പടയോട്ടങ്ങൾ കണ്ട സാമൂതിരിയുടെ തട്ടകത്ത് സീറ്റ് നിലനിറുത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടമാണ് യു.ഡി.എഫും എൽ.ഡി.എഫും നടത്താനൊരുങ്ങുന്നത്. ഒപ്പം ശക്തി തെളിയിക്കാൻ എൻ.ഡി.എയുമുണ്ട്. സൽക്കാരപ്രിയരുടെ നാട്, നാടകവും കലയും സിനിമയും ഒരുപോലെ സമന്വയിച്ച മണ്ണ്. സാഹിത്യനഗരമെന്ന ഖ്യാതി. കോഴിക്കോട്ട് ഇത്തവണ പോരിന് വാശിയേറും.
എഴുമണ്ഡലങ്ങൾ;
ആറും ഇടത്ത്
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം. 2009- നു മുമ്പ് തിരുവമ്പാടിയും കൽപ്പറ്റയും കോഴിക്കോട് മണ്ഡലത്തിന്റെ ഭാഗമായിരുന്നു. എന്നുവച്ചാൽ കോൺഗ്രസിന്റെ കരുത്തുറ്റ മണ്ഡലം. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് നടന്ന മണ്ഡല പുനർനിർണയത്തിലൂടെ തിരുവമ്പാടിയും കൽപ്പറ്റയും കോഴിക്കോട്ടുനിന്ന് വിട്ടുപോയി. സി.പി.എം കുത്തകയായ ബേപ്പൂർ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. അതോടെ കോൺഗ്രസ് ആധിപത്യ മണ്ഡലം ഇടത്തേക്കു ചെരിഞ്ഞു. കൊടുവള്ളി നിയമസഭാ മണ്ഡലം ഒഴിച്ചാൽ ആറും ഇടതുപക്ഷത്ത്. എന്നിട്ടും 2009 മുതൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തെ വലത്തോട്ട് പിടിച്ചുനിറുത്തിയത് രാഘവനെന്ന കോൺഗ്രസിന്റെ കരുത്തുറ്റ സാരഥി!
കണ്ണൂരിൽ നിന്ന് കെട്ടിയിറക്കപ്പെട്ടവനെന്ന അപവാദത്തോടെയായിരുന്നു രാഘവന്റെ പ്രവേശനം. അപവാദം ഉയർത്തിയതാവട്ടെ കോഴിക്കോട്ടെ കോൺഗ്രസുകാരും. കോഴിക്കോട്ടെ പ്രമുഖ നേതൃനിരയെ മറികടന്ന് എം.കെ.രാഘവന് സീറ്റു നൽകിയതിൽ നേതാക്കൾക്കുള്ളിൽ വലിയ എതിർപ്പായിരുന്നു. പറ്റാവുന്നവരെല്ലാം രാഘവനെതിരെ നല്ല പണിയുമെടുത്തു. എന്നിട്ടും പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് എം.കെ.രാഘവൻ കോഴിക്കോട്ടുകാരനായി 2009-ൽ പിറവിയെടുത്തു.
അന്നത്തെ യുവനേതാവും ഇന്നത്തെ മന്ത്രിയുമായ മുഹമ്മദ് റിയാസിനെ 838 വോട്ടുകൾക്ക് തോൽപ്പിച്ചുകൊണ്ടായിരുന്നു രാഘവീയത്തിനു തുടക്കം. 2014 ആവുമ്പോഴേക്കും എം.കെ.രാഘവൻ കോഴിക്കോട്ടുകാരുടെ ശരിക്കും രാഘവേട്ടനെന്ന വേഷമണിഞ്ഞു. മുക്കിലും മൂലയിലുമെല്ലാം സാന്നിദ്ധ്യമായി. രാഘവനെതിരെ മത്സരത്തിന് സി.പി.എം അന്നിറക്കിയത് കോഴിക്കോടിന് പുറത്തുനിന്ന് കരുത്തനായ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ഇപ്പോൾ പൊളിറ്റ്ബ്യൂറോ അംഗവുമായ എ.വിജയരാഘവനെ. പക്ഷെ ഫലം വന്നപ്പോൾ 2009-ലെ 838 ഭൂരിപക്ഷം രാഘവൻ 16,883 ആക്കി ഉയർത്തി.
2019ലെ തിരഞ്ഞടുപ്പെത്തിയപ്പോൾ രാഘവനെ തളയ്ക്കാൻ ഒരു കൊലകൊമ്പനെ വേണമെന്ന് പാർട്ടിയും മുന്നണിയും നിലപാടെടുത്തു. അങ്ങനെയാണ് കോഴിക്കോടിന്റെ ജനകീയനായ എം.എൽ.എ എന്നു പേരെടുത്ത എ.പ്രദീപ്കുമാറിനെ മത്സരത്തിനിറക്കിയത്. അപ്പോൾ കോഴിക്കോട് നോർത്തിലെ എം.എൽ.എ ആയിരുന്നു പ്രദീപ്. പക്ഷെ രാഹുൽഗാന്ധി വയനാട്ടിൽ ഇറങ്ങുക കൂടി ചെയ്ത കൊടുങ്കാറ്റിൽ രാഘവന്റെ ഭൂരിപക്ഷം 85,225 ആയി ഉയർന്നു.
ഇത്തവണ രാജ്യത്ത് ഇന്ത്യാ സഖ്യവും ബി.ജെ.പിയും നേർക്കുനേർ പോരാടുന്ന ഗോദയിൽ കോഴിക്കോടും സുപ്രധാനം തന്നെ. ഇന്ത്യാ സഖ്യത്തിലെ കൂട്ടുകാരാണ് കേരളത്തിലെ ഇരുമുന്നണിയുമെങ്കിലും കേരളത്തിൽ ശക്തി തെളിയിക്കുക ഇരുകൂട്ടർക്കും നിർണായകമാണ്. കോൺഗ്രസ് എം.കെ.രാഘവനെത്തന്നെ ഇറക്കാനാണ് തീരുമാനം. ഒരു പരീക്ഷണം നടത്തി കൈയിലുള്ളത് കളയരുതെന്ന് എ.ഐ.സി.സി കർശനം നിർദ്ദേശം നൽകിയിട്ടുണ്ട്. രാഘവനില്ലെങ്കിൽ രണ്ടുവട്ടം കോഴിക്കോടു ഭരിച്ച കെ.മുരളീധരനോ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാറോ വന്നേക്കാം. എങ്കിലും ഇപ്പോൾ 99 ശതമാനവും രാഘവനൊപ്പം തന്നെ.
സ്ഥാനാർത്ഥിയെ
തിരഞ്ഞ് സി.പി.എം
മൂന്നു തവണ തോറ്റതിന്റെ ക്ഷീണം എങ്ങനെ തീർക്കുമെന്നാണ് സി.പി.എമ്മിന്റെ ചോദ്യം. ആരെ നിർത്തും? റിയാസിനെയും വിജയരാഘവനെയും പ്രദീപ്കുമാറിനെയും പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. മണ്ഡലത്തിന്റെ കാലാവസ്ഥ നോക്കിയാൽ കൊടുവള്ളിയൊഴിച്ചാൽ ബാക്കി നിയമസഭാമണ്ഡലങ്ങളെല്ലാം എൽ.ഡി.എഫിനൊപ്പം. എന്നിട്ടും എന്തേ ലോക്‌സഭാമണ്ഡലം കൈയിൽ നിന്നുപോകുന്നു എന്നാണ് ഗഹനമായ ചർച്ച. ഇത്തവണയെങ്കിലും രാഘവനെ തളയ്ക്കണം. മണ്ഡലം നെഞ്ചോടു ചേർക്കണം. അതിനായി കോഴിക്കോട്ടെ പ്രമുഖ നേതാവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീമിനെയാണ് സി.പി.എം കണ്ടുവച്ചിരിക്കുന്നത്. രാഘവനോട് നേർക്കുനേർ പൊരുതി നോക്കണമെങ്കിൽ എളമരം കരീം വേണമെന്നാണ് കോഴിക്കോട്ടെ പാർട്ടിയിലെ പ്രബലമായ അഭിപ്രായം
.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫിന്റെ പേരും എ. പ്രദീപ്കുമാറിന്റെ പേരുമെല്ലാം ഉയരുന്നുണ്ട്. ഇനിയൊരങ്കത്തിന് ലോക്‌സഭയിലേക്കില്ലെന്ന നിലപാടിലാണ് പക്ഷെ പ്രദീപ്. കുന്ദമംഗലത്തുനിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.ടി.എ റഹീമിനേയും പരിഗണിക്കുന്നുണ്ട്.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഗ്രാഫ് താഴോട്ടാണ്. 2009-ൽ കിട്ടിയ 89,718 വോട്ട് കഴിഞ്ഞ തവണ 85,225-ലേക്ക് ചുരുങ്ങി. ശോഭാ സുരേന്ദ്രനാണ് പാർട്ടി കോഴിക്കോട്ടേക്ക് ലക്ഷ്യംവയ്ക്കുന്ന സ്ഥാനാർത്ഥി. പ്രഭാരി സ്ഥാനം കിട്ടിയ ശേഷം ശോഭ കോഴിക്കോട്ടു തന്നെയുണ്ട്. ശോഭയല്ലെങ്കിൽ ജില്ലാ പ്രസിഡന്റ് വി.കെ.സജീവനും പരിഗണനയിലുണ്ട്. എം.ടി.രമേശിന്റെ പേരുമുണ്ട് പട്ടികയിൽ. എന്തായാലും കോഴിക്കോട്ട് ഇത്തവണ പോരാട്ടം തീപാറും.
വികസനത്തിന്റെ
വർഷങ്ങൾ
മെഡി. കോളേജിൽ പി.എം.എസ്.എസ്.വൈ ബ്ലോക്കിന് 120 കോടിയാണ് ചെലവിട്ടത്. 44 കോടി മുടക്കി കാൻസർ ചികിത്സാ സൗകര്യം ഏർപ്പെടുത്തി. കുഷ്ഠരോഗാശുപത്രിയിൽ 19.85 കോടിയുടെ സി.ആർ.സി. റെയിൽവേ സ്‌റ്റേഷൻ അന്താരാഷ്ട്രവത്കരണത്തിന് 473 കോടിയുടെ പദ്ധതിക്ക് അംഗീകാരം. വെള്ളയിൽ ഹാർബർ വികസനത്തിന് 30 കോടി ചെലവിട്ടു.
- എം.കെ. രാഘവൻ എം.പി
കേന്ദ്ര ഫണ്ടിന്റെ
ചെപ്പടിവിദ്യ
കേന്ദ്ര സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചുള്ള ഗിമ്മിക്കാണ് ഇത്രകാലം രാഘവൻ കാണിച്ചത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എന്ത് അന്താരാഷ്ട്രവത്കരണമാണ് നടന്നത്? മലബാറിൽ ശ്വാസംകഴിച്ചു പോകാൻ ഒരു ട്രെയിനുണ്ടോ? ബി.ജെ.പിയുടെ അജണ്ടയ്‌ക്കൊപ്പമാണ് രാഘവനും പ്രവർത്തിക്കുന്നത്. രാജ്യമാകെ നടക്കുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഒരക്ഷരം ഉരിയാടാത്ത നേതാവാണ് രാഘവൻ.
- പി. മോഹനൻ
ജില്ലാ സെക്രട്ടറി, സി.പി.എം
സ്വന്തമായി
എന്തു ചെയ്തു?
കേന്ദ്ര ഫണ്ടുകളുടെ പേരിൽ വികസനമെന്ന വീമ്പ് പറഞ്ഞു നടക്കുകയാണ് എം.കെ. രാഘവൻ. പതിനഞ്ചു വർഷത്തിനിടെ സ്വന്തമായി എന്തു ചെയ്തു? എയർപോർട്ട്, റെയിൽവേ വികസനം, മെഡിക്കൽ കോളജ് വികസനം എന്നൊക്കെ പറയുന്നത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വികസനമാണ്. സർക്കാർ ഭൂമി പ്രയോജനപ്പെടുത്തി തുടങ്ങാവുന്ന ഒരു വ്യവസായ പദ്ധതിക്കു പോലും എം.പി ശ്രമിച്ചിട്ടില്ല.
- വി.കെ. സജീവൻ
ജില്ലാ പ്രസിഡന്റ്, ബി.ജെ.പി
2019- ലെ വോട്ട്
എം.കെ.രാഘവൻ (കോൺഗ്രസ്)-49,3444
എ.പ്രദീപ്കുമാർ (സി.പി.എം)-40,8219
അഡ്വ.പ്രകാശ് ബാബു (ബി.ജെ.പി) 16,1216
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |