സംഘടിച്ച് ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുദേവന്റെ ഉദ്ബോധനം ഉൾക്കൊണ്ട്
മഹാനായ ആർ. ശങ്കർ സ്ഥാപിച്ച ശ്രീനാരായണ ട്രസ്റ്റിന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമാണ് കഴിഞ്ഞ കാൽ നൂറ്റാണ്ട്. ട്രസ്റ്റിനും ഗുരുദേവന്റെ ഭൗതികസൃഷ്ടിയായ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിനും ഇക്കാലയളവിലുടനീളം സാരഥ്യം വഹിച്ച് ചരിത്രം സൃഷ്ടിച്ച വെള്ളാപ്പള്ളി നടേശന് ഇത് ഗുരുദേവ നിയോഗം ശിരസാ
വരിച്ചതിന്റെ ധന്യവേളയാണ്. എസ്.എൻ ട്രസ്റ്റിന്റെ അമരക്കാരനായി തുടർച്ചയായ പത്താം തവണയും എതിരില്ലാതെ
തിരഞ്ഞെടുക്കപ്പട്ട അദ്ദേഹം അജയ്യനായ പോരാളിയും അനിഷേദ്ധ്യനായ തേരളിയുമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
ശ്രീനാരായണ ട്രസ്റ്റിന്റെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു തൊണ്ണൂറുകളിലെ റിസീവർ ഭരണം. നേതൃത്വത്തിലെ പരസ്പര വിദ്വേഷവും അധികാരമോഹങ്ങളും ട്രസ്റ്റിനും സമുദായത്തിനും സമ്മാനിച്ചത് അപമാനത്തിന്റെയും അവഗണനകളുടെയും നാളുകളായിരുന്നു. റിസീവർ ഭരണത്തിൽ നിന്നും കോടതി നടപടികളിൽ നിന്നും ശ്രീനാരായണ ട്രസ്റ്റിനെ മോചിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് അന്ന് പ്രമുഖ വ്യവസായിയും കോൺട്രാക്ടറുമായിരുന്ന വെള്ളാപ്പള്ളി നടേശനാണ്. 1996-ലെ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ സമവായ സ്ഥാനാർത്ഥിയായ അദ്ദേഹം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വൈകാതെ, ശിവഗിരി മഠാധിപധിയായിരുന്ന ശാശ്വതികാനന്ദ സ്വാമികളുടെ നിർബന്ധത്തിനു വഴങ്ങി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തി.
വ്യവസായ സാമ്രാജ്യത്തിൽ നിന്ന് ശ്രീനാരായണ പ്രസ്ഥാനത്തിലേക്ക് എത്തിപ്പെട്ടപ്പോൾ പരിഹസിച്ചവരും നെറ്റി ചുളിച്ചവരും ഏറെയായിരുന്നു. നേതൃപാടവവും സംഘടനാശേഷിയും കർമ്മധീരതയും കൈമുതലാക്കി വെള്ളാപ്പള്ളി നടത്തിയ അടിപതറാത്ത അവകാശ പോരാട്ടങ്ങൾക്കു മുന്നിൽ എതിർപ്പുകൾ നിഷ്പ്രഭമായി. സമുദായം മാത്രമല്ല, അധികാരി വർഗ്ഗവും ആ വാക്കുകൾക്ക് കാതോർത്തു. പിന്നീട് കേരളം കണ്ടത് എസ്.എൻ.ഡി.പി യോഗത്തിൽ അജയ്യമായ സംഘടിത ശക്തിയുടെയും എസ്.എൻ ട്രസ്റ്റിൽ വിദ്യാഭ്യാസ വിപ്ളവത്തിന്റെയും ഘോഷയാത്രകളാണ്. ട്രസ്റ്റിന്റെ സാരഥ്യത്തിൽ തുടർച്ചയായ 28 വർഷവും യോഗ സാരഥ്യത്തിൽ 27 വർഷവും പൂർത്തിയാക്കി, വെള്ളാപ്പള്ളി.
കൊല്ലത്ത് എസ്.എൻ കോളേജ് സ്ഥാപിക്കുന്നതിന്റെ ധനശേഖരണാർത്ഥം ആർ. ശങ്കർ കണിച്ചുകുളങ്ങരയിലെത്തി
വെള്ളാപ്പള്ളി തറവാട്ടിലെ കാരണവരെ കണ്ടു. ഉൽപന്ന പിരിവിന് നിയോഗിക്കപ്പെട്ടവർക്കൊപ്പം വള്ളിനിക്കറും തൊപ്പിയും ധരിച്ച ഒരു ബാലനായി അന്ന് താനും ചേർന്ന കഥ വെള്ളാപ്പള്ളി തന്നെ പറയാറുണ്ട്. ആ ബാലൻ പിന്നീട് ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയായി. സെക്രട്ടറിയായി വെള്ളാപ്പള്ളി ചുമതലയേൽക്കുമ്പോൾ അമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ട്രസ്റ്റിനുണ്ടായിരുന്നത്. ഇപ്പോഴത് 143 സ്ഥാപനങ്ങളായി. 16 എയ്ഡഡ് കോളേജുകൾ, 13 സ്വാശ്രയ കോളേജുകൾ, 17 ഹയർ സെക്കൻഡറി സ്കൂളുകൾ, ലാ കോളേജ്,നഴ്സിംഗ് കോളേജ്, പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്.... യോഗത്തിന്റെ നിയന്ത്രണത്തിൽ ഏഴ് പുതിയ കോളേജുകളും പതിനൊന്ന് ഹയർ സെക്കൻഡറി സ്കൂളുകളുമുണ്ട്. എസ്.എൻ ട്രസ്റ്റിന് കോളേജ് സ്ഥാപിക്കാൻ ആർ.ശങ്കർ അന്നത്തെ സർക്കാരിൽ നിന്ന് ദീർഘകാല പാട്ടമായി നേടിയെടുത്ത 27 ഏക്കർ ഭൂമി പ്രതിബന്ധങ്ങൾ തരണം ചെയ്ത് പതിച്ചെടുത്തതും വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ്.
സാമൂഹികനീതിക്കും അവശ സമുദായങ്ങളുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി വെള്ളാപ്പള്ളി നടത്തിയത്
സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. ഒഴുക്കിനെതിരെ നീന്തിയും വെല്ലുവിളികളെ നേരിട്ടും മറ്റുള്ളവരുടെ പ്രീതി
നോക്കാതെ പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞുമായിരുന്നു ആ പ്രയാണം. ആ ജൈത്രയാത്ര അനുസ്യൂതം, അഭംഗുരം തുടരാനുള്ള കർമ്മശേഷിയും ആയുരാരോഗ്യവും ഗുരുദേവ നാമത്തിൽ ഞങ്ങൾ നേരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |