ എത്തിപ്പിടിക്കാൻ കഴിവുള്ളവരാണ് ഭാഗ്യവാന്മാർ. അത്തരത്തിൽ ക്ഷമയും പ്രായോഗിക ബുദ്ധിയും കരുപ്പിടിപ്പിക്കുകയും അശ്രാന്ത പരിശ്രമത്തിലൂടെ ജീവിതം ധന്യമാക്കുകയും ചെയ്ത അപൂർവ്വ വ്യക്തിത്വത്തിനുടമയായിരുന്നു ജി. രമേശൻ കോൺട്രാക്ടർ. കേവലം നിർദ്ധനാവസ്ഥയിൽ നിന്നുയർന്ന് കരാർ മേഖലയിലും ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കർമ്മശ്രേഷ്ഠൻ. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിജയത്തിന് നിദാനമായ മറ്റൊന്ന് തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ഈശ്വരൻ മാത്രമാണെന്ന ഉറച്ച വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ, നേട്ടങ്ങളിൽ അമിതമായി ആഹ്ളാദിക്കുകയോ കോട്ടങ്ങളിൽ അമ്പേ പതറിപ്പോവുകയോ ചെയ്യുന്നതായിരുന്നില്ല, ആ മനസ്സ്.
ചരിത്രപരമായ കാരണങ്ങളാൽ അധഃസ്ഥിത വിഭാഗക്കാർ വിദ്യാഭ്യാസം, കല, സംസ്കാരം, വ്യവസായം എന്നിങ്ങനെ എല്ലാ മേഖലകളിൽനിന്നും അകറ്റിനിറുത്തപ്പെട്ടിരുന്ന കാലം. എന്നാൽ അതിനു വഴിവച്ച ജാതി വ്യവസ്ഥയോടു പൊരുതി,പ്രതിസന്ധികളെ ധീരമായി അതിജീവിച്ച് ജീവിതം സഫലമാക്കിയ ചിലരുണ്ട്. അക്കൂട്ടത്തിൽ കരാർ രംഗത്തും വ്യവസായ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരിൽ പ്രധാനിയായിരുന്നു ജി. രമേശൻ കോൺട്രാക്ടർ.
മനുഷ്യസാധാരണമായ കഴിവുകൾകൊണ്ട് എത്ര ഭാരിച്ച ഉത്തരവാദിത്വവും ഏറ്റെടുത്ത് വിജയപഥത്തിലെത്തിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യം ശ്രദ്ധേയമാണ്. കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധത, പരിപക്വമായ ക്ഷമ, യോജ്യസമയത്ത് ഉചിതമായ രീതിയിൽ പ്രവർത്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവ്, വിനയപൂർവമുള്ള പെരുമാറ്റം... ഇതെല്ലാമായിരുന്നു സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത.
ബിസിനസ് രംഗത്തും കരാർ മേഖലകളിലും ഉന്നത നിലവാരം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ജീവിതരീതികളും അത്തരത്തിലായിരുന്നു. ഏതു കാര്യത്തിലും വ്യക്തമായ നിലപാടുകൾ കൈക്കൊണ്ട അദ്ദേഹത്തിന് ഒട്ടനവധി ജീവിതപരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ കഷ്ടപ്പാടുകൾ മൂലധനമായും ആപത്തിൽ സഹായിച്ചവരെ വഴികാട്ടികളായും കരുതിപ്പോന്ന അദ്ദേഹത്തിന്റെ ജീവിതം തികച്ചും ധന്യമായിരുന്നു. നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ രസതന്ത്രമറിയാമായിരുന്ന അദ്ദേഹം കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുമായും ഉറ്റ സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു.
വ്യവസായം അദ്ദേഹത്തിന്റെ ജീവവായുവും ജീവനോപാധിയുമായിരുന്നു. എന്നാൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത് നേടുന്ന പണം കൊണ്ടുമാത്രം സംതൃപ്തി നേടാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അസന്തുലിതമായ സാമൂഹ്യ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വളർന്ന ജി. രമേശൻ കോൺട്രാക്ടർ, ശ്രീനാരായണ ദർശനം പൂർണമായും ഉൾക്കൊണ്ടു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായിരുന്ന അദ്ദേഹം വളരെക്കാലം ചെമ്പഴന്തി എസ്.എൻ കോളേജ് ആർ.ഡി.സി ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ രൂപീകരിച്ച മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റിയിലും അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രായോഗിക നിർദ്ദേശങ്ങൾ പലതും സർക്കാർ അംഗീകരിച്ചിരുന്നു.
1931 മാർച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ പുരാതനമായ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റെ മകനായി ജനിച്ചു. ആനയറ കാട്ടിൽ വീട്ടിൽ ദേവകിയായിരുന്നു മാതാവ്. ഗോവിന്ദന്റെ പിതാവ് വേലായുധൻ പേരെടുത്തൊരു ഗവൺമെന്റ് കോൺട്രാക്ടർ ആയിരുന്നു. ആ പാരമ്പര്യത്തിൽ നിന്നാണ് രമേശനും തന്റെ കർമ്മമണ്ഡലം തിരഞ്ഞെടുത്തത്.
ഒന്നിനുപിറകെ ഒന്നായി സർക്കാരിൽ നിന്ന് ഏറ്റെടുത്ത പണികളെല്ലാം കൃത്യമായും ലാഭകരമായും ചെയ്തുതീർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വൻകിട പ്രോജക്ടുകൾ യഥാസമയം ചെയ്തുതീർത്തതിന് സ്വർണ്ണപ്പതക്കം ഉൾപ്പെടെ സർക്കാരിൽ നിന്ന് പാരിതോഷികങ്ങൾ നേടി.
ജഗതി വെർണാക്കുലർ (ഇന്നത്തെ ജഗതി യു.പി.എസ്) സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ ജയിച്ചു. പിൽക്കാലത്ത് സ്വപ്രയത്നം കൊണ്ട് ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പഠിച്ചു. നിരന്തര വായനയിലൂടെ കിട്ടാവുന്നത്ര അറിവുനേടാൻ അദ്ദേഹം എന്നും ശ്രമിച്ചു. ക്ളേശിച്ചും എതിർപ്പുകളോട് എതിരിട്ടും വളർന്നതുകൊണ്ട് അദ്ദേഹത്തിന്റെ അപാരമായ ആത്മവിശ്വാസം എല്ലാ കാര്യങ്ങളിലും പ്രതിഫലിച്ചിരുന്നു. സ്വതേ ഗൗരവക്കാരനായ അദ്ദേഹം നല്ലൊരു സഹൃദയൻ കൂടിയായിരുന്നു. വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമായ ഭാഗീരഥി - രാമകൃഷ്ണൻ ദമ്പതികളുടെ മകൾ ഇന്ദിരാദേവിയാണ് ഭാര്യ. ഈ ദമ്പതികൾക്ക് രണ്ടു പുത്രിമാരും രണ്ട് പുത്രന്മാരും.
ഒരുകാലത്ത് അധഃസ്ഥിത വിഭാഗക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കോട്ടയ്ക്കകത്ത് ശ്രീപദ്മനാഭന്റെ തിരുസന്നിധിയിൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിൽനിന്ന് വിലയ്ക്കുവാങ്ങിയ രണ്ടേക്കർ ഭൂമിയിലാണ് അദ്ദേഹത്തിന്റെ വിപുലമായ സ്ഥാപനങ്ങളുടെയെല്ലാം ആസ്ഥാനം. വ്യാവസായിക - കരാർ മേഖലകളി നിന്നു സമ്പാദിച്ച പണം മുഴുവനും പരോക്ഷമായി അനന്തപുരിയുടെ വികസനത്തിനാണ് ജി. രമേശൻ കോൺട്രാക്ടർ വിനിയോഗിച്ചത്. രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ബിസിനസ് ലോകത്തിന്, ഇളയ മകനും പ്രമുഖ വ്യവസായിയുമായ
ഡോ. ബിജു രമേശ് ആണ് സാരഥ്യം വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |