തിരുവന്തപുരം : നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് സാധാരണ കോൺട്രാക്ട് കാര്യേജാക്കി അവതരിപ്പിക്കും. കെ.എസ്.ആർ.ടി.സിയുടെ വിനോദസഞ്ചാര പദ്ധതികൾക്ക് ഉപയോഗിക്കാനാണ് മാറ്റങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയൻ ഇരുന്ന സീറ്റും ബസിൽ നിന്ന് ഇറങ്ങാനുള്ള ലിഫ്റ്റും പൊളിച്ചുമാറ്റും. വി.ഐ.പി സുരക്ഷാ സജ്ജീകരണങ്ങൾ നീക്കും.
നവകേരള സദസിന്റെ എറണാകുളം പര്യടനം അവസാനിച്ച ശേഷമാണ് ബസ് ബംഗളൂരുവിലെ 'പ്രകാശ്' കോച്ച് ബിൽഡേഴ്സിന് കൈമാറിയത്. 1.15 കോടി രൂപ ചെലവിട്ട് അവിടെയാണ് ബസ് നിർമിച്ചത്.
മാറ്റങ്ങൾ ഇങ്ങനെ
കല്ലേറിൽ തകരാത്ത വശങ്ങളിലെ ഗ്ലാസ് നീക്കി കൂടുതൽ കാഴ്ചകിട്ടുന്ന ഗ്ലാസുകൾ പിടിപ്പിക്കും. ചെറിയ മാറ്റങ്ങളോടെ ടോയ്‌ലറ്റ് നിലനിർത്തും. സാധാരണ റൂഫ്‌ടോപ്പ് എ.സി മാത്രമാകും ഉണ്ടാകുക. ബസ് നിറുത്തിയിടുമ്പോൾ പ്രവർത്തിപ്പിക്കുന്ന സ്‌പ്ലിറ്റ് എ.സി, ജനറേറ്റർ, ഇൻവെർട്ടർ എന്നിവ ഒഴിവാക്കും. സാധനങ്ങൾ വയ്ക്കാൻ പിന്നിൽ സീറ്റുകൾ പുനഃക്രമീകരിക്കും. ഇതിനെല്ലാം കാര്യമായ മുതൽമുടക്ക് വേണ്ടിവരും. കുടുംബാവശ്യങ്ങൾക്ക് ബസ് വാടകയ്ക്ക് നൽകാനാണ് നീക്കം. ഇതിനായി ഫ്രിഡ്ജും, മൈക്രോവേവ് ഓവനും ഘടിപ്പിക്കും. ബസ് വാടകയ്ക്ക് ചോദിച്ച് നിരവധി അന്വേഷണങ്ങൾ കെ.എസ്.ആർ.ടി.സിക്ക് കിട്ടുന്നുണ്ട്. ദിവസവാടക നിശ്ചയിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. ജനുവരി അവസാനത്തോടെ നവകേരള ബസ് സാധാരണക്കാർക്കായി തിരിച്ചെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |