ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച പൊതുബഡ്ജറ്റിൽ കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായമായ കശുഅണ്ടി മേഖലയ്ക്ക് കടുത്ത നിരാശ. വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്ന കൊല്ലം ജില്ലക്കാരനായ മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ കശുഅണ്ടി തൊഴിലാളികളെ പൂർണമായും തഴഞ്ഞുവെന്ന പ്രതികരണമാണ് ഉയരുന്നത്.
പ്രതിസന്ധിയിലായ കശുഅണ്ടി മേഖലയ്ക്കായി 53. 36 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. കശുഅണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സഹായിക്കാനുള്ള പ്രത്യേക 'കശുഅണ്ടി പുനരുജ്ജീവന പദ്ധതി'യ്ക്കായി 30 കോടിയും കശുഅണ്ടിയുടെ ആഭ്യന്തര ഉത്പാദനം ലക്ഷ്യമിടുന്ന കേരള കശുമാവ് കൃഷി വികസന ഏജൻസിക്ക് 6.50 കോടിയും വിദേശത്തു നിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്യാൻ രൂപീകരിച്ച കാഷ്യു ബോർഡിന് റിവോൾവിംഗ് ഫണ്ടായി 40.81 കോടിയും വകയിരുത്തി. ചെറുതും ഇടത്തരവുമായ കശുഅണ്ടി ഫാക്ടറി യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനായി വെറും 2 കോടിയാണ് വകയിരുത്തിയത്. തൊഴിലാളികളെപ്പോലെ വ്യവസായികളും ബഡ്ജറ്റിൽ നിരാശരാണ്. സംസ്ഥാനത്ത് 864 കശുഅണ്ടി ഫാക്ടറികളുള്ളതിൽ 700 ഓളം ഫാക്ടറികളും വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇപ്പോൾ അനുവദിച്ച തുക പൊതുമേഖലാ സ്ഥാപനമായ കശുഅണ്ടി വികസന കോർപ്പറേഷനും സഹകരണ സ്ഥാപനമായ 'കാപ്പക്സി'നും മാത്രമാകും പ്രയോജനപ്പെടുക. കാഷ്യു കോർപ്പറേഷനു കീഴിലെ 30 ഫാക്ടറികളിലായി 11,000 ഓളം തൊഴിലാളികളും കാപ്പക്സിന്റെ 10 ഫാക്ടറികളിലായി 3000 ഓളം തൊഴിലാളികളുമാണ് ജോലിചെയ്യുന്നത്. തുറന്നു പ്രവർത്തിക്കുന്ന ഏതാനും സ്വകാര്യ ഫാക്ടറികളിലായി 5000ത്തോളം തൊഴിലാളികൾക്കും ജോലി ലഭിക്കുന്നുണ്ട്. ഇന്ന് ജോലിയുള്ളത് 20,000ത്തോളം തൊഴിലാളികൾക്ക് മാത്രം. 3 ലക്ഷത്തോളം തൊഴിലാളികളാണ് കശുഅണ്ടി വ്യവസായ മേഖലയിൽ ജോലിചെയ്തിരുന്നത്. ഇവരിൽ 90 ശതമാനത്തിലേറെയും സ്ത്രീകളാണെന്ന പ്രത്യേകതയുണ്ട്.
അടഞ്ഞു കിടക്കുന്ന 700 ഓളം ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാനോ അവിടെ തൊഴിലെടുത്തിരുന്ന തൊഴിലാളികളുടെ പുനരധിവാസത്തിനോ അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാനോ ഉള്ള ഒരു നിർദ്ദേശവും ബഡ്ജറ്റിൽ ഇല്ലെന്നതാണ് തൊഴിലാളികളെയും ചെറുകിട വ്യവസായികളെയും നിരാശയിലാഴ്ത്തുന്നത്. തൊഴിലാളികളുടെ കൂലി വർദ്ധനവിനെക്കുറിച്ചും ബഡ്ജറ്റ് മൗനം പാലിക്കുന്നു. കശുഅണ്ടി തൊഴിലാളികളുടെ കൂലി അവസാനമായി പുതുക്കി നിശ്ചയിച്ചത് 2014 ഫെബ്രുവരിയിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. 9 വർഷം കഴിഞ്ഞിട്ടും കൂലി പുതുക്കി നിശ്ചയിക്കാൻ ഇടതുമുന്നണി സർക്കാർ തയ്യാറായിട്ടില്ല. രണ്ട് വർഷം മുമ്പ് കശുഅണ്ടി തൊഴിലാളികൾ ഐ.എൻ.ടി.യു.സി നേതാവ് കടകംപള്ളി മനോജിന്റെ നേതൃത്വത്തിൽ കൂലി വർദ്ധനവിനായി നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 23 ശതമാനം കൂലി വർദ്ധനവ് നടപ്പാക്കിയതായി പറയുന്നുണ്ടെങ്കിലും ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചില്ല. ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ അതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനവുമില്ല.
കശുഅഅണ്ടി ഫാക്ടറികൾ നടത്തി കടക്കെണിയിലായ 5 വ്യവസായികളാണ് ജില്ലയിൽ ആത്മഹത്യ ചെയ്തത്. കടക്കെണിയിലായ വ്യവസായികളെ സംരക്ഷിക്കാൻ സർക്കാരും ബാങ്കുകളും എസ്.എൽ.ബി.സി (സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് കമ്മിറ്റി)യും ചേർന്ന് സ്വീകരിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചതായി കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ.രാജേഷ് പറയുന്നു.
കൊല്ലത്തിന്
പദ്ധതികൾ പരിമിതം
സംസ്ഥാന ബഡ്ജറ്റിൽ കൊല്ലം ജില്ലയ്ക്ക് കാര്യമായ പദ്ധതികളൊന്നുമില്ല. കശുഅണ്ടി പുനരുജ്ജീവന പദ്ധതി, കൊല്ലം തുറമുഖത്തെ നോൺ മേജർ തുറമുഖമായി വികസിപ്പിക്കും, അഷ്ടമുടിക്കായലിൽ സോളാർ ബോട്ട് തുടങ്ങിയ ചില പ്രധാന പ്രഖ്യാപനങ്ങളൊഴിച്ചാൽ എടുത്തുപറയാവുന്ന പദ്ധതികൾക്കൊന്നും തുക വകയിരുത്തിയിട്ടില്ല. കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലാ പി.എസ്.സി ഓഫീസുകൾക്ക് സ്വന്തം കെട്ടിടം നിർമ്മാണത്തിന് 5.24 കോടി വകയിരുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കശുഅണ്ടി, കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകൾ, വിനോദ സഞ്ചാരം, തുറമുഖം, മത്സ്യബന്ധനം തുടങ്ങിയ മേഖലകൾ പ്രതീക്ഷയിലായിരുന്നു. ഈ മേഖലകളെയെല്ലാം സ്പർശിക്കുന്ന ചിലപ്രഖ്യാപനങ്ങൾ ബഡ്ജറ്റിൽ ഉണ്ടെങ്കിലും നാമമാത്രമായ തുകയാണ് വകയിരുത്തിയിട്ടുള്ളത്. മുൻ വർഷങ്ങളിലെപ്പോലെ ഇവയൊക്കെ പ്രഖ്യാപനങ്ങളായി കടലാസ്സിൽ ഒതുങ്ങുമോ എന്ന സംശയമാണുയരുന്നത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും പഴയ കൊല്ലം തുറമുഖത്തിന്റെ പ്രസക്തി വർദ്ധിക്കുമെന്ന് ബഡ്ജറ്റിൽ പറയുന്നുവെങ്കിലും കൊല്ലം തുറമുഖത്തിനായി പ്രത്യേകം തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ല. എന്നാൽ ചരക്ക് നീക്കത്തിനും ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഊന്നൽ നൽകി അഴീക്കൽ, ബേപ്പൂർ, കൊല്ലം, ആലപ്പുഴ, പൊന്നാനി തുറമുഖങ്ങളുടെ സമഗ്ര അടിസ്ഥാന സൗകര്യ വികസനത്തിനായി 39. 20 കോട വകയിരുത്തിയതിൽ കൊല്ലം തുറമുഖത്തിനും ഒരു വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം തുറമുഖത്തിന്റെ പ്രസക്തി ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്.
മത്സ്യബന്ധന, കയർ,
കൈത്തറി മേഖല
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരമ്പരാഗത വ്യസായങ്ങളായ മത്സ്യബന്ധന, കയർ, കൈത്തറി മേഖലകൾക്ക് കാര്യമായ വിഹിതം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പൊതുവായി വകയിരുത്തിയതിന്റെ വിഹിതം മാത്രമാണ് ലഭിച്ചത്. മത്സ്യബന്ധന മേഖലയ്ക്കായി ആകെ 227. 12 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന മേഖലയായ കൊല്ലത്തിന് മാത്രമായി കാര്യമായ പദ്ധതികളോ വിഹിതമോ ഇല്ല. നീണ്ടകരയിലെ മത്സ്യഫെഡിന്റെ വലനിർമ്മാണ ഫാക്ടറിക്ക് 5 കോടി അധികമായി വകയിരുത്തിയതാണ് ഏക ആശ്വാസം. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 300 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഓഷ്യനേറിയത്തിന് തുക വകയിരുത്തിയില്ല. കയർ വ്യവസായ മേഖലയിലെ വിവിധ പദ്ധതികൾക്കായി 107.64 കോടി വകയിരുത്തിയെങ്കിലും ജില്ലയ്ക്കായി പ്രത്യേക വിഹിതമില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണസംഘങ്ങൾ, സ്വകാര്യസംരംഭങ്ങൾ എന്നിവയുടെ പുനരുജ്ജീവനത്തിനും ആധുനികവത്ക്കരണത്തിനുമായി 32 കോടി വകയിരുത്തിയിട്ടുണ്ട്. കൈത്തറി ഗ്രാമങ്ങൾ രൂപീകരിക്കാൻ പ്രഖ്യാപിച്ച 4 കോടിയുടെ പദ്ധതിയിൽ ജില്ലയിലെ എത്ര ഗ്രാമങ്ങൾ ഉൾപ്പടുത്തി എന്നതിൽ വ്യക്തതയില്ല. കൈത്തറി - യന്ത്രത്തറി മേഖലയ്ക്കായി 51.89 കോടി നീക്കിവച്ചു. സഹകരണ സ്പിന്നിംഗ് മില്ലുകളുടെ പ്രവർത്തന മൂലധനങ്ങൾക്ക് ഒറ്റത്തവണ സഹായം അടക്കം ടെക്സ്‌ഫെഡിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 9. 85 കോടി അനുവദിച്ചത് ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് കായൽ ടൂറിസം പദ്ധതികൾക്കായി രണ്ട് സോളാർ ബോട്ടുകൾ വാങ്ങാൻ 5 കോടി വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |