കഴുകി വൃത്തിയാക്കൂ തെരുവരികുകൾ
കണികലേശവും പാടില്ല, കദനങ്ങൾ
വികൃതമായവയൊക്കെ മായ്ക്കൂ ചുറ്റു-
മുയരവൻമതിൽ കൊണ്ടു നിർഭാഗ്യത പഴുതു കാണാതടച്ചേക്കു, വാർദ്ധകം
ഇരുളറയിലതിൻ പരാധീനത
കരുണനേത്രങ്ങൾ കാണാതെ പോകട്ടെ
സുരഭിലം നിത്യയൗവ്വനം, ലോകമെന്തതി മനോഹരം
പുതിയ പൂക്കൾ, മഴ, കിളികൾപാടുന്ന - മട്ടിലെന്നും കാൺമൂ പ്രകൃതിയെന്നൊരു
കല്ലു വയ്ക്കും നുണ പലവുരു പലർ
പറയട്ടെ നേരു പോൽ.
ഗലികളൊന്നും തുറക്കേണ്ട ചോരചാൽ
വഴി തുറക്കുന്ന ഗട്ടറിൽ നിന്നിതാ
കുറിയൊരാകാശം എത്തി നോക്കുന്നുണ്ട്
ഉടലുകീറിയ കോലങ്ങൾ കൂട്ടിയിട്ടൊരു
പെരും ചിത വെന്തു നീറുന്നുണ്ട്
വിട പറഞ്ഞവർ നിത്യം പതിവ്രത, സതി
പുരാതന നാമാവലികളാൽ
മരണശേഷ ബഹുമതിയാചരി-
ച്ചവരെ നമ്മൾ സഭാമന്ദിരങ്ങളിൽ.
വഴിയിലാരും വിതുമ്പരുതത്രമേൽ
കരളുരുകിയാൽ പോലും ചിരിക്കണം
നിറവിതാനം, ചുരുണ്ടുണങ്ങുന്നതാം
കുടലുമാലകൾ ഓർക്കാതിരിക്കണം
രഥമിറങ്ങട്ടെ! രാജകുമാരന്റെ
പതിവു പള്ളിസ്സവാരിക്ക് നേരമായ്
സകല ദുഃഖങ്ങളും മറന്നേക്കു
തേരുരുളുമൊച്ച ദൂരത്തിലെത്തും വരെ
കഴുകി മായ്ക്കുക, കാലങ്ങളായ്
വീണു മടിയുമെല്ലാമലിനവും പാടെ നാം
തെരുവു മിന്നട്ടെ ദൈവരാജ്യം പോലെ
ഇനിയുമാരും വിരിയുന്ന താമര -
ച്ചുവടുമായ് വഴി പോകാതിരിക്കട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |