തിരുവനന്തപുരം: ശബരി റെയിൽപാതയ്ക്കുവേണ്ടി കേരളം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കെ, പദ്ധതിക്കുള്ള 3800.93 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന് അയയ്ക്കാതെ ദക്ഷിണറെയിൽവേ പൂഴ്ത്തി. ബോർഡ് അംഗീകരിച്ചാലേ 2019ൽ മരവിപ്പിച്ച പദ്ധതിക്ക് വീണ്ടും അനക്കംവയ്ക്കൂ. ശബരിപാതയ്ക്കു പകരം ചെങ്ങന്നൂർ-പമ്പ എലിവേറ്റഡ് പാത നടപ്പാക്കുന്നതിനാണ് റെയിൽവേയ്ക്ക് താത്പര്യമെന്നും അതിനാലാണ് പൂഴ്ത്തിയതെന്നുമാണ് ആക്ഷേപം.
ചെങ്ങന്നൂർ-പമ്പ പാതയുടെ സർവേ നടക്കുകയാണെന്നും രണ്ടുപദ്ധതികളും താരതമ്യം ചെയ്തശേഷം അന്തിമ തീരുമാനമെടുക്കാമെന്നുമാണ് ദക്ഷിണറെയിൽവേയുടെ നിലപാട്. വനത്തിലൂടെയാണ് ചെങ്ങന്നൂർ-പമ്പ പാത കടന്നുപോകുന്നത് എന്നതിനാൽ അനുമതി കിട്ടാൻ പ്രയാസമാണെന്നിരിക്കെയാണ് ഇത്. അങ്കമാലി മുതൽ എരുമേലിവരെയാണ് ശബരിപാത.
കഴിഞ്ഞ ജൂണിലാണ് ശബരിപാതയുടെ എസ്റ്റിമേറ്ര് പുതുക്കിയത്. ഇത് ദക്ഷിണ റെയിൽവേ അക്കൗണ്ട്സ് വിഭാഗം അംഗീകരിച്ചിരുന്നു. ശബരിപാതയ്ക്കുള്ള ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്ന് 2021ൽ കേന്ദ്രത്തെ അറിയിച്ചിരുന്നു. എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന് കൈമാറാത്തതിനാൽ തുടർനടപടികൾ തടസപ്പെട്ടു. അനുമതി നീളുന്നതിനാൽ ചെലവ് കണക്കാക്കി ഓരോവർഷവും എസ്റ്റിമേറ്റ് പുതുക്കേണ്ടിവരുന്നു.
റെയിൽവേയുടെ പിങ്ക്ബുക്കിലും കേന്ദ്ര ഗതിശക്തി മിഷനിലുമുൾപ്പെട്ടതാണ് ശബരിപാത. കേന്ദ്രബഡ്ജറ്റിൽ വിഹിതമുണ്ടെങ്കിലും പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കിയിട്ടില്ല. ശബരിപാതയ്ക്കായി അങ്കമാലി മുതൽ കാലടിവരെ 7കി.മീറ്റർ റെയിൽപാതയും പെരിയാറിൽ മേൽപ്പാലവും നിർമ്മിച്ചു. കാലടി-എരുമേലി 104 കി.മീറ്ററിൽ പാത നിർമ്മിക്കാനുണ്ട്.
ശബരിപാത എസ്റ്റിമേറ്ര്
(തുക കോടിയിൽ)
1997..............517
2017.............2815
2020.............3347
2022.............3421
2023.............3800
ശബരിപാത 3 ജില്ലകൾക്ക് ഗുണം മലയോര ജില്ലകളിൽ ട്രെയിൻ യാത്രാസൗകര്യം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ വികസിക്കും ടൂറിസത്തിനും ചരക്കുനീക്കത്തിനും ഗുണകരം പുനലൂരിലേക്കും തിരുവനന്തപുരത്തേക്കും നീട്ടാനാകും പുനലൂർ വരെയായാൽ തമിഴ്നാട്ടിലേക്ക് കണക്ടിവിറ്റി ചെങ്ങന്നൂർ- പമ്പ പാത 60 കി.മീറ്റർ ദൈർഘ്യം, പാത തൂണുകൾക്ക് മുകളിൽ 45 മിനിറ്രുകൊണ്ട് പമ്പയിലെത്താം പ്രതീക്ഷിത ചെലവ് 13,000 കോടി
''പ്രതിവർഷം ശബരിമലയിലെത്തുന്ന അഞ്ചുകോടി തീർത്ഥാടകർക്ക് കൂടുതൽ ഗതാഗതസൗകര്യം വേണം. വിനോദസഞ്ചാര, വ്യാവസായിക മേഖലയിലെ മുന്നേറ്റത്തിനും ശബരിപാത ഗുണകരം.
-മുഖ്യമന്ത്രി പിണറായി വിജയൻ
(നിയമസഭയിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |