വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനും ഭൂമി കൈമാറ്റം ലളിതമാക്കുന്നതിനുമുള്ള പുതിയ ചട്ടങ്ങൾക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അനുമതി നൽകിയിരിക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആവശ്യത്തോട് സർക്കാർ ഇപ്പോഴാണ് അനുകൂലമായി പ്രതികരിക്കുന്നത്. ഒരുകാലത്ത് സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയിൽ സുപ്രധാന ഇടങ്ങളായി മാറുമെന്നു കരുതപ്പെട്ടിരുന്ന വ്യവസായ എസ്റ്റേറ്റുകളിലേറെയും പിന്നീട് അനാഥാവസ്ഥയിലായി. വ്യവസായ യൂണിറ്റുകളിൽ പലതും ഉടമകൾ തന്നെ കൈയൊഴിയുകയായിരുന്നു.
ഉത്‌പന്നങ്ങൾക്ക് വിപണിയില്ലാതായതും കടം കയറിയുമെല്ലാം ഉടമകൾ ഉപേക്ഷിച്ചതോടെ വ്യവസായ എസ്റ്റേറ്റുകൾ പലതും പ്രേതഭൂമി പോലെയായി. പണം മുടക്കാൻ തയ്യാറായി മുന്നോട്ടുവന്നവർക്ക് അവ കൈമാറാൻ കഴിഞ്ഞിരുന്നെങ്കിൽ കുറെയെങ്കിലും അഭിവൃദ്ധി പ്രാപിച്ചേനെ. കൈമാറ്റം ചെയ്യുന്നതിനു കർക്കശ വ്യവസ്ഥകളുള്ളതിനാൽ വെറുതേകിടക്കുന്ന വ്യവസായ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നുമില്ല. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിലുമുണ്ടായിരുന്നു നിയമപരമായ കടമ്പകൾ. നിയമമുണ്ടെങ്കിലും അതു നടപ്പാക്കാനാവശ്യമായ ചട്ടങ്ങളുടെ അഭാവമാണ് വ്യവസായ എസ്റ്റേറ്റ് ഭൂമി കൈമാറ്റത്തിനും പട്ടയം അനുവദിക്കുന്നതിനും തടസ്സമായി നിന്നത്. ഏറെക്കാലമായി ഉടമകൾ ആവശ്യപ്പെടുന്നതാണെങ്കിലും ഇപ്പോഴാണ് സർക്കാർ പ്രശ്നം മനസ്സിലാക്കി ആവശ്യമായ ചട്ടങ്ങൾ ഉണ്ടാക്കുന്നത്.
വ്യവസായ എസ്റ്റേറ്റുകൾ സ്ഥിതിചെയ്യുന്ന ഭൂമിക്ക് പട്ടയം അനുവദിക്കേണ്ടത് റവന്യൂ വകുപ്പാണ്. ഇതിനുള്ള അപേക്ഷകൾ നൽകേണ്ടത് വ്യവസായ എസ്റ്റേറ്റ് ജനറൽ മാനേജർമാരും. സ്വാഭാവികമായും ഒട്ടേറെ നൂലാമാലകളും സർക്കാർ ചുവപ്പുനാടയുമൊക്കെ കടന്നുവേണം ഇതൊക്കെ നടക്കാൻ. ഒരു പ്രത്യേക വ്യവസായം തുടങ്ങാൻ വേണ്ടിയാകും വ്യവസായ എസ്റ്റേറ്റിൽ സംരംഭകന് ഭൂമി അനുവദിക്കുന്നത്. സംരംഭം പല കാരണങ്ങളാൽ നിലച്ചുപോയാലും ഈ സ്ഥലം മറ്റൊരു സംരംഭകന് കൈമാറാൻ കഴിയുമായിരുന്നില്ല. അഥവാ കൈമാറിയാൽത്തന്നെ അവിടെ നടന്നിരുന്ന വ്യവസായ സംരംഭം തന്നെയാകണം തുടർന്നും നടത്താൻ എന്നും നിഷ്‌കർഷിച്ചിരുന്നു.
വ്യവസായ എസ്റ്റേറ്റുകൾ പ്രേതഭൂമി പോലെയാകാൻ ഇതുപോലുള്ള വ്യവസ്ഥകളാണ് പ്രധാന കാരണം. പുതിയ ചട്ടപ്രകാരം ഇത്തരം നൂലാമാലകൾ ഒഴിവാക്കിയിട്ടുണ്ട്. മൂന്നുവർഷം കഴിഞ്ഞാൽ ഉടമയ്ക്ക് ഭൂമി യഥേഷ്ടം കൈമാറാൻ ഇനി സാധിക്കും. അതുപോലെ അവിടെ നിലനിന്ന വ്യവസായം തന്നെ തുടരേണ്ടതുമില്ല. പുതിയ ഉടമയ്ക്ക് ഇഷ്ടമുള്ള സംരംഭം തുടങ്ങാൻ യാതൊരു തടസ്സവുമില്ല. പഴയ ഉടമയ്ക്കു തന്നെ സ്വന്തം യൂണിറ്റിൽ മൂന്നുവർഷം കഴിഞ്ഞാൽ നിലവിലുള്ളതു നിറുത്തി പുതിയ സംരംഭം ആരംഭിക്കാനും ഇനി തടസ്സമുണ്ടാകില്ല.
പട്ടയം അനുവദിക്കേണ്ടത് കളക്ടർമാരായതിനാൽ മതിയായ ചട്ടങ്ങളില്ലാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റവന്യൂ വകുപ്പിന്റെ അംഗീകാരത്തോടെയാണ് പുതിയ ചട്ടങ്ങൾ വരുന്നതെന്നതിനാൽ പട്ടയം നൽകൽ ഇനി എളുപ്പമാകും. വ്യവസായ എസ്റ്റേറ്റിലെ ഭൂമി അനുവദിക്കുമ്പോൾ തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായം ഏതെന്ന് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. പുതിയ ചട്ടമനുസരിച്ച് ഇനി അതു വേണ്ട. പുതിയ സംരംഭം എന്നു രേഖപ്പെടുത്തി ഇഷ്ടമുള്ള ഏതും തുടങ്ങാനാവും.
വ്യവസായ എസ്റ്റേറ്റുകൾ കൊണ്ട് ഉദ്ദേശിച്ചിരുന്ന വ്യാവസായിക വളർച്ച നേടാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. തുടങ്ങി അധിക കാലമാകും മുമ്പേ പൂട്ടുവീണ സംരംഭങ്ങളാണ് അധികവും. വിപണിയുടെ ആവശ്യം മനസ്സിലാക്കാതെ തുടങ്ങുന്ന സംരംഭങ്ങളിൽ നഷ്ടം സംഭവിച്ച് പിൻവാങ്ങേണ്ടി വന്നവരാണ് ഏറെയും. വ്യവസായ വളർച്ചയിൽ ചെറു സംരംഭങ്ങൾക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. വ്യവസായ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പുതിയ നയം മാറ്റം പുതിയൊരു തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |