സംസ്ഥാനത്ത് എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്താമെന്ന പ്രവേശന പരീക്ഷാ കമ്മിഷണറുടെ നിർദ്ദേശം സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണ്. അടുത്ത പരീക്ഷയ്ക്കു തന്നെ ഇത് പ്രയോഗത്തിൽ വരുത്തുമെന്നാണ് അറിയുന്നത്. വിദ്യാർത്ഥികൾക്കും പരീക്ഷാ നടത്തിപ്പുകാർക്കുമൊക്കെ ഗുണകരമായ ഈ നിർദ്ദേശം വച്ചു താമസിപ്പിക്കേണ്ട കാര്യമില്ല. പത്തുപന്ത്രണ്ടുലക്ഷം പേർ എഴുതുന്ന അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ ഓൺലൈനായി ആക്ഷേപരഹിതമായി നടത്താനാവുമെങ്കിൽ കഷ്ടിച്ച് ഒരുലക്ഷം പേർ മാത്രം എഴുതുന്ന ഇവിടത്തെ എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്കും ആ മാർഗം സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല.
സാങ്കേതികരംഗം ഏറെ പുരോഗമിച്ചു കഴിഞ്ഞ ഇക്കാലത്ത് ഇതൊന്നും വലിയ പ്രശ്നമായി കാണേണ്ടതില്ല. സൗകര്യമാണ് ഏറ്റവും പ്രധാനം. മുന്നൂറു മാർക്കിനുള്ള ഒറ്റ പരീക്ഷയാണ് പ്രവേശന പരീക്ഷാ കമ്മിഷണർ നിർദ്ദേശിച്ചിരിക്കുന്നത്. ഒറ്റഘട്ടമായി നടത്താനാവശ്യമായ ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഘട്ടം ഘട്ടമായി നടത്താനാണ് ആലോചന. 'നീറ്റ്" പരീക്ഷ ഇന്ത്യയിലുടനീളം ഒറ്റദിവസം നടത്താമെങ്കിൽ ഇവിടെ എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്കും അതാകാം. അതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയാൽ മതിയാകും. സിനിമാ തിയേറ്ററിൽ ആളെ കയറ്റും പോലെ നിരവധി ഷോകളുടെ ആവശ്യമില്ല.
പരീക്ഷ നടത്താനും ഫലം പ്രഖ്യാപിച്ച് പ്രവേശന നടപടികൾ തുടങ്ങാനും നിലവിൽ രണ്ടുമൂന്നു മാസം വേണ്ടിവരുന്നുണ്ട്. പരീക്ഷയും ഫലപ്രഖ്യാപനവും ഏറ്റവും വേഗം നടത്താൻ കഴിയുമെന്നതാണ് ഓൺലൈൻ പരീക്ഷയുടെ ഏറ്റവും വലിയ മെച്ചം. റാങ്ക് പട്ടിക പുറത്തിറക്കാൻ ഒരാഴ്ചതന്നെ ധാരാളം. ഫലം നേരത്തെയായാൽ പ്രവേശന നടപടികൾക്കും കാലതാമസമുണ്ടാകില്ല. കുട്ടികൾക്ക് തങ്ങൾക്കനുയോജ്യമായ ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാൻ സാവകാശവും ലഭിക്കും. ഇപ്പോൾ മേയ് മാസം തുടങ്ങുന്ന എൻജിനിയറിംഗ് പ്രവേശന നടപടികൾ അവസാനിക്കുന്നത് ഒക്ടോബർ അവസാനമാണ്. ആദ്യ രണ്ടുമാസം പരീക്ഷയ്ക്കും ഫലപ്രസിദ്ധീകരണത്തിനുമായി പോകും. പ്രവേശന നടപടികളിലുമുണ്ട് അനാവശ്യ കുരുക്കുകളും കാലതാമസവും. പരീക്ഷ ഓൺലൈനാക്കുന്നതുപോലെ ഇത്തരം കാര്യങ്ങളും സുഗമമായി നടത്താനുള്ള ഏർപ്പാടുണ്ടാകണം.
അഖിലേന്ത്യാ മത്സര പരീക്ഷകളെല്ലാം ഇപ്പോൾ ഓൺലൈനിലാണ്. കൊവിഡ് കാലത്ത് രാജ്യമൊട്ടാകെ പഠനം പോലും ഓൺലൈനിലേക്കു മാറിയിരുന്നു. ഒന്നാം ക്ളാസ് വിദ്യാർത്ഥികൾക്കുപോലും ഇത്തരം കാര്യങ്ങളിൽ ഇന്ന് പരിജ്ഞാനമുണ്ട്. കേരളത്തിൽ അനവധി പേർ എഴുതുന്ന ചില പരീക്ഷകൾ ഓൺലൈൻ വഴിയാണ്. എൽഎൽ.ബി, എം.ബി.എ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. പരീക്ഷകൾ മാത്രമല്ല, ജോലിക്കു വേണ്ടിയുള്ള ഇന്റർവ്യൂ ഉൾപ്പെടെ അനവധി കാര്യങ്ങൾക്ക് ഓൺലൈൻ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. പല സംസ്ഥാനങ്ങളും പ്രവേശന പരീക്ഷകളെല്ലാം തന്നെ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കിക്കഴിഞ്ഞു. കേരളം അഭ്യസ്തവിദ്യരുടെ നാടായിട്ടും ഇത്തരം പരിഷ്കാരം ഏറ്റവും അവസാനം നടപ്പാകുന്നത് ഇവിടെയാണ്. കമ്പ്യൂട്ടറിനോടുള്ള പഴയ അലർജി ഇപ്പോഴില്ലെങ്കിലും മാറ്റങ്ങൾ വളരെ മന്ദഗതിയിലാണ് പല മേഖലകളിലും കടന്നെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |