SignIn
Kerala Kaumudi Online
Sunday, 03 March 2024 8.29 AM IST

കേരളത്തിലെ പല അമ്പലങ്ങളും ഉത്സവങ്ങൾ ചുരുക്കുന്നു, കാരണം കരിവീരന്മാർ തന്നെ

elephant

ഉത്സവകാലം കൊടിയേറിക്കഴിഞ്ഞു. നാടെങ്ങും ദേവാലയങ്ങളിൽ പൂരവും പെരുന്നാളുമെല്ലാം കൊണ്ടാടുകയാണ്. താളവും മേളവും കാഴ്ചകളുമൊക്കെയായി ജാതിമതഭേദമന്യേയുള്ളൊരു ആഘോഷകാലം. മനസുകളെ ഒന്നിപ്പിക്കാനും സ്നേഹവും സാഹോദര്യവും വളർത്താനും ഉത്സവങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ആത്മീയമായ ഉണർവിലേക്ക് നയിച്ചതും മറ്റൊന്നല്ല. കേരളത്തിന്റെ ഉത്സവങ്ങളിലെ കാഴ്ചയുടെ വസന്തം ആനയെഴുന്നെളളിപ്പാണ്. കേൾവിയുടേത് താളമേളങ്ങളും. വെടിക്കെട്ട് ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഉത്സവപ്രേമികളുമുണ്ട്. ഇതൊന്നും പെട്ടെന്ന് മാറ്റിമറിക്കാൻ മലയാളികൾക്കാവില്ല. നൂറ്റാണ്ട് മുൻപേയുളള ആഘോഷരീതികളാണത്. എന്നാൽ നിയന്ത്രണങ്ങളും നിയമങ്ങളും ജനങ്ങളുടെ സുരക്ഷയുമെല്ലാം ഉറപ്പാക്കി ഉത്സവങ്ങൾ കൊണ്ടാടുക എന്നത് പരമപ്രധാനമാണ്.

ഏതാനും വർഷങ്ങളായി കരിവീരൻമാരുടെ ചന്തം ഉത്സവങ്ങളിൽ കുറഞ്ഞുവരുന്നു. നാട്ടാനകൾ കുറയുന്നതാണ് കാരണം. ഉത്സവങ്ങൾക്ക് ആനകളെ തേടി നട്ടംതിരിയുകയാണ് ദേവസ്വങ്ങളും ക്ഷേത്രങ്ങളും. സംസ്ഥാനങ്ങൾ തമ്മിൽ ആനകളെ കൈമാറാൻ, കേന്ദ്രസർക്കാറിന്റെ വന്യജീവി സംരക്ഷണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിക്ക് ചട്ടങ്ങളാവാത്തതാണ് പ്രശ്‌നം. ഒരു വർഷമായി ഭേദഗതി കൊണ്ടുവന്നിട്ട്. ആനകളുടെ എണ്ണം മുൻവർഷത്തേക്കാൾ കുറവായതുകൊണ്ട് ആ പാവം ജീവികളുടെ ജോലിഭാരം കൂടുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് സംസ്ഥാനത്തുണ്ടായിരുന്ന നാട്ടാനകളിൽ നിലവിൽ പകുതിയോളമേ ജീവിച്ചിരിപ്പുള്ളൂ. ഇവയെ മുഴുവനായി എഴുന്നള്ളിപ്പിന് ഉപയോഗിക്കാനുമാവില്ല. ചട്ടത്തിന് രൂപം കൊടുത്താൽ കൂടുതൽ ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാനാകും. കേരളത്തിലുള്ളവർക്ക് ആനയെ വാങ്ങാനുമാകും. പക്ഷേ, അതിനുള്ള ശ്രമം നടക്കുന്നതിനിടെ കേരളത്തിലെ ആനകളെ ചികിത്സയുടെ പേരിൽ ഗുജറാത്തിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പറയുന്നു. ചട്ടങ്ങൾ വൈകുന്നതിന് പിന്നിൽ മറ്റ് സംസ്ഥാനങ്ങളുടെ ഇടപെടലുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.


ചികിത്സയുടെ പേരിൽ ആനകളെ മറ്റു സംസ്ഥാനങ്ങളിലെത്തിക്കുന്നത് പ്രത്യേക അനുമതി വാങ്ങിയാണെന്നും പറയുന്നു. കർണ്ണാടക, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ആനകളെ ഇങ്ങനെ കൊണ്ടുപോകുന്നുണ്ട്. ത്രിപുര ഹൈക്കോടതി രൂപീകരിച്ച ഹൈ പവേഡ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിലെ ആനയെ കൊണ്ടുപോകാൻ ശ്രമം നടന്നത്. ചട്ടങ്ങൾ നടപ്പായാൽ ഇതിനെല്ലാം തടയിടാനാവും. ആനയുടമകളുടെ സാമ്പത്തികപ്രതിസന്ധി മുതലെടുത്താണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത്. ചട്ടങ്ങൾ കൂച്ചുവിലങ്ങുകളായി ഉത്സവക്കമ്മിറ്റികളെ വലിച്ചു മുറുക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം. ചട്ടത്തിന് രൂപം കൊടുക്കാൻ തൃശൂരിലെ ദേവസ്വങ്ങളും ആന ഉടമകളും ശക്തമായ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ തടസം നിൽക്കുകയാണെന്നാണ് പരാതി. തൃശൂർ പൂരം സംഘാടകരടക്കം കേന്ദ്രസർക്കാരിലും കേന്ദ്രമന്ത്രിമാരിലും സമ്മർദ്ദം ചെലുത്തിയ ശേഷമാണ് ആനകളുടെ കൈമാറ്റത്തിന് വഴിയൊരുങ്ങിയത്. കേന്ദ്രം പാസാക്കിയ നിയമഭേദഗതി കേരളത്തിൽ ഉടൻ പ്രാവർത്തികമാക്കണമെന്നാവശ്യപ്പെട്ട് പൂരം സംഘാടകരായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളും സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു.

ആനപ്പന്തി ഒഴിയുന്നു

ഒരു പതിറ്റാണ്ട് മുൻപ് കേരളത്തിൽ 700 ഓളം നാട്ടാനകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ 430 ആനകൾ മാത്രമാണുള്ളത്. എഴുന്നള്ളിപ്പിനായി ഉപയോഗിക്കുന്നത് 200 ആനകളെ മാത്രം. കേരളത്തിൽ പ്രതിവർഷം ചരിയുന്ന നാട്ടാനകൾ 20 മുതൽ 30 വരെയാണ്. കാട്ടാനകൾ ഇന്ത്യയിൽ 30,000 ഉണ്ടാവുമെന്നാണ് കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ സെൻസസ് പ്രകാരം വ്യക്തമാകുന്നത്. എന്നാൽ 2,000ഓളം നാട്ടാനകളാണ് ഇന്ത്യയിൽ. നാട്ടാനകളെ കെെമാറ്റം ചെയ്യാനുളള കേന്ദ്രഭേദഗതി പാസാക്കിയത് 2022 ഡിസംബറിലാണ്. എന്നാൽ ഒരു വർഷമാകുമ്പോഴും ചട്ടങ്ങളായില്ലെന്ന് ചുരുക്കം. ആനകളെ കൈമാറാനുളള ചട്ടം എത്രയും വേഗം രൂപീകരിക്കേണ്ടതുണ്ടെന്നും ആനകളെ കേരളത്തിൽ നിന്ന് കടത്താനുള്ള മറ്റ് സംസ്ഥാനങ്ങളുടെ ശ്രമം അംഗീകരിക്കാനാവില്ലെന്നും പ്രശസ്ത ആനചികിത്സാ വിദഗ്ധൻ ഡോ.പി.ബി.ഗിരിദാസ് വ്യക്തമാക്കുന്നു.

അതേസമയം, ആന എഴുന്നള്ളിപ്പുകൾക്കുള്ള നിബന്ധനകളും മാർഗനിർദ്ദേശങ്ങളും കടുപ്പിക്കുകയാണ് ഉത്സവങ്ങളുടേയും ആനകളുടേയും കേന്ദ്രമായ തൃശൂരിലെ ജില്ലാതല നിരീക്ഷണ സമിതി. ആനയിടഞ്ഞാൽ സംഭവിക്കുന്ന നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുമുള്ള ഉത്തരവാദിത്വം ഉത്സവക്കമ്മിറ്റിക്കായിരിക്കും. നിബന്ധനകളിൽ ഇത് വ്യക്തമായി കാണിക്കണമെന്നും കളക്ടർ വി.ആർ.കൃഷ്ണതേജ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ കർശന നിർദ്ദേശം നൽകി. നിബന്ധനകൾ തയ്യാറാക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർക്ക് നിർദ്ദേശവും നൽകി. ആനകളെ പ്രകോപിപ്പിക്കുന്ന നടപടിയുണ്ടാവരുത്. ഇത് സംബന്ധിച്ച് ശക്തമായ നിബന്ധനകളും നിർദ്ദേശങ്ങളും കമ്മിറ്റിക്കാർക്ക് നൽകണം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിബന്ധന ഉത്സവക്കമ്മിറ്റിക്കാരിൽ നിന്നും അപേക്ഷകൾ ലഭിക്കുന്ന സമയത്ത് തന്നെ ഒപ്പ് രേഖപ്പെടുത്തി സമാഹരിക്കും. പുതിയ ഉത്സവങ്ങൾക്കോ നിലവിലെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതി നൽകില്ല. എലിഫെന്റ് സ്‌ക്വാഡിൽ വെറ്ററിനറി ഡോക്ടറുടെ സേവനവും ഡാറ്റാബുക്ക്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം. ആനപ്പുറത്തിരുന്ന് പൂത്തിരി കത്തിക്കാനോ ലേസർ ലൈറ്റ് പോലെ പ്രകോപനമുണ്ടാക്കുന്നവ ഉപയോഗിക്കാനോ പാടില്ലെന്നും ചട്ടമുണ്ട്.

എല്ലാം ചട്ടപ്രകാരം

2012ലെ കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിബന്ധനകൾ തൃശൂർ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം പകൽ 11നും 3.30നും ഇടയിൽ ആനയെഴുന്നള്ളിപ്പ് പാടില്ലെന്ന നിർദ്ദേശമുണ്ട്. 11 നും മൂന്നിനും ഇടയിൽ ആനകളെ നടത്തിയോ വാഹനത്തിൽ കൊണ്ടുപോകാനും പാടില്ല. ആനകളിൽ നിന്ന് കുറഞ്ഞത് മൂന്ന് മീറ്റർ അകലത്തിൽ ആളുകളെ നിറുത്തണം. അകലം പാലിക്കാൻ ബാരിക്കേഡ് ഒരുക്കണം. ഉത്സവക്കമ്മിറ്റിക്കാണ് ഇതിന്റെ പൂർണ ഉത്തരവാദിത്വം.

ആനകളെ കേരളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് തിരിച്ചടിയാകുന്ന കാലത്താണ് നിയന്ത്രണങ്ങളും ഒരു പരിധിക്കപ്പുറം കടുപ്പിക്കുന്നത്. കൂടുതലായി ആനകൾ ചരിയുന്നതിനാൽ എഴുന്നള്ളിപ്പ് നടത്തിപ്പും പ്രയാസകരമായതോടെ ദേവസ്വങ്ങൾ, ഉത്സവങ്ങൾ തന്നെ ചുരുക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനയെ കൊണ്ടുവരാനുള്ള ചട്ടങ്ങൾക്കും രൂപമായില്ലെങ്കിൽ യന്ത്രആനകളെ തന്നെ എഴുന്നെളളിപ്പിന് നിയോഗിക്കേണ്ടിവരുമെന്നാണ് അവർ പറയുന്നത്. ആനകളുടെ എണ്ണം കുറയുമ്പോൾ ഉത്സവങ്ങളുടെ എണ്ണം കൂടിവരുന്നുവെന്ന വസ്തുതയുമുണ്ട്. ആനകളുടെ ജോലി ഭാരം വർദ്ധിക്കുന്നത് ഉത്സവപ്പറമ്പുകളിലെ അപകടസാദ്ധ്യത കൂട്ടുന്നു.

കഴിഞ്ഞവർഷം ആനയെഴുന്നള്ളിപ്പിനായി അപേക്ഷ സമർപ്പിച്ചിരുന്ന എല്ലാ കമ്മിറ്റികൾക്കും നിബന്ധനകളുടെ പകർപ്പ് സഹിതം കത്ത് നൽകുന്നുണ്ട്. നിബന്ധനകൾ പാലിച്ചെങ്കിൽ മാത്രമേ ഈ വർഷം ആനയെഴുന്നെള്ളിപ്പിന് അനുവാദം നൽകൂവെന്ന് മുൻകൂട്ടി അറിയിക്കുന്നത് നല്ലതാണെന്നാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അഭിപ്രായം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, RITUALS, ELEPHANT PROCESSION
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.