തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളിൽ സ്‌തനാർബുദം പെരുകുമ്പോൾ ഗർഭാശയഗള കാൻസർ കുറയുന്നത് ആശ്വസമാകുന്നു. തിരുവനന്തപുരം ആർ.സി.സിയിലെ കണക്ക് പ്രകാരം കാൻസർ ബാധിക്കുന്ന സ്ത്രീകളിൽ 31.6 ശതമാനത്തിനും സ്താനാർബുദമാണ്. എന്നാൽ ഗർഭാശയഗള കാൻസർ നിരക്ക് 5.8 ശതമാനമായി കുറഞ്ഞു. 2022ലെ കണക്കാണിത്.
2023ലെ കണക്ക് വരുമ്പോൾ സ്തനാർബുദ നിരക്ക് ഉയരുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2000-2001ൽ 100ൽ രണ്ടു പേർക്കായിരുന്നു ഗർഭാശയഗള കാൻസർ കണ്ടെത്തിയത്. 2022ൽ 7000 പേരെ പരിശോധിച്ചപ്പോഴാണ് ഒരാളിൽ രോഗം കണ്ടെത്തിയതെന്ന് കാൻസർ പ്രതിരോധന രംഗത്ത് പ്രവർത്തിക്കുന്ന മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് കെ. കൃഷ്ണാനാഥപൈ പറഞ്ഞു. എന്നാൽ 250 പേരിൽ ശരാശരി മൂന്ന് പേർക്ക് സ്തനാർബുദം കണ്ടെത്തുന്നുണ്ട്.
ബോധവത്കരണത്തിന്റെ ഫലമായുള്ള ആരോഗ്യകരമായ ലൈംഗിക ബന്ധമാണ് ഗർഭാശയഗള കാൻസർ കുറയാൻ സഹായിച്ചത്. ഗർഭാശയഗള കാൻസറിന് കാരണമായ ഹ്യൂമൻ പാപ്പിലോമാ വൈറസിന്റെ (എച്ച്.പി.വി) വ്യാപനം തടയാനായതും പ്രതിരോധത്തെ സഹായിച്ചു. കൂടാതെ ശരീരത്തിൽ ചെറിയ മാറ്റങ്ങളുണ്ടായാൽ സ്ത്രീകൾ പരിശോധനയ്‌ക്ക് വിധേയരാകുന്നതും ഗർഭാശയഗള കാൻസറിലെ പ്രതിരോധിക്കാൻ സഹായിച്ചു.
2.3 ദശലക്ഷം സ്തനാർബുദ കേസ്
2020ൽ ലോകാരോഗ്യ സംഘടന ലോകവ്യാപകമായി 2.3 ദശലക്ഷം സ്തനാർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 6,85,000 പേർ മരിച്ചു. രാജ്യത്ത് ഓരോ നാലുമിനിട്ടിലും ഒരു സ്ത്രീക്ക് സ്തനാർബുദം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച് 28 സ്ത്രീകളിൽ ഒരാൾക്ക് സ്‌തനാർബുദം വരാനുള്ള സാദ്ധ്യതയുണ്ട്. രോഗനിർണയത്തിൽ നേരിടുന്ന കാലതാമസമാണ് ഇതിന് കാരണം.
ലക്ഷണങ്ങളെ അവഗണിക്കരുത്
സ്‌തനത്തിലെ മുഴ
സ്‌തനത്തിൽ ചുവപ്പ്, വരണ്ട ചർമ്മം
മുലക്കണ്ണിൽ നിന്നും ദ്രാവകം
മുലക്കണ്ണിൽ പ്രകടമായ മാറ്റം
മുലക്കണ്ണിൽ മുറിവടയാളം
'അവബോധം വ്യാപകമായും രോഗനിർണയം വേഗത്തിലായതും ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാൻ സഹായിച്ചു. എന്നാൽ സ്തനാർബുദത്തിന്റെ നിരക്ക് വർദ്ധിക്കുന്നത് ഗൗരവകരമാണ്".
-ഡോ. എം.വി. പിള്ള, കാൻസർ രോഗവിദഗ്‌ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |