SignIn
Kerala Kaumudi Online
Thursday, 17 September 2026 8.43 PM IST

കരുവന്നൂർ: മൊയ്തീനും കണ്ണനുമെതിരെ സാക്ഷിമൊഴിയുണ്ടെന്ന് ഇ.ഡി

karuvannur

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതി പി. സതീഷ് കുമാർ മുൻമന്ത്രി എ.സി. മൊയ്‌തീൻ എം.എൽ.എ, സി.പി.എം നേതാവ് എം.കെ. കണ്ണൻ എന്നിവരുൾപ്പെടെ രാഷ്‌ട്രീയ നേതാക്കളുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയാണെന്ന് കേസിലെ മുഖ്യസാക്ഷി കെ.എ. ജിജോറിന്റെ മൊഴിയുണ്ടെന്ന് ഇ.ഡി. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ ജാമ്യഹർജിയെ എതിർത്തുള്ള വാദത്തിനിടെയാണ് ഇ.ഡി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സാക്ഷിമൊഴിയുടെ പ്രസക്തഭാഗങ്ങൾ വായിക്കുകയും ചെയ്തു.

തൃശൂരിലെ കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, വ്യാപാരി സംഘടനാ നേതാവ് ബിന്നി ഇമ്മട്ടി തുടങ്ങിയവരുടെയും ബിനാമിപ്പണം സതീഷ് കുമാറിന്റെ പക്കലുണ്ടെന്ന് ജിജോറിന്റെ മൊഴിയുണ്ട്. ഇവരിൽ നിന്ന് നൂറുരൂപയ്ക്ക് മൂന്നുരൂപ പലിശ നിരക്കിൽ പണം വാങ്ങിയ സതീഷ്‌കുമാർ നൂറുരൂപയ്ക്ക് പത്തുരൂപ നിരക്കിലാണ് പലിശയ്ക്കു നൽകിയിരുന്നത്. സതീഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകൾക്ക് ഒരു മുൻ ഡി.ഐ.ജി ഇടനിലക്കാരനായും തർക്കങ്ങളിൽ മദ്ധ്യസ്ഥനായും നിന്ന് കമ്മിഷൻ വാങ്ങിയെന്നും ജിജോറിന്റെ മൊഴിയിലുണ്ട്. ഇതിനെ സാധൂകരിച്ച് രണ്ടു പ്രതികൾ നൽകിയ മൊഴികൾ ഇ.ഡി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. ഈ പ്രതികളെ മാപ്പുസാക്ഷിയാക്കാനുള്ള നിയമോപദേശം ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.

സാക്ഷിമൊഴികൾക്കപ്പുറം എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ തുടങ്ങിയവർക്കെതിരെ ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്ന് പ്രതിഭാഗം വാദിക്കുന്നു. ഹർജി നവംബർ 27നു വീണ്ടും പരിഗണിക്കാൻ മാറ്റി. സതീഷ് കുമാറിനു പുറമേ സി.പി.എമ്മിന്റെ പ്രാദേശിക നേതാവായ പി.ആർ. അരവിന്ദാക്ഷൻ, മുൻ ബാങ്ക് അക്കൗണ്ടന്റ് സി.കെ. ജിൽസ്, ഇടനിലക്കാരൻ പി.പി കിരൺ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കേസിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകുമെന്നും ഇ.ഡി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUVANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA