SignIn
Kerala Kaumudi Online
Saturday, 12 September 2026 4.38 AM IST

കേരളത്തിൽ ഇത്തവണ ചരിത്രം തിരുത്തിയെഴുതാൻ പത്തൊമ്പതാമത്തെ അടവുമായി ബിജെപി, അടുത്തമാസം എല്ലാം അറിയാം

READ ENGLISH VERSION
bjp

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ജനുവരിയിൽ വന്നേക്കും. കൂടുതൽ സാധ്യതയുളള മണ്ഡലങ്ങളിലാണിത്. കേരളത്തിൽ തൃശൂരടക്കം ചില മണ്ഡലങ്ങൾ ഇതിലുൾപ്പെട്ടിട്ടുണ്ട്.ദേശീയ തലത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി അവസാനമോ,മാർച്ച് ആദ്യ വാരമോ ഉണ്ടാവും.തിരുവനന്തപുരത്തടക്കം കേരളത്തിലെ ചില മണ്ഡലങ്ങളിൽ ഇക്കുറി അപ്രതീക്ഷിത സ്ഥാനാർത്ഥിയാവുമെന്നാണ് സൂചന.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തു നിന്ന് ഒ. രാജഗോപാൽ വിജയിച്ചതൊഴിച്ചാൽ ബി.ജെ.പിക്ക് കേരളം ബാലികേറാമലയാണ്. 21ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമവും കൈവിട്ടു. ഇക്കുറി ചരിത്രം മാറ്റിയെഴുതാനുളള വാശിയിലാണ് ബി.ജെ.പി.


ആഗോള തലത്തിൽ ശ്രദ്ധേയനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ ഡോ.ശശി തരൂർ തുടർച്ചയായി വിജയിച്ച തിരുവനന്തപുരം പിടിക്കാൻ വി.വി.ഐ.പി സ്ഥാനാർത്ഥി അനിവാര്യം.കേന്ദ്ര മന്ത്രിമാരായ ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യമന്ത്രി ജയശങ്കർ,ഐ.ടി.മന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പേരാണ്

അഭ്യൂഹങ്ങളിൽ പ്രധാനം. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പ്. കേന്ദ്രമന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ മത്സരിച്ചേക്കും. പാർട്ടിയിലേക്ക് വന്ന അനിൽ ആന്റണി, മേജർ രവി തുടങ്ങി പേരുകളുമുണ്ട് പാർട്ടി പരിഗണനയിൽ.

കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് ലോക്സഭാ എം.പിമാരില്ലെങ്കിലും സംസ്ഥാനത്തിന് നിരവധി പദ്ധതികൾ അനുവദിച്ചും, ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ കൈയിലെടുത്തും ഇക്കുറി കൂടുതൽ ആത്മവിശ്വാസത്തോടെയാണ് പാർട്ടി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സ്ഥിരം മുഖങ്ങളെ മാറ്റി നിറുത്തി പൊതു പ്രതിച്ഛായയുള്ള നേതാക്കളെ ഇറക്കാനാണ് ആലോചന. കഴിഞ്ഞ ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ 4,500 കോടിയുടെ വിവിധ പദ്ധതികൾക്കാണ് തുടക്കമിട്ടത്. കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം, വൈദ്യുതീകരിച്ച ഡിണ്ഡിഗൽ -പഴനി-പാലക്കാട് റെയിൽവേ ലൈൻ സമർപ്പണം, തിരുവനന്തപുരവും കോഴിക്കോടുമടക്കം നിരവധി റെയിൽവേസ്‌റ്റേഷനുകളുടെ നവീകരണോദ്ഘാടനം, ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാ സ്ഥാപനം തുടങ്ങിയവയും പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. സംസ്ഥാനത്തേക്ക് രണ്ട് വന്ദേഭാരത് ട്രെയിൻ നൽകിയതും പാർട്ടി ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, KERALA, ELECTION, LOKSABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA