SignIn
Kerala Kaumudi Online
Friday, 11 September 2026 6.56 PM IST

കോൺഗ്രസിനേറ്റ തിരിച്ചടി: യു.ഡി.എഫിലും ആശങ്ക

p

തിരുവനന്തപുരം:പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ,ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് പൊരുതി കോൺഗ്രസ് നിലംപതിച്ചത് യു.ഡി.എഫിലും കടുത്ത ആശങ്ക ഉയർത്തുന്നു. ലോക് സഭയിലെ ഭൂരിഭാഗം സീറ്റുകളും ഹിന്ദി മേഖലയിലാണ്.ഉത്തരേന്ത്യയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോൺഗ്രസ് ഭരണം ശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ, ബി.ജെ.പിക്ക് ബദലാവാൻ കോൺഗ്രസിന്കഴിയുമോ എന്ന ചോദ്യം യു.ഡി.എഫിനെ കുഴയ്ക്കുന്നു. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20ൽ 19 സീറ്റും തൂത്തു വാരിയ തകർപ്പൻ ജയം ആവർത്തിക്കാനാവുമോ എന്നതിലും ആശങ്കയുണ്ട്.

അന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര സർക്കാർ കേന്ദ്രത്തിൽ വരുമെന്ന പ്രതീക്ഷ കേരളത്തിലെ മുസ്ലീം,ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമായിരുന്നു. ബീഫ് ഉപയോഗത്തിന്റെയും മറ്റും പേരിൽ ഉത്തരേന്ത്യയിലെ ചില ബി.ജെ.പി സംസ്ഥാനങ്ങളിൽ നടന്ന അക്രമങ്ങൾക്കെതിരായ പ്രചാരണവും ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുക കൂടി ചെയ്തതോടെ മതന്യൂനപക്ഷങ്ങൾ യു.ഡി.എഫിന് പിന്നിൽ അണി നിരന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാരിനെതിരെ ഉയർന്ന രോഷവും യു.ഡി.എഫിനെ തുണച്ചു. ഇതോടെ ഇടതു കോട്ടകൾ കട പുഴകി. എൽ.ഡി.എഫിന് കിട്ടിയത് ആലപ്പുഴ മാത്രം.

 അന്നത്തെ രാഷ്ട്രീയ സ്ഥിതിയല്ല ഇന്ന്

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിനെതിരെ അത്തരത്തിലൊരു മതവികാരം ഉയർത്താനാവില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുമെന്നാണ് സൂചനകളെങ്കിലുംഅതുകൊണ്ട് മാത്രം അട്ടിമറി വിജയം ആവർത്തിക്കാനാവില്ലെന്ന് കോൺഗ്രസും യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും തിരിച്ചറിയുന്നു. ദേശീയ തലത്തിൽ കോൺഗ്രസിന്റെ വിലപേശൽ ശേഷി ഇടിഞ്ഞതും പ്രതികൂലഘടകമാണ്.പഴയ കടുംപിടിത്തവും താൻ പോരിമയും നടക്കില്ല.മലപ്പുറത്തിനും പൊന്നാനിക്കും പുറമെ ഒരു ലോക് സഭാ സീറ്റ് കൂടി മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗ് ആവശ്യപ്പെടാനുള്ള

സാദ്ധ്യതയും തള്ളാനാവില്ല.മാത്രമല്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്ന് അഞ്ചുപേർ കരുക്കൾ നീക്കുന്നത് പാർടിക്കുള്ളിൽ ചേരിതിരിവ് വർദ്ധിപ്പിച്ചിട്ടുമുണ്ട്. കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തനം മുന്നോട്ടുപോകുന്നത്. കോൺഗ്രസിലെ നേതാക്കൾ തമ്മിലുള്ള ഈ ചേരിതിരിവ് മുന്നണിയെ മൊത്തത്തിൽ ബാധിക്കുമെന്ന അഭിപ്രായവും ലീഗിനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA