കൊച്ചി: കുസാറ്റിൽ നാലു വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ച് സർക്കാരും സർവകലാശാലയും നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കുട്ടികൾ സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽ അവരെ കുറ്റക്കാരായി കാണാനാവില്ല. അതേസമയം, സുരക്ഷാ സംവിധാനത്തിലെ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് സർവകലാശാലയ്ക്ക് ഒഴിയാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഹർജി വീണ്ടും 14ന് പരിഗണിക്കുമ്പോൾ ഏത് രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അറിയിക്കണമെന്നും റിപ്പോർട്ട് നൽകേണ്ടതില്ലെന്നും കോടതി പറഞ്ഞു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കരുതാനാവില്ല. നിലവിലെ അന്വേഷണ വിവരങ്ങൾ അറിഞ്ഞശേഷമേ ജുഡിഷ്യൽ അന്വേഷണം വേണോയെന്നു തീരുമാനിക്കാനാവൂ. മരിച്ചവരുടെ കുടുംബങ്ങളുടെ തീരാവേദന കോടതിക്ക് ഉൾക്കൊണ്ടേ പറ്റൂ. പരിപാടിയിൽ പങ്കെടുത്ത ഒരുകുട്ടിക്കും കുറ്റബോധമുണ്ടാകേണ്ട കാര്യമില്ല. അവരുടെ മനസിൽ മുറിവുണ്ടാകാതെ നടപടികൾ മുന്നോട്ടുകൊണ്ടുപോകണമെന്നും കോടതി പറഞ്ഞു.
നവംബർ 25ലെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹർജി നല്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |