ജനങ്ങൾക്ക് ഗുണംചെയ്യുന്ന ഏതെങ്കിലുമൊരു പദ്ധതി നടപ്പാക്കാതിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്കു വിടുന്നതാണ് എളുപ്പവഴി! സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ആഘോഷപൂർവം പ്രഖ്യാപിക്കുന്ന പല പദ്ധതികളുടെയും ഗതി പരിശോധിച്ചാൽ ഇതു ബോദ്ധ്യമാകും. തിരുവനന്തപുരം നഗരത്തിൽ അടുത്തകാലത്തായി തുടരെ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ എന്തുചെയ്യണമെന്ന് ആലോചിച്ച് തല പുണ്ണാക്കുകയാണ് നഗരസഭയും സർക്കാർ വകുപ്പുകളും. നഗരവാസികളിൽ നല്ലൊരു വിഭാഗത്തെ വെള്ളത്തിൽ മുക്കുന്ന ഈ ഗുരുതര പ്രശ്നത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുള്ളതാണ്. പരിഹാരമാർഗങ്ങളും ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാം നിന്നിടത്തുതന്നെ ഇപ്പോഴും നിൽക്കുന്നു.
മഴയൊന്നു കനത്താൽ പലേടത്തും വെള്ളക്കെട്ട് രൂപപ്പെടുന്നു. റോഡുകളും വാസസ്ഥലങ്ങളുമൊക്കെ മുങ്ങുന്നതോടെ അവിടെയുള്ളവർ സുരക്ഷിതസ്ഥലം തേടി അലയേണ്ടിവരുന്നു. നഗരത്തിലെ വെള്ളപ്പൊക്കം പരിഹരിക്കാനുള്ള ശുപാർശകളടങ്ങുന്ന ഒട്ടനവധി പഠന റിപ്പോർട്ടുകൾ നഗരസഭയിലുണ്ട്. അതു പഠിച്ച് നടപടികൾ എടുക്കാതെ ഓരോ വട്ടം വെള്ളം പൊങ്ങുമ്പോഴും പുതിയ റിപ്പോർട്ടിനായി സമിതിയെ നിയോഗിക്കുകയാണ് ചെയ്യുന്നത്. രണ്ടാഴ്ച മുൻപുണ്ടായ വെള്ളപ്പൊക്കത്തെയും അതുണ്ടാക്കിയ കഷ്ടനഷ്ടങ്ങളെയും കുറിച്ച് ചർച്ചചെയ്യാൻ ബുധനാഴ്ച വിളിച്ചുകൂട്ടിയ നഗരസഭാ കൗൺസിൽ യോഗം ഈ പ്രശ്നമൊഴികെ മറ്റെല്ലാം ചർച്ച ചെയ്തുവെന്നാണ് വാർത്ത. അന്യോന്യം വായ്‌ത്താരികൾ മുഴക്കിയതല്ലാതെ നഗരവാസികളുടെ ദുരിതത്തിന് എങ്ങനെ ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് ചിന്തിക്കുന്നേയില്ല.
നല്ലരീതിയിലുള്ള ആസൂത്രണമുണ്ടെങ്കിൽ അനായാസം പരിഹരിക്കാവുന്നതാണ് തലസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതം എന്നു മനസ്സിലാക്കാൻ വിശേഷബുദ്ധിയൊന്നും വേണ്ട. ഏതാനും വർഷം മുൻപ് ആ വഴിക്ക് ഉറച്ച ചില നടപടികൾ സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കിയത് ഓർക്കുന്നു. ഓപ്പറേഷൻ അനന്ത എന്ന പേരിൽ നടപ്പാക്കിയ ആ നല്ല പദ്ധതി ഇടയ്ക്കുവച്ച് നിലച്ചില്ലായിരുന്നുവെങ്കിൽ നഗരം ഒരു പരിധിവരെ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെടുമായിരുന്നു. 'അനന്ത" പൂർത്തിയാക്കിയ പ്രദേശങ്ങളിലൊന്നും ഇപ്പോൾ എത്ര വലിയ മഴയിലും വെള്ളക്കെട്ടു രൂപപ്പെടാറില്ല. ആരുടെയൊക്കെയോ താത്‌പര്യങ്ങൾക്കു വഴങ്ങിയാണ് ആ പദ്ധതി അട്ടിമറിക്കപ്പെട്ടത്.
നഗരത്തിലുണ്ടാകുന്ന വെള്ളപ്പൊക്കം തടയാൻ പ്രകൃതി ഒരുക്കിയിട്ടുള്ള നിരവധി മാർഗ്ഗങ്ങളാൽ അനുഗൃഹീതമാണ് തിരുവനന്തപുരം. ഇപ്പോഴത്തെക്കാൾ വലിയ മഴ പെയ്തിരുന്ന കാലത്തും എളുപ്പം വെള്ളം വാർന്നുപോയിരുന്നു. നഗരത്തിലൂടെ കടന്നുപോകുന്ന നാല് വലിയ തോടുകളെങ്കിലും നേരെ ചൊവ്വേ സംരക്ഷിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അനുഭവപ്പെടുന്ന ദുരിതത്തിൽ നിന്ന് നഗരവാസികൾക്ക് മോചനമുണ്ടായേനേ. ഓരോ വർഷവും കോടിക്കണക്കിനു രൂപ ഈ തോടുകളിൽ നിന്ന് മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാൻ വകയിരുത്താറുണ്ട്. കാര്യമായ പണിയൊന്നും നടക്കാറില്ലെന്നു മാത്രം.
ഇതിനിടെയാണ് വേണ്ടത്ര പഠനം നടത്താതെ ആമയിഴഞ്ചാൻ തോടിനു കുറുകെ നെല്ലിക്കുഴിയിൽ പാലം നിർമ്മിച്ചതിന്റെ കെടുതികൾ. ഇറിഗേഷൻ വകുപ്പിനെപ്പോലും മുൻകൂർ അറിയിക്കാതെയാണത്രെ അവിടെ പാലം ഉയരുന്നത്. ഗൗരീശപട്ടം പോലുള്ള പ്രദേശങ്ങളിൽ ഇപ്പോഴുണ്ടായ വെള്ളപ്പൊക്കത്തിൽ വില്ലനായത് തോട് തടഞ്ഞുനിറുത്തി നിർമ്മിക്കുന്ന ഈ പാലമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡിസംബറായതോടെ മഴക്കാലം പിൻവാങ്ങും. പതിവുപോലെ അധികൃതർക്കൊപ്പം നഗരവാസികളുടെ മനസ്സുകളിൽ നിന്ന് മഴയും പ്രളയവുമൊക്കെ ഓടിയൊളിക്കും. അടുത്ത മഴക്കാലം വരണം, ദുരിതദിനങ്ങൾ വീണ്ടുമെത്താൻ. പ്രളയ നിവാരണ പദ്ധതികൾ അപ്പോഴും അലമാരകൾക്കുള്ളിൽ ഭദ്രമായി ഇരിപ്പുണ്ടാകും. ഉറങ്ങുന്നവരെ ഉണർത്തിയെടുക്കാൻ നഗരവാസികൾക്കു കഴിയാത്തിടത്തോളം ഈ ദുരിതം നീണ്ടുനീണ്ടു പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |