ഡോ. ഷഹാനയെക്കുറിച്ച് ഇപ്പോൾ വിലപിക്കുന്നവരെല്ലാം അവളുടെ മരണത്തിന് ഉത്തരവാദികളാണ്. സ്ത്രീധനം ചോദിക്കുന്നവരോട് ഇറങ്ങിപ്പോടാ എന്നു പറയാനുള്ള ധൈര്യം കാണിക്കണമെന്ന് ഇന്നലെ പറഞ്ഞ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. വിസ്മയയും ഉത്രയും സുചിത്രയും സ്ത്രീധനത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട് മരണത്തിൽ അഭയം പ്രാപിച്ചപ്പോഴും ഇവരെല്ലാം ഇതൊക്കെത്തന്നെയാണ് പറഞ്ഞത്. അടിമത്തം പോലെ, ചാതുർവർണ്യം പോലെ, ജന്മിത്തം പോലെ അതിഭീകരമായ സാമൂഹ്യ അനാചാരണമാണ് സ്ത്രീധനം. അതിനെതിരെ ഒരു സാമൂഹ്യ വിപ്ലവം കേരളത്തിലുണ്ടാകണം.
വിവാഹം, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ടുള്ള ജാതി, മത നിയമങ്ങളും ആചാരങ്ങളും മാറ്റിയെഴുതപ്പെടണം. അല്ലെങ്കിൽ ഇനിയും ഷഹാനമാരുണ്ടാകും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴല്ല ഗിരിപ്രഭാഷണങ്ങളും വിപ്ലവാഹ്വാനങ്ങളും ഉണ്ടാകേണ്ടത്. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകൂട്ടിയുള്ള നിരന്തര ഇടപെടലാണ് ഭരണാധികാരികളിൽ നിന്ന് ഉണ്ടാകേണ്ടത്.
ദമ്പതികൾക്ക്
തുല്യ പദവി
സ്ത്രീകൾ അടുക്കളകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അന്ന് അവളെ പോറ്റാനുള്ള ധനം എന്ന പേരിലാകും സ്ത്രീധന സമ്പ്രദായം രൂപപ്പെട്ടത്. ഇന്നത്തെ സ്ഥിതി അതല്ല. പല ദമ്പതികളിലും പുരുഷന്മാരേക്കാൾ വിദ്യാഭ്യാസമുള്ളവരാണ് സ്ത്രീകൾ. പുരുഷനേക്കാൾ മികച്ച ജോലിയും ഉയർന്ന വരുമാനവും ഉള്ളവരാണ് പല കുടുംബങ്ങളിലെയും സ്ത്രീകൾ. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് പുരുഷന്റെ സാമ്പത്തിക പിന്തുണ അവർക്ക് ആവശ്യമില്ല. വീട്ടുകാര്യങ്ങൾ പൂർണമായും നോക്കുന്ന വലിയൊരു വിഭാഗം സ്ത്രീകൾ ഇന്നുണ്ട്. പിന്നെ എന്തിനാണ് സ്ത്രീധനം? ഡോ. ഷഹാനയും അവളോട് കോടികൾ സ്ത്രീധനം ചോദിച്ചയാളും തുല്യപദവയിലുള്ളവരാണ്. തുല്യ ശമ്പളക്കാരാണ്. പഠനത്തിലും ഷഹാന സമർത്ഥയായിരുന്നു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അവൾ സ്ത്രീധനം നൽകേണ്ടത്?
1961-ൽ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും സ്ത്രീധനം ഇവിടെ നിലനിൽക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 5208 ആണ്. പരാതി കൊടുക്കാൻ പോലും കരുത്തില്ലാതെ പതിനായിരക്കണക്കിന് സ്ത്രീകൾ ഇപ്പോഴും പീഡനം കടിച്ചമർത്തി ഉരുകി കഴിയുന്നുണ്ടാകും. സ്ത്രീധനം ചോദിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ധൈര്യം ആരും കാട്ടുന്നില്ല. സ്ത്രീകളുടെ സംരക്ഷണത്തിന് നിരവധി നിയമങ്ങളുണ്ട്. ഏതു പാതിരാത്രിയിലും വിളിച്ച് പരാതി പറയാൻ ഓൺലൈൻ ഹെൽപ്പ് സെന്ററുകളൊക്കെ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. പക്ഷേ, ഈ സംവിധാനങ്ങളൊന്നും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് പ്രയോജനപ്പെടുന്നില്ല. അതുകൊണ്ടാണ് പരാതിപ്പെടാനും ഇടപെടലിനും കാത്തുനിൽക്കാതെ അവർ ജീവിതം അവസാനിപ്പിക്കുന്നത്.
വില്പനയ്ക്കു വച്ച
പുരുഷന്മാർ
ആൺവീട്ടുകാർ നാണമില്ലാതെ സ്ത്രീധനം ചോദിക്കുന്നു. ചോദിക്കുന്ന സ്ത്രീധനം പെൺവീട്ടുകാർ കടം വാങ്ങി നൽകുന്നു. വമ്പൻ കൺവെൻഷൻ സെന്ററുകളിൽ ആഡംബരത്തോടെ വിവാഹം നടത്തുന്നു. സ്ത്രീധന സമ്പ്രദായത്തിലൂടെ സ്ത്രീകൾ മാത്രമല്ല, പുരുഷനും വിൽപ്പനച്ചരക്കായി മാറുകയാണ്. തന്റെ മകനെ മുന്നിൽ നിറുത്തി വിലപേശിയാണ് ആൺവീട്ടുകാർ പെൺവീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെടുന്നത്. ഇങ്ങനെ വിലപേശി ലേലമുറപ്പിക്കാൻ നിന്നുകൊടുക്കുന്ന നട്ടെല്ലില്ലാത്ത ആണുങ്ങളും ഈ നാടിന്റെ ശാപമാണ്.
പെൺകുട്ടി ജനിക്കുമ്പോൾത്തന്നെ അച്ഛനമ്മമാരുടെ മനസിൽ ആധിയാണ്. അവളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കുന്നതിനേക്കാൾ വിവാഹത്തിനുള്ള ചെലവിനെക്കുറിച്ചാണ് അവരുടെ ചിന്ത. കൂലിപ്പണിക്കാർ അടക്കം എല്ലാ അച്ഛന്മാരും ദിവസക്കൂലിയുടെ വലിയൊരു ഭാഗം മാറ്റിവച്ചാണ് വർഷങ്ങൾക്ക് ശേഷം പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നത്. അയലത്തെ വീട്ടിൽ ആയിരങ്ങളെ പങ്കെടുപ്പിച്ചു നടക്കുന്ന ആഡംബരക്കല്യാണങ്ങൾ കണ്ടും സ്ത്രീധനക്കണക്കു കേട്ടും അവരുടെ ഹൃദയം പിടയും. കടം വാങ്ങി സ്ത്രീധനം നൽകാൻ അവരും നിർബന്ധിതരാകും. ഇങ്ങനെ കടം പെരുകി എത്രയോ അച്ഛന്മാർ ആത്മഹത്യ ചെയ്തിട്ടുണ്ടാകും. എന്നിട്ടും സ്ത്രീധനം ആചാരമായി തുടരുന്നു!
കരുത്തു
കാട്ടണം
നീ ധൈര്യത്തോടെ പ്രതികരിക്കണം, സ്വയം പര്യാപ്തയാകണം, സ്വന്തമായി തീരുമാനമെടുക്കണം എന്നൊക്കെ എത്ര പെൺകുട്ടികളോട് രക്ഷിതാക്കൾ പറയുന്നുണ്ട്? ഭൂരിഭാഗം പെൺകുട്ടികളോടും നീ അടങ്ങിയൊതുങ്ങി നിൽക്കണം. സന്ധ്യയ്ക്ക് മുമ്പേ വീട്ടിലെത്തണം. ഉച്ചത്തിൽ ശബ്ദിക്കരുത് എന്നൊക്കെയാണ് പറയുന്നത്. പിന്നെ അവർക്കെങ്ങനെ ശക്തമായ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം കിട്ടും? സ്ത്രീധനം നൽകിയുള്ള വിവാഹം എനിക്ക് വേണ്ടെന്നു പറയാനുള്ള മാനസിക കരുത്ത് പെൺകുട്ടിക്കു ലഭിക്കാൻ സ്കൂൾ തലം മുതൽ ബോധവത്കരണം ഉണ്ടാകണം.
ഇനിയൊരു ഷഹാനയും വിസ്മയയും ഉത്രയും സുചിത്രയും ഉണ്ടാകാതിരിക്കാൻ ശക്തമായ സാമൂഹ്യ ഇടപെടൽ ഇനിയെങ്കിലും ഉണ്ടാകണം. സ്ത്രീധനം ചോദിക്കുന്നവരെക്കുറിച്ച് പരാതിപ്പെടാൻ പെൺകുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാകണം. ഇത്തരം പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്ത് ശിക്ഷ ഉറപ്പാക്കാൻ സർക്കാരും പൊലീസും തയ്യാറാകണം. വിവാഹ ചടങ്ങിൽത്തന്നെ സ്ത്രീധനത്തുകയും സ്വർണക്കണക്കും പൊങ്ങച്ചത്തോടെ വിളിച്ചുപറയുന്ന വികൃതമായ ചടങ്ങ് പലയിടങ്ങളിലുമുണ്ട്. ഈ അവസ്ഥ തിരുത്തി സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തിന് ജാതി- മത പ്രസ്ഥാനങ്ങൾ തയ്യാറാകണം. സ്ത്രീധനം കൊടുക്കാതെയാണ്, സ്ത്രീധനം ചോദിക്കാത്ത കുടുംബത്തിലേക്കാണ് എന്റെ മകളെ വിവാഹം കഴിപ്പിച്ച് അയച്ചതെന്ന് പറയുന്ന സംസ്കാരം രൂപപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |