SignIn
Kerala Kaumudi Online
Friday, 18 September 2026 9.37 AM IST

സമുദായ നന്മയ്ക്ക് ഒറ്റക്കെട്ടായി നിൽക്കണം: വെള്ളാപ്പള്ളി

vellappally

 പത്താം തവണയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റു

കൊല്ലം: സമുദായത്തിന്റെ വളർച്ചയ്ക്ക് അർഹമായത് നേടിയെടുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുടർച്ചയായി പത്താം തവണ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൊല്ലത്തെ ട്രസ്റ്റിന്റെ ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ശത്രുതാ മനോഭാവം പുലർത്തുന്നവരും തെറ്റ് തിരുത്തി ഒപ്പം വരണം. സമുദായത്തെ തകർക്കാൻ ശ്രമിച്ചവർ തകർന്ന

കാഴ്ചയേ എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും ചരിത്രത്തിലുള്ളു. ഇപ്പോൾ എതിർക്കുന്നവരോടും ചർച്ചയ്ക്ക് തയ്യാറാണ്. ചെറിയ സമുദായങ്ങൾക്ക് പോലും രാഷ്ട്രീയ പാർട്ടികൾ വില കൽപ്പിക്കുന്നു. എന്നാൽ യോഗത്തിനും എസ്.എൻ ട്രസ്റ്റിനും രാഷ്ട്രീയ പാർട്ടികൾ അർഹമായ വില നൽകുന്നില്ല. അതിന്റെ ഉത്തരവാദികൾ നമ്മൾ തന്നെയാണ്. ഏറെ വാങ്ങിയവരാണ് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് വീണ്ടും വീണ്ടും വാങ്ങിയെടുക്കുന്നത്. അവർ ചോദിക്കുന്നതെല്ലാം സർക്കാർ കൊടുക്കുന്നു. ഒന്നും കിട്ടാത്ത നമുക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല. അധികാരത്തിലും രാഷ്ട്രീയത്തിലും ഈഴവർ അന്യം നിൽക്കുന്ന അവസ്ഥയാണ്. സമുദായത്തിന് രാഷ്ട്രീയ - സാമ്പത്തിക - വിദ്യാഭ്യാസ നീതി കിട്ടണം. . സംഘടിക്കുന്നവർക്ക് മാത്രമേ നീതി ലഭിക്കുകയുള്ളൂ.

ശങ്കേഴ്സ് ആശുപത്രിയുടെ വികസനത്തിന് അഞ്ചു കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമം ഒരു വിഭാഗം കോടതിയിൽ കേസ് നൽകി തടസപ്പെടുത്തി. 12 കോടിയോളം രൂപ എസ്.എൻ ട്രസ്റ്റിൽ നിന്ന് കൊടുത്താണ് ആശുപത്രി മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവൻ കൊടുത്തും ശങ്കേഴ്സ് ആശുപത്രി വളർത്തും. ശങ്കേഴ്സ് ആശുപത്രിയെ ഇല്ലാതാക്കി എസ്.എൻ ട്രസ്റ്റിനെയും സമുദായത്തെയും തകർക്കാനുള്ള ശ്രമം നടക്കില്ല. പത്ത് തവണയും താൻ എതിരില്ലാതെയാണ് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിര‌ഞ്ഞെടുക്കപ്പെട്ടത്. ഒരു വിഭാഗം കുപ്രചരണങ്ങളിലൂടെ വേട്ടയാടി. പക്ഷേ കോടതിയും ജന കോടതിയും തന്നെ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.എസ്.എൻ ട്രസ്റ്റ് ചെയർമാനായി ഡോ. എം.എൻ.സോമൻ, അസി. സെക്രട്ടറിയായി തുഷാർ വെള്ളാപ്പള്ളി, ട്രഷററായി ഡോ. ജി.ജയദേവൻ എന്നിവരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു.

ക്ഷണിച്ചാൽ നവകേരള

സദസിൽ പങ്കെടുക്കും

സർക്കാർ ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.. ആവശ്യപ്പെടുന്ന സഹായവും ചെയ്തു നൽകും. പറയാനുള്ളത് പറയും. തങ്ങളുടെ വികസന പദ്ധതികൾ ജനങ്ങളോട് പറഞ്ഞ് മനസിലാക്കുക സർക്കാരിന്റെ ആവശ്യമാണ്. ഭരണപക്ഷത്തെ ഒരു ഘട്ടത്തിലും പ്രതിപക്ഷം അംഗീകരിച്ച ചരിത്രം ഇന്ത്യൻ രാഷ്ട്രീയത്തിലില്ല. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്സലാണ് നവകേരള സദസ്. എൽ.ഡി.എഫും യു.ഡി.എഫും എസ്.എൻ ട്രസ്റ്റിനും യോഗത്തിനും കാര്യമായി ഒരു സഹായവും ചെയ്തിട്ടില്ല. മുസ്ലീം ലീഗിന് പിന്നാലെ പോകുന്നത് പോലൊരു ഗതികേട് എൽ.ഡി.എഫിന് വരാനില്ല.

വി.ഡി.സതീശന്റേത്

മാടമ്പി ശൈലി

വി.ഡി.സതീശന്റേത് മാടമ്പി ജൽപ്പനങ്ങളും ശൈലിയുമാണ്. കോൺഗ്രസിന്റെ തന്തയും തള്ളയുമെല്ലാം വി.ഡി.സതീശനെന്ന അവസ്ഥയാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ മുന്നിൽ നിന്ന് പോലും മൈക്ക് പിടിച്ചെടുക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPPALY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA