തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായി ഒരുകാലത്ത് കരുതപ്പെട്ടിരുന്നത് ഇരുപത്തിനാലു മണിക്കൂറും മുടങ്ങാതെ ലഭിക്കുന്ന ശുദ്ധജലമായിരുന്നു. നഗരം വികസിക്കുകയും നഗരവാസികളുടെ സംഖ്യ പെരുകുകയും ചെയ്തതോടെ ഈ സൗഭാഗ്യത്തിന് മങ്ങലേറ്റു. പലേടത്തും പല നാളുകളിൽ വെള്ളം വേണ്ടത്ര ലഭിക്കാതായി. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ജലവിതരണ സംവിധാനങ്ങൾ വർദ്ധിപ്പിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഇതിനൊക്കെ പുറമെയാണ് നഗരത്തിൽ പൈപ്പ് പൊട്ടൽ മൂലമുണ്ടാകുന്ന ജലവിതരണ പ്രതിസന്ധി.
ഈയിടെയായി അടിയ്ക്കടിയെന്നോണം ജലവിതരണത്തിന് തടസ്സം നേരിടുന്നു. മുന്നറിയിപ്പോടു കൂടിയും അപ്രതീക്ഷിതമായും പൈപ്പിൽ വെള്ളം കിട്ടാതാകുമ്പോൾ നഗരവാസികൾ പരക്കം പായുകയാണ്. ഇക്കഴിഞ്ഞ നാലു ദിവസങ്ങളിലും നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളംകിട്ടാതെ നരകിച്ചു. ഇന്നും നഗരത്തിന്റെ വലിയൊരു ഭാഗത്ത് വെള്ളം കിട്ടുകയില്ലെന്ന അറിയിപ്പും വന്നിട്ടുണ്ട്. വെള്ളം മുടങ്ങുമെന്നല്ലാതെ എന്തെങ്കിലും ബദൽ സംവിധാനങ്ങൾ ഉണ്ടോ എന്ന് ആരും പറയുന്നില്ല. വീട്ടിലുള്ള ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം തലേദിവസം വെള്ളം ശേഖരിച്ചുവയ്ക്കുക എന്നതിനപ്പുറം സാധാരണക്കാരുടെ മുന്നിൽ മറ്റു വഴികളൊന്നുമില്ല.
നഗരത്തിലെ ജലവിതരണത്തിൽ കൂടക്കൂടെയുണ്ടാകുന്ന തടസ്സങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിലുള്ള പരിഹാരമാണ് വേണ്ടത്. നിർഭാഗ്യവശാൽ ഒരിടത്ത് പൈപ്പ് പൊട്ടുകയോ മറ്റു തടസ്സങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അതു നേരെയാക്കാൻ കണക്കിലേറെ സമയമെടുക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. സാങ്കേതിക സൗകര്യങ്ങൾ ഏറെ വികസിച്ചിട്ടുള്ള ഇക്കാലത്തും പൈപ്പിലെ ചോർച്ച അടച്ച് ജലവിതരണം പുനരാരംഭിക്കാൻ ഇരുപത്തിനാലു മണിക്കൂർ വേണ്ടിവരുന്നത് വിരോധാഭാസമാണ്. നഗരത്തിൽ എവിടെയെങ്കിലും ജലവിതരണം തടസ്സപ്പെട്ടാൽ ഓടിയെത്തി പരിഹരിക്കാൻ ബ്ളൂ ബ്രിഗേഡ് എന്ന പേരിൽ പ്രത്യേക സംവിധാനം ഉണ്ടായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ചൊന്നും കേൾക്കാനില്ല. സ്ഥിരം കരാറുകാരുടെ സന്മനസ്സിനെ ആശ്രയിച്ചാണ് ഇപ്പോൾ കാര്യങ്ങൾ.
നഗരത്തിൽ വെള്ളമെത്തിക്കാൻ വേണ്ടി നിർമ്മിച്ച അരുവിക്കരയിലെയും പേപ്പാറയിലെയും അണക്കെട്ടുകളുടെ സംഭരണശേഷി മണലും ചെളിയും അടിഞ്ഞ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രണ്ടുദിവസം അടുപ്പിച്ച് മഴ പെയ്താൽ അരുവിക്കര നിറഞ്ഞുകവിയുന്ന സ്ഥിതിയാണ്. ജലശുദ്ധീകരണ പ്ളാന്റുകളിലും അടിക്കടി അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നു. ഇന്നത്തെ വെള്ളം മുടക്കവും ശുദ്ധീകരണ പ്ളാന്റുകളിലൊന്നിലെ അറ്റകുറ്റപ്പണികളുടെ പേരിലാണ്.
നഗരത്തിൽ ജലലഭ്യത കൂട്ടാനായി നെയ്യാർ ഡാമിലെ വെള്ളം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾക്ക് മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇപ്പോഴും അത് സജീവമായിരിക്കുകയാണ്. നെയ്യാറിൽ നിന്ന് നഗരത്തിലെ ജലശുദ്ധീകരണശാലയിലേക്ക് പൈപ്പ് കൊണ്ടുവരുന്നതിനുള്ള സർവ്വേ ജോലികൾ പൂർത്തിയായെന്നും കേൾക്കുന്നു. വർദ്ധിച്ച ആവശ്യങ്ങൾ നേരിടാൻ പുതിയ ജലസ്രോതസ്സ് അത്യാവശ്യമായി വന്നിരിക്കുകയാണ്. സമയം കളയാതെ നെയ്യാർ ജലപദ്ധതി പ്രാവർത്തികമാക്കാനുള്ള ഉറച്ച നടപടികളാണ് വേണ്ടത്.
നഗരത്തിനാവശ്യമായ എത്ര വെള്ളം വേണമെങ്കിലും ലഭ്യമാണ്. നെയ്യാർ അണക്കെട്ടിനു പുറമെ വെള്ളായണിയിലും ആവശ്യത്തിലേറെ ശുദ്ധജലം ലഭ്യമാണ്. അതൊക്കെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയാൽ നഗരത്തിനാവശ്യമായത്ര വെള്ളം കിട്ടും. നിശ്ചയദാർഢ്യത്തോടെ ആരെങ്കിലുമൊക്കെ രംഗത്തിറങ്ങണമെന്നുമാത്രം. വർഷങ്ങൾക്കു മുമ്പ് നഗരത്തിൽ വെള്ളം ദിവസങ്ങളോളം മുടങ്ങിയ ഒരു ഘട്ടത്തിലാണ് അന്ന് ജലസേചന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന യശഃശരീരനായ എം.എൻ. ഗോവിന്ദൻനായർ നെയ്യാർ ഡാമിലെ വെള്ളം എത്തിക്കാനുള്ള നടപടിക്കു തുടക്കമിട്ടത്. ഏറെ അദ്ധ്വാനത്തിനുശേഷം അദ്ദേഹം ലക്ഷ്യം നേടുകയും ചെയ്തു. ആധുനിക ഭഗീരഥൻ എന്ന പേരും ഇതിന്റെ പേരിൽ അദ്ദേഹത്തിനു ലഭിച്ചതോർക്കുന്നു. അതുപോലുള്ള ധിഷണാശാലികളെയാണ് സംസ്ഥാനത്തിന് ഇന്ന് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |