ഹരിത വിപ്ളവത്തിന്റെ പിതാവും പ്രശസ്ത കൃഷി ശാസ്ത്രജ്ഞനുമായിരുന്ന അന്തരിച്ച ഡോ. എം.എസ് സ്വാമിനാഥനെ രാജ്യം മരണാനന്തരം ഭാരതരത്ന നൽകി ആദരിച്ചപ്പോൾ കേരളത്തിനിത് അഭിമാനനിമിഷം. കേരളത്തിന് ആദ്യമായി ഭാരതരത്ന നേടിത്തന്നതിന്റെ ഖ്യാതിയും സ്വാമിനാഥന് സ്വന്തം. പമ്പ- മണിമലയാറുകളുടെ സംഗമസ്ഥാനത്ത് മങ്കൊമ്പ് ദേവീ ക്ഷേത്രത്തിന് അഭിമുഖമായിരുന്നു സ്വാമിനാഥന്റെ കുട്ടനാട്ടിലെ വീട്. 1925 ആഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്താണ് മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമായ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥനെന്ന എം.എസ്.സ്വാമിനാഥന്റെ ജനനം.
കുട്ടിക്കാലത്ത് കുംഭകോണത്ത് സ്ഥിരതാമസമാക്കിയിരുന്നെങ്കിലും മങ്കൊമ്പിലെ കൊട്ടാരം തറവാടുമായുള്ള ആത്മബന്ധം നഷ്ടപ്പെടാതെ സൂക്ഷിച്ച സ്വാമിനാഥന് രാജ്യത്തെ കാർഷിക രംഗത്തെ അതികായനാക്കിയതിൽ മങ്കൊമ്പും കുട്ടനാടും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്പലപ്പുഴ രാജാവിന്റെ ക്ഷണം സ്വീകരിച്ച് തഞ്ചാവൂർ കൊട്ടാരത്തിൽ നിന്നുമെത്തിയ പണ്ഡിതശ്രേഷ്ഠനായ വെങ്കിടാചലയ്യരുടെ പിൻതലമുറക്കാരാണ് സ്വാമിനാഥന്റെ കുടുംബം. ആഗോള കാർഷിക രംഗത്ത് സുപ്രധാന സംഭാവനകൾ നൽകിയ അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോലോഗിന്റെ ഗവേഷണങ്ങളുടെ തുടർച്ച ഇന്ത്യയിലും നടപ്പാക്കിയത് അദ്ദേഹമാണ്. 1943ൽ ബംഗാളിലുണ്ടായ ക്ഷാമത്തിന്റെയും രാജ്യത്തെ ഭക്ഷ്യദാരിദ്ര്യത്തിൻെറയും കാഠിന്യം മനസിലാക്കിയാണ് തന്റെ ജീവിതം കാർഷിക മേഖലയ്ക്ക് സമർപ്പിച്ചത്.
മദ്രാസ് സർവകലാശാലയിൽ നിന്നും ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കൃഷിയിൽ യഥാക്രമം ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് യു.കെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ ഡോക്ടറൽ പഠനവും പൂർത്തിയാക്കി.
1972 മുതൽ ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെയും 1982 മുതൽ 1988 വരെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടർ ജനറലായി. 1979ൽ കൃഷി മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. അൻപതിലധികം ഹോണററി ഡോക്ടറേറ്റ് ഡിഗ്രികളുള്ള സ്വാമിനാഥനെ 1999ൽ ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിലെ ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായി തിരഞ്ഞെത്തു. കാർഷിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രമൺ മഗ്സസേ അവാർഡ്, ബോലോഗ് അവാർഡ്, ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് അവാർഡ് ഒഫ് സയൻസ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങളും രാജ്യം അദ്ദേഹത്തിന് നൽകി.
ഇന്ത്യയുടെ കാലാവസ്ഥ, മണ്ണ്, വെള്ളത്തിന്റെ ലഭ്യത തുടങ്ങിയവ പരിഗണിച്ച് ഭക്ഷ്യ സുരക്ഷയ്ക്കായി നിരവധി നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. 1960-70കളിൽ ഇന്ത്യയിലുണ്ടായ ദ്രുതഗതിയിലുള്ള കാർഷിക പരിവർത്തനത്തിന്റെ നേതൃത്വവും വഹിച്ചു. അത്യുല്പാദന ശേഷിയുള്ള വിളകൾ, മെച്ചപ്പെട്ട ജലസേചന രീതികൾ, വിളവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം എന്നിവ പ്രോത്സാഹിപ്പിച്ചു. ആധുനിക കാർഷിക സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിലും വിജയിച്ചു.
മറ്റ് കാർഷിക ശാസ്ത്രജ്ഞർ, അഗ്രോണമിസ്റ്റുകൾ, കാർഷിക സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് ഗോതമ്പിന്റെയും അരിയുടെയും ഉയർന്ന വിളവ് തരുന്ന (എച്ച്.വൈ.വി) ഇനങ്ങൾ സ്വാമിനാഥൻ വികസിപ്പിച്ചു. പരമ്പരാഗത ഇനങ്ങളെ അപേക്ഷിച്ച് ഉയർന്ന വിളവ് ഉത്പാദിപ്പിക്കാൻ കഴിവുള്ളവയായിരുന്നു ഇവ. ഇത്തരത്തിലുള്ള ഗോതമ്പ് വിളകളായ 'കല്യാൺ സോന', 'സൊനോര 64' എന്നിവ ഉത്പാദിപ്പിച്ചതിൽ സ്വാമിനാഥന്റെ ഇടപെടൽ വലുതാണ്. രാജ്യത്താകമാനമുണ്ടായിരുന്ന 12 ദശലക്ഷം വിളവ് നാല് സീസണുകൾക്കുള്ളിൽ 23 ദശലക്ഷമായി വർദ്ധിപ്പിക്കാൻ സ്വാമിനാഥന്റെ എച്ച്.വൈ.വി ഗോതമ്പ് ഇനങ്ങൾക്കായി. ഇതിലൂടെ ധാന്യ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു.
കുട്ടനാടിന്റെ ശാശ്വത രക്ഷയ്ക്കായ് വിഭാവനം ചെയ്ത കുട്ടനാട് പാക്കേജ് എന്ന സ്വപ്ന പദ്ധതിയുടെ സാക്ഷാത്ക്കാരം കാണാതെയായിരുന്നു എം.എസ്.സ്വാമിനാഥന്റെ മടക്കം.
മത്സ്യബന്ധനവും, കൃഷിയും, ടൂറിസവും കോർത്തിണക്കിയാൽ മികച്ച വിനോദസഞ്ചാര കേന്ദ്രമാകുന്ന കുട്ടനാടിനെ ഭൂമിയിലെ സ്വർഗമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. രണ്ടുവർഷം മുമ്പ് അന്തരിച്ച വിദ്യാഭ്യാസ പ്രവർത്തക മിന സ്വാമിനാഥനായിരുന്നു ജീവിത പങ്കാളി. ക്ലിനിക്കൽ സയന്റിസ്റ്റും ലോകാരോഗ്യ സംഘടനയിലെ മുൻ ചീഫ് സയന്റിസ്റ്റുമായ സൗമ്യ സ്വാമിനാഥൻ, ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിശകലന വിഭാഗം പ്രൊഫസർ മധുര സ്വാമിനാഥൻ, യു.കെയിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ നോർവിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റ് ഡയറക്ടർ നിത്യ റാവുമാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |