വിവരങ്ങൾ ചോരുന്നത് വലിയ തോതിൽ ആശങ്ക പരത്തുന്ന വിഷയമാണ്. ഇന്ത്യയിലെ 81.5 കോടി ജനങ്ങളുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തി ഇന്റർനെറ്റ് അധോലോകമായ ഡാർക്ക് വെബ് വില്‌പനയ്ക്കു വച്ചിരിക്കുകയാണെന്ന വാർത്ത ഞെട്ടലുളവാക്കുന്നു. ഇതുകൂടാതെ ലക്ഷക്കണക്കിന് എ.ടി.എം കാർഡ് വിവരങ്ങളും ഡാർക്ക് വെബിലുണ്ട്. ഇത്തരം വിവര ചോർച്ചകൾ ഏതെല്ലാം രീതിയിൽ നമ്മെ ബാധിക്കുമെന്ന് പറയാനാകില്ല. ബാങ്കിൽ കിടക്കുന്ന പണം പോലും ഇങ്ങനെ വിവരങ്ങൾ ചോർന്നാൽ സുരക്ഷിതമല്ല എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കൃത്രിമ ബുദ്ധിയുടെ ദുരുപയോഗം കൂടിയാകുമ്പോൾ വിശ്വസനീയമായി എന്തും അവതരിപ്പിക്കാൻ തട്ടിപ്പുകാർക്ക് കഴിയും.
ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ സംവിധാനം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഡീപ് ഫേക്കുകൾ. ഇവയുടെ ദുരുപയോഗം വർദ്ധിച്ചിരിക്കുന്നതിനാൽ പൗരന്മാരും മാദ്ധ്യമങ്ങളും ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി സ്‌ത്രീകൾക്കൊപ്പം ഗർബ കളിക്കുന്നതായി ചിത്രീകരിച്ച ഡീപ് ഫേക്ക് വീഡിയോയാണ് പ്രചരിച്ചത്. ഇതു കണ്ടാൽ വളരെ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുമെങ്കിലും താൻ ചെറുപ്പത്തിൽപ്പോലും ഇത്തരം ഡാൻസ് കളിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡീപ് ഫേക്കുകളെയും വിവര ചോർച്ചയെയും എങ്ങനെ നേരിടണമെന്നതിൽ വിദഗ്ദ്ധരുടെ കൂട്ടായ്‌മ വിശദമായ ചർച്ചകൾ നടത്തി പരിഹാരങ്ങൾ നിർദ്ദേശിക്കേണ്ടതാണ്. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും ഇത്തരം തട്ടിപ്പ് നടത്തുന്നവർക്ക് നിഷ്‌പ്രയാസം കഴിയും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇത് വൻതോതിലുള്ള വെല്ലുവിളികൾ ഉയർത്താം. യഥാർത്ഥത്തിലുള്ളതും വ്യാജനും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ വരുന്നതാണ് ഏറ്റവും വലിയ ഭീഷണിയും പ്രശ്നവുമാകുന്നത്. സെലിബ്രിറ്റികളുടെയും മറ്റും നഗ്‌നവീഡിയോകളും മറ്റും പ്രചരിപ്പിക്കുന്ന നിരവധി പേർ അറസ്റ്റിലായിട്ടുണ്ടെങ്കിലും ഇതുയർത്തുന്ന ഭീഷണി അടങ്ങിയിട്ടില്ല.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ ഡേറ്റാ ബേസിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ ചോർത്തപ്പെട്ടതാണ് ഏറെ ആശങ്ക ഉളവാക്കിയിരിക്കുന്നത്. പേരും മേൽവിലാസവും ഫോൺനമ്പരും ആധാറും പാസ്‌പോർട്ട് വിവരങ്ങളും 65 ലക്ഷം രൂപയ്ക്കാണ് ഒരു ഹാക്കർ ഡാർക്ക് വെബിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ജാർഖണ്ഡിലെ ആയുഷ് മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് മൂന്നര ലക്ഷം രോഗികളുടെ വിവരങ്ങളും വില്പനയ്ക്കു വച്ചിട്ടുണ്ട്. ഇവ വാങ്ങുന്നവർക്ക് വ്യക്തിവിവരങ്ങൾ ആൾമാറാട്ടത്തിന് ഉപയോഗിക്കാമെന്നതിനാൽ വാങ്ങാനും തട്ടിപ്പുകാരുണ്ടാകും. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഇടുന്നതുപോലും കെണിയായി മാറില്ലെന്ന് പറയാനാവില്ല. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ അതേ ടെക്നോളജി ഉപയോഗിച്ച് തന്നെ തടയാനും കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പിടിക്കാനുമുള്ള വിപുലമായ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് ഒരു പുതിയ കേന്ദ്ര അന്വേഷണ ഏജൻസി രൂപീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണ്. കാരണം അത്രമാത്രം അപകടകരമാണ് വിവര ചോർച്ചയും മറ്റും ഉയർത്തുന്ന ഭീഷണികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |