തിരുവനന്തപുരം: ഉപഭോക്താക്കളെ കിട്ടാതെ ലാൻഡ്ലൈൻ കണക്ഷനുകൾ കുത്തനെ ഇടിഞ്ഞതോടെ, നഷ്ടത്തിലോടുന്ന ടെലിഫോൺ എക്സ്ചേഞ്ചുകൾ പൂട്ടാനൊരുങ്ങി ബി.എസ്.എൻ.എൽ. സംസ്ഥാനത്തുള്ള 1230 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നൂറെണ്ണമെങ്കിലും ഉടൻ പൂട്ടേണ്ടിവന്നേക്കും.
ആദ്യഘട്ടത്തിൽ ലാൻഡ് ലൈൻ കണക്ഷനുകൾ തീരെ കുറവുള്ള എക്സ്ചേഞ്ചുകളാണ് അടച്ചുപൂട്ടുക. ഇതിന്റെ ഭാഗമായി കോപ്പർ ലൈനിൽ നിന്ന് ഒപ്പ്റ്റിക്കൽ ഫൈബറിലേക്ക് കണക്ഷനുകൾ മാറ്റും.ഇതോടെ ലാൻഡ് ലൈൻ കണക്ഷൻ നൽകുന്ന ജോലി ബി.എസ്.എൻ.എല്ലിന് ഇല്ലാതാകും. സംസ്ഥാനത്ത് ബി.എസ്.എൻ.എല്ലിന്റെ ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ നൽകുന്നത് സ്വകാര്യകമ്പനിയാണ്.ആകെ 5.40ലക്ഷം ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളും 3.70 ലാൻഡ് ലൈൻ കണക്ഷനുകളുമാണ് സംസ്ഥാനത്തുള്ളത്.
അതേസമയം കേരളമുൾപ്പെടെ ബി.എസ്.എൻ.എൽ വൻസാമ്പത്തിക തകർച്ചയിലാണ്. നോർത്ത് ഈസ്റ്റ് ടാസ്‌ക് ഫോഴ്സ്, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയടക്കം അഞ്ച് സർക്കിളുകൾ ജൂലായ് -സെപ്തംബർപാദത്തിൽ നഷ്ടത്തിലേക്ക് വീണു. തുടർച്ചയായി വരുമാന നേട്ടത്തിലായിരുന്ന കേരള സർക്കിളും നഷ്ടത്തിലേക്ക് വീണത് ബി.എസ്.എൻ.എല്ലിന് തിരിച്ചടിയായി.മൊത്തം 32 സർക്കിളുകളിൽ 14 എണ്ണവും ആദ്യപകുതിയിൽ നഷ്ടം നേരിട്ടു.
മൊബൈൽ ഫോൺ മേഖലയിലും തിരിച്ചടി
മൊബൈൽ ഫോൺ മേഖലയിലും ബി.എസ്.എൻ.എല്ലിന് തിരിച്ചടിയാണ്.ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മൊത്തം മൊബൈൽ കണക്ഷനുകൾ 2023 ഏപ്രിലിൽ 1.64 ലക്ഷം കുറഞ്ഞ് 4.22 കോടിയായി. വോഡഫോൺഐഡിയയ്ക്ക് 1.15 ലക്ഷവും ബി.എസ്.എൻ.എല്ലിന് 1.10 ലക്ഷവും കണക്ഷനുകൾ കുറഞ്ഞു. അതേസമയം, ജിയോ കേരളത്തിൽ 49,000 വരിക്കാരെയും എയർടെൽ 12,000 വരിക്കാരെയും പുതുതായി ചേർത്തു. ഇതരസംസ്ഥാനക്കാർ കൂടുതലും ജിയോയെയാണ് ആശ്രയിക്കുന്നത്. നമ്പർ മാറാതെ ടെലികോം സേവനദാതാവിനെ മാറ്റാൻ ഉപയോക്താവിന് അവസരമേകുന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എം.എൻ.പി) മാർച്ചിൽ 1.2 ലക്ഷം പേർ ഉപയോഗപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |