SignIn
Kerala Kaumudi Online
Friday, 23 February 2024 7.57 PM IST

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അഭിപ്രായത്തിൽ കേരളത്തിൽ ഏറ്റവും സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിയുന്ന മൂന്ന് മേഖലകൾ

nirmala-sitaraman

കേരളത്തെ വികസനത്തിന്റെ സ്വർണത്തേരിൽ ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ സഹായകമായ അത്യപൂർവ സാദ്ധ്യതകൾ ഏറെയാണെന്നും,​ അതിന് കേന്ദ്ര ഗവൺമെന്റുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് കേരളാ ഗവൺമെന്റ് തയ്യാറാകേണ്ടത് എന്നുമുള്ള കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനം കേരളത്തിന്റെ വളർച്ചയും ഉയർച്ചയും ആഗ്രഹിക്കുന്ന ഏതൊരാളെയും സന്തോഷിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം കേരള കൗമുദി " എമർജിംഗ് ഭാരത്, ഗ്രോയിംഗ് കേരള" എന്ന പേരിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് അവർ കേരളത്തെ സ്നേഹിക്കുന്ന മുഴുവനാളുകളെയും ആവേശഭരിതരാക്കുന്ന ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

കേവലമായി വികസനത്തെപ്പറ്റി സാമാന്യവത്കരിച്ച പ്രസ്താവന നടത്തുകയല്ല കേന്ദ്ര മന്ത്രി ചെയ്തത്. മറിച്ച് കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹ്യ- സാമ്പത്തിക- ഭൗതിക സാഹചര്യങ്ങളെപ്പറ്റി ആഴത്തിൽ പഠിച്ചും വിശകലനം നടത്തിയുമാണ് അവർ ഇത്തരമൊരു കാഴ്ചപ്പാട് മുന്നോട്ടുവച്ചിരിക്കുന്നത്. കേരളത്തിന് വമ്പൻ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന പത്തു മേഖലകൾ എണ്ണിപ്പറഞ്ഞാണ് അവർ തന്റെ വാദമുഖം അവതരിപ്പിച്ചത്. ഓരോ മേഖലയിലെയും ഭൗതിക സാഹചര്യങ്ങളെ വികസനമെന്ന മഹാമന്ത്രത്തിന്റെ ബലത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വികസനത്തിന്റെ രാജപാത

രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യസ്തതകൾക്കും വിയോജിപ്പുകൾക്കും അപ്പുറം, വികസനത്തിന്റെ രാജപാതകളിലേക്ക് കേരളത്തെ നയിക്കാൻ ഉതകുന്ന ക്രിയാത്മക നിർദേശങ്ങളാണ് കേന്ദ്ര മന്ത്രി മുന്നോട്ടുവച്ചത്. കേരളത്തിലെ എൽ.ഡി.എഫ് ഗവൺമെന്റിനെപ്പോലെ, ആ ഗവൺമന്റിനെ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കേരള ജനത ഒന്നാകെയും പരിചിന്തനം നടത്തേണ്ട നിർദേശങ്ങൾ തന്നെയാണ് കേന്ദ്ര മന്ത്രി അവതരിപ്പിച്ചിട്ടുളളത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനമാണ് ഇതിൽ ഏറ്റവും പ്രധാനമായി അവർ ചൂണ്ടിക്കാണിച്ചത്. വിദേശ തുറമുഖങ്ങൾ വഴി നടത്തിവരുന്ന ചരക്കുകളുടെ വരവ് പ്രകൃതിദത്തമായിത്തന്നെ ഏറെ സവിശേഷതകളും സൗകര്യങ്ങളുമുള്ള വിഴിഞ്ഞം വഴിയാകുന്നതോടെ കേരളത്തിന്റെയും രാജ്യത്തിന്റെയും ചരക്കു ഗതാഗതത്തിന് അന്താരാഷ്ട്ര ചാനലിന്റെ അർത്ഥവും ഗാംഭീര്യവും കൈവരും. ഇത് ആത്യന്തികമായി കേരളത്തിന്റെ തലസ്ഥാന നഗരത്തെയും കേരളത്തെയും മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഷിപ്പിംഗ് വ്യവസായ സമ്പദ്ഘടനയ്ക്ക് കരുത്തു പകരും.

വ്യോമരംഗത്തെ പുത്തൻ ചിറക്

വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കായുള്ള കേന്ദ്രവും കേരളത്തിൽ ആരംഭിക്കണമെന്നത് നാം ഏറെ ശ്രദ്ധിക്കാത്ത ഒരു മേഖലയാണ്. ഗൾഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും മാത്രമല്ല,​ ഹംഗറി, പോളണ്ട്, ഗ്രീസ്, യുക്രെയ്ൻ തുടങ്ങിയ തെക്കു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും, ഇറാക്ക് ,ജോർദാൻ, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലേക്കും, എന്തിനേറെ, ഈജിപ്ത്, മൊറോക്കോ പോലുള്ള വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമൊക്കെ കേരളത്തിൽ നിന്ന് ധാരാളം ആളുകൾ പഠനത്തിനും ജോലിക്കും വിനോദ സഞ്ചാരത്തിനും യാത്ര ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏവിയേഷൻ എം.ആർ.ഒ (മെയിന്റനൻസ്, റിപ്പെയർ ആൻഡ് ഓപ്പറേഷൻസ്)എന്ന ആശയം പരീക്ഷിക്കുന്നത് ഏറെ പ്രയോജനകരമായിരിക്കും എന്നതിൽ സംശയം വേണ്ട.

മറ്റൊരു സുപ്രധാന മേഖല നമ്മുടെ സമുദ്ര വിഭവങ്ങൾ പ്രയോജനപ്പെടുത്തി വികസനം സാദ്ധ്യമാക്കുന്ന 'ബ്ളൂ ഇക്കോണമി'യുടേതാണ്. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കുമില്ലാത്ത വലിയൊരു അനുഗ്രഹമാണ് അറുന്നൂറു കിലോമീറ്ററോളം ദൈർഘ്യമുള്ള നമ്മുടെ കടലോരം. ഇതൊരു അക്ഷയഖനിയാണ്. അത് പരമാവധി പ്രയോജനപ്പെടുത്തി വിദേശനാണ്യം കൂടുതൽ നേടാൻ കഴിയുന്ന തരത്തിൽ പുതിയ സംവിധാനങ്ങൾ ഫിഷറീസ് മേഖലയിൽ രൂപപ്പെടുത്താൻ കഴിയണം.

ആയുർവേദം എന്ന അമൃത്

ആരോഗ്യ മെഡിക്കൽ ടൂറിസത്തിന് കേരളത്തിൽ അപാരസാദ്ധ്യതകളാണ് ഉള്ളത്. ആരോഗ്യ പരിപാലന സംവിധാനം ഒരുക്കുന്നതിൽ കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി നാം രാജ്യാന്തര പ്രശസ്തി നേടിയിട്ടുള്ളതാണ്. വികസിത രാജ്യങ്ങളിലൊക്കെ സമ്പന്നതയുടെ മടിത്തട്ടിൽ വിരസത അനുഭവപ്പെടുന്നവർ കേരളത്തിന്റെ ആയുർവേദത്തെ അമൃത തുല്യമായി കാണുന്നുണ്ട്. ആയുർവേദത്തിന്റെ സാദ്ധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തി കുറ്റമറ്റ രീതിയിൽ ഹെൽത്ത് ടൂറിസം വികസിപ്പിക്കാനും അതുവഴി സംസ്ഥാനത്തിന്റെ സമ്പദ്രംഗം ബലിഷ്ഠമാക്കാനും കഴിയും.

എഡ്യുടെക്കിന്റേയും വിവര സാങ്കേതിക വിദ്യയുടേയും വിസ്മയകരമായ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും കേന്ദ്ര മന്ത്രി വിരൽ ചൂണ്ടി. സംസ്ഥാന ഗവൺമെന്റ് കഴിഞ്ഞ ബഡ്ജറ്റിൽത്തന്നെ'നോളജ് ഇക്കോണമി' വികസിപ്പിക്കുക പ്രധാന ലക്ഷ്യമായി മുന്നോട്ടുവച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രിയുടെ ഈ നിർദേശം പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാനും പ്രയോഗത്തിൽ കൊണ്ടുവരാനും സംസ്ഥാനത്തിനു ബുദ്ധിമുട്ടുണ്ടാവില്ല.

സുദൃ‍ഢ കേരളം,​ സമ്പന്ന കേരളം

ഗ്ളോബൽ മെർക്കന്റൈൽസ്,​ ബിസിനസ് കോൺഫറൻസ് ടൂറിസം, കൊച്ചി ഷിപ്പ്യാർഡ്, സ്പെയ്സ് ഇൻഡസ്ട്രി എന്നിങ്ങനെ അവർ അക്കമിട്ടു പറഞ്ഞ എല്ലാ പദ്ധതികളും അതതിന്റേതായ തലങ്ങളിൽ നമ്മുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തും എന്നതിൽ തർക്കമില്ല. ആത്യന്തികമായി ഇവയെല്ലാം ചേർന്ന് കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാനും,​ അനതിവിദൂര ഭാവിയിൽ കേരളത്തിന്റെ സമ്പദ്ഘടന സുദൃഢമാക്കാനും സഹായകമാകും എന്നു തന്നെ കരുതാം.

സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആർക്കും അവഗണിക്കാൻ കഴിയാത്ത കാര്യങ്ങളാണ് നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടിയത്. വികസന വിഷയത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന നിലപാട് പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങളിൽ വേണ്ട ശ്രദ്ധകാട്ടുമെന്നു പ്രതീക്ഷിക്കാം .അതുകൊണ്ട്, രാഷ്ട്രീയമായ വ്യത്യസ്തതകളും വൈരുദ്ധ്യങ്ങളും അവിടെ നിൽക്കട്ടെ. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ കണക്കുകളിലെ കളികളും അങ്ങനെ നിൽക്കട്ടെ. രണ്ടു ഗവൺമെന്റുകളും പൂർണമായും തുറന്ന മനസ്സോടെ കേരളത്തിന്റെ വികസന മുന്നേറ്റത്തിനായി കൈകോർക്കുകയാണ് വേണ്ടത്. ശക്തമായ സംസ്ഥാനങ്ങളും സുശക്തമായ കേന്ദ്രവും എന്ന ഫെഡറൽ തത്വത്തിന്റെ സാരസർവസ്വത്തിലേക്ക് നമുക്ക് എത്തിച്ചേരാനും അതു വഴി കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, NIRMALA SITARAMAN, FINANCE MINISTER, KERALA DEVELOPMENT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.