SignIn
Kerala Kaumudi Online
Monday, 07 July 2025 12.44 AM IST

മല്ലന്മാരെ വിറപ്പിക്കാൻ വാർറൂം കമാൻഡോകൾ

Increase Font Size Decrease Font Size Print Page
k

കോൺഗ്രസിലെ മല്ലന്മാരെ രംഗത്തിറക്കി സഖാക്കളെയും സംഘികളെയും മലർത്തിയടിക്കാൻ എ.ഐ.സി.സി വാർറൂം മേധാവികൾ തീരുമാനിച്ചതോടെ കേരളത്തിലടക്കം എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് ഉറപ്പിക്കാം. ഇനിയാണ് കളി!. മല്ലൻമാർക്ക് പഞ്ഞമുള്ള പാർട്ടിയല്ല കോൺഗ്രസെന്ന് ഫാസിസ്റ്റ് ഭീകരന്മാർ മനസിലാക്കാൻ പോകുന്നതേയുള്ളൂ. നെഹ്‌റുജി, ഇന്ദിരാജി, രാജീവ്ജി എന്നിവർക്കു പോലും ഇല്ലാതിരുന്ന ഐഡിയയാണ് രാഹുലിന്റെ വലംകൈയും വാർറൂം ബ്രിഗേഡിയറുമായ കെ.സി. വേണുഗോപാൽജി പൊടിതട്ടി പുറത്തെടുത്തത്. ഡൽഹിയിലെ വാർറൂമിലിരുന്ന് രാജ്യത്തെ ഓരോ മുക്കിലും മൂലയിലും നിരീക്ഷണം നടത്തി സർജിക്കൽ സ്‌ട്രൈക്ക് നടത്താനൊരുങ്ങുകയാണ് ഹൈക്കമാൻഡ് കമാൻഡോസെന്നാണ് റിപ്പോർട്ട്.

നീക്കങ്ങൾ വേഗത്തിലാക്കാൻ ഓരോ സംസ്ഥാനത്തും വാർറൂം ബ്രാഞ്ചുകളുമുണ്ടാകും. കളരിയഭ്യാസിയും കെ.പി.സി.സി പ്രസിഡന്റുമായ കെ.സുധാകർഗുരുവടക്കമുള്ളവരെ വേണ്ടവിധം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ലോക്കൽ കേസുകൾ തീർപ്പാക്കാൻ കേന്ദ്രമല്ലന്മാർ വരേണ്ടതില്ല. എതിരാളികളിൽ ഡബിൾ ചങ്കന്മാരുള്ളതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് സീനിയർ ഖദറുകാർ പറയുന്നു.
ഇപ്പോഴത്തെ നിലയ്ക്ക് കേരളത്തിലെ 20 ലോക്‌സഭാസീറ്റും ഇങ്ങുപോരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻജിക്ക് ഉറപ്പുണ്ട്. സതീശൻജിയും സുധാകർജിയും തമ്മിൽ നല്ല മനപ്പൊരുത്തമായതിനാൽ കാര്യങ്ങൾ എളുപ്പമാണുതാനും.

കേരളത്തിൽ 'ഇന്ത്യ മുന്നണി"ക്ക് വലിയ പ്രസക്തിയില്ലെന്നാണ് സീനിയർ ഖദറുകാരുടെ നിലപാട്. യു.ഡി.എഫിന്റെ ചെലവിൽ ചുളുവിൽ ജയിച്ചുകയറി പാർലമെന്റിൽ എത്താനുള്ള ചില ചുവപ്പന്മാരുടെ പൂതി നടപ്പില്ല. അതിർത്തി കടന്നാൽ അഡ്രസ് ഇല്ലാത്തവർക്ക് വലിയ മോഹങ്ങൾ പാടില്ല. അതുമാത്രമല്ല, സംഘികളും സഖാക്കന്മാരും തമ്മിലുള്ള അന്തർധാരകൾ പകൽപോലെ വ്യക്തമാണ്. അവർ മനസിൽ കാണുന്നത് വാർ റൂമിലിരുന്ന് നമ്മൾ മാനത്തുകാണും.

സി.ഐ.ഡി പ്രേംനസീറും അടൂർഭാസിയും പെൺവേഷത്തിൽ കൊള്ളക്കാരുടെ താവളത്തിലെത്തുന്നതുപോലെയാണ് അവരുടെ ഓൾഡ് മോഡൽ കളികൾ. കൊള്ളത്തലവൻ ജോസ് പ്രകാശിനടക്കം സിനിമയിലെ ആർക്കും സി.ഐ.ഡിമാരെ മനസിലാവില്ലെങ്കിലും സിനിമ കാണുന്നവർക്ക് പിടികിട്ടും. പാട്ടും ഡാൻസുമായി കള്ളന്മാരെ സുഖിപ്പിച്ച് ഒടുവിൽ നല്ല ഇടിയും കൊടുത്ത് കൊള്ളസംഘത്തെ തവിടുപൊടിയാക്കുന്ന നസീറും ഭാസിയുമാകാൻ സംഘികളും സഖാക്കളും നോക്കിയാൽ നടപ്പില്ല. ബുദ്ധിമാന്മാരായ പ്രേക്ഷകരെപ്പോലെ എല്ലാം കാണുന്നവരാണ് കോൺഗ്രസുകാർ. ജോസ് പ്രകാശല്ല രാഹുൽജിയെന്നും സകലകലാവല്ലഭനായ ജെയിംസ് ബോണ്ടാണെന്നും എതിരാളികൾ ഇനിയെങ്കിലും തിരിച്ചറിയണം.

കാലവും ടെക്‌നോളജിയും മാറിയത് പുവർഫെലോസ് മനസിലാക്കിയിട്ടില്ല. ഈ തിരഞ്ഞെടുപ്പോടെ സംഘികളുടെ കാര്യത്തിൽ ഏതാണ്ടു തീരുമാനമാകുമെന്ന് വാർറൂം മേധാവികൾ രാഹുൽജിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ മുന്നണിയിൽ നിന്ന് രാഷ്ട്രീയ ലോക് ദളിനെയും (ആർ.എൽ.ഡി) അടർത്തിയെടുത്ത സംഘികളുടെ അടുത്തലക്ഷ്യം ആരായിരിക്കും എന്ന പേടിയില്ലാത്ത ഏകപാർട്ടിയാണ് കോൺഗ്രസ്. കാരണം, ആരെയും ചാരിനിൽക്കുന്ന പാർട്ടിയല്ല. കേരളം, തമിഴ്‌നാട്, യു.പി, ബംഗാൾ എന്നിവിടങ്ങളിൽ വലിയ പുലികളാണെന്നു ഭാവിക്കുന്ന ചില കക്ഷികൾക്ക് അതിർത്തി കടക്കണമെങ്കിൽ കോൺഗ്രസിന്റെ അഡ്രസ് വേണം. പക്ഷേ, തള്ളുകൾക്കു കുറവില്ലതാനും. കൈയിൽ കാശും ഇ.ഡിയുമുണ്ടെങ്കിൽ എന്തുകളിയും കളിക്കാമെന്ന് തെളിയിക്കുന്ന സംഘികളോടു മുട്ടാൻ കോൺഗ്രസിനു മാത്രമേ ത്രാണിയുള്ളൂ എന്ന് ഇവരൊക്കെ എന്നാണു മനസിലാക്കുക. 'ഇന്ത്യ മുന്നണി"യെ കുറേശെ വിഴുങ്ങാനാണ് സംഘികളുടെ നീക്കം.

വോട്ട് മറിക്കാൻ

സംഘി 'രത്നങ്ങൾ"

ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയുടെ അപ്പൂപ്പനും കുറച്ചുകാലം പ്രധാനമന്ത്രിയുമായിരുന്ന ചരൺസിംഗിന് ഭാരത് രത്‌ന നൽകിയാണ് സംഘികൾ പണിപറ്റിച്ചത്. യു.പിയിലെ ജാട്ട് മേഖലയിൽ സ്വാധീനമുള്ള പാർട്ടിയെയാണ് പഹയന്മാർ റാഞ്ചിയത്. ഹൃദയംകവർന്ന പ്രഖ്യാപനമാണ് സംഘികൾ നടത്തിയതെന്നു പറഞ്ഞ് ഉപാധികളൊന്നുമില്ലാതെ എൻ.ഡി.എയുടെ ഭാഗമായ ജയന്തിനെയും പാർട്ടിയെയും കൊള്ളാവുന്ന നാലു സീറ്റുകൾ നൽകിയാണ് ബി.ജെ.പി വരവേറ്റത്.

യോഗമുണ്ടെങ്കിൽ ജയന്തിന് കേന്ദ്രമന്ത്രിയാകാം. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ കൂടെ നിന്നിട്ടു കാര്യമില്ല. ഈ പോക്കുപോയാൽ അഖിലേഷും സംഘികളുടെ പാളയത്തിലെത്തിയേക്കാം. ആദ്യമെത്തുന്നവർക്ക് കൊള്ളാവുന്ന എന്തെങ്കിലും തടയുമെന്ന് തിരിച്ചറിഞ്ഞ് ഒട്ടും വൈകാതെ ജയന്ത് പരിവാർ പാളയത്തിലേക്ക് ഓടുകയായിരുന്നു. ഒന്നുമില്ലെങ്കിലും അപ്പൂപ്പന്റെ ആത്മാവിന്റെ അനുഗ്രഹമുണ്ടാകും.
ഭാരതരത്‌ന പുരസ്‌കാരത്തിന്റെ പേരും പെരുമയുമെല്ലാം സംഘികൾ കളഞ്ഞുകുളിക്കുന്നതിൽ കോൺഗ്രസുകാർക്ക് വലിയ സങ്കടമുണ്ട്. രഥയാത്ര നടത്തിയ സീനിയർ സംഘി അദ്വാനിയെ രത്‌നമാക്കിയതിലൂടെ നെഹ്‌റുജി, ഇന്ദിരാജി, രാജീവ്ജി തുടങ്ങിയ രത്‌നങ്ങളുടെ തിളക്കം ദുഷ്ടന്മാർ ഇല്ലാതാക്കി. അക്കാലത്ത് അർഹതയുള്ള മറ്റാരും ഇല്ലാതിരുന്നതിനാൽ ഭാരതരത്‌നത്തിന് സ്വന്തം പേരു നിർദ്ദേശിച്ചവരാണ് നെഹ്‌റുജിയും ഇന്ദിരാജിയുമെന്നും അങ്ങനെയല്ല, രാഷ്ട്രപതിയെക്കൊണ്ട് സ്വന്തം പേരു പറയിച്ച് എളിമ കാത്തുസൂക്ഷിച്ചവരാണെന്നുമൊക്കെ കിംവദന്തിയുണ്ട്. അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദുമായി നെഹ്‌റുജി കടുത്ത ശത്രുതയിലായിരുന്നെങ്കിലും പിന്നീട് രാജേന്ദ്രപ്രസാദിന് ഭാരതരത്‌ന കിട്ടുന്നതിന് അദ്ദേഹം തടസം നിന്നില്ല.

പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന പി.വി.നരസിംഹറാവുവിന് ഭാരതരത്‌ന കൊടുത്തതും സംഘികളുടെ കുത്തിത്തിരിപ്പാണ്. റാവുവിനെ ആദരിച്ച് തെലുങ്കന്മാരെ മൊത്തം കൈയിലെടുക്കാനാണ് സംഘികളുടെ പരിപാടി. റാവു പാർലമെന്റിലേക്കു മത്സരിച്ചപ്പോൾ എതിർസ്ഥാനാർത്ഥിയെ നിറുത്താതെ ജയിപ്പിച്ച തെലുങ്കുവികാരം കോൺഗ്രസിന് ബോദ്ധ്യമുണ്ട്. റാവുവിന്റെ മൃതദേഹത്തോടു പോലും കോൺഗ്രസിലെ ഇപ്പോഴത്തെ പല നേതാക്കളും ആദരവ് കാട്ടിയില്ലെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് സംഘിസർക്കാർ അദ്ദേഹത്തിന് ഭാരതരത്‌ന നൽകിയത്.

2004 മുതൽ പത്തുവർഷം യു.പി.എ സർക്കാർ രാജ്യം ഭരിച്ചപ്പോൾ റാവുവിന് ഭാരതരത്ന പോയിട്ട് ഒരു ഓട്ടുമെഡൽ പോലും നൽകിയില്ലെന്ന വിമർശനവുമായി റാവുവിന്റെ കൊച്ചുമകൻ എൻ.വി.സുഭാഷ് ആദ്യവെടി പൊട്ടിച്ചു. പാർ‌ട്ടിയുടെ പാരാജയങ്ങൾക്ക് റാവുവിനെ കോൺഗ്രസ് ബലിയാടാക്കിയെന്നും ആരോപിച്ചിട്ടുണ്ട്.

ശുഷ്കാന്തിയില്ലാത്ത

അദ്ധ്യാപകർ

ചില അദ്ധ്യാപകർ ജോലിയിൽ ശുഷ്‌കാന്തിയില്ലെന്നും ചില അനാശാസ്യ കാര്യങ്ങളിൽ ശുഷ്‌കാന്തി കൂടുതലാണെന്നും അറിഞ്ഞ സാംസ്‌കാരികകേരള നായകന്മാർ ഞെട്ടിയിരിക്കയാണ്. പറഞ്ഞത് സാക്ഷാൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി സഖാവായതിനാൽ നുണയാകാൻ വഴിയില്ല. നുണയെന്താണെന്നു പോലും അറിയാത്ത സത്യസന്ധനാണ്. എങ്ങനെ വിനയത്തോടെ പഠിപ്പിക്കണമെന്നും അക്രമാസക്തരായി മേശയും കസേരയും മൈക്കും തകർക്കരുതെന്നുമൊക്കെ കുട്ടികളെ പഠിപ്പിക്കാൻ അദ്ധ്യാപകർക്കായി മന്ത്രി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഒരുപാട് പേർ പങ്കെടുക്കാതിരുന്നതിനാലാണ് ക്ഷമാശീലനമായ ശിവൻകുട്ടി സഖാവിന് സങ്കടം വന്നത്. ശമ്പളം വാങ്ങാനുള്ള ഉത്സാഹം ജോലിക്കാര്യത്തിൽ ഇല്ല.

അനുസരിക്കാത്തവർക്കുള്ള പണി പിന്നാലെ വരുന്നുണ്ടെന്നും സഖാവ് മന്ത്രി പറഞ്ഞിട്ടുണ്ട്.

പാർട്ടിയുടെ സ്റ്റഡി ക്ലാസുകൾ പോലെ ശാസ്ത്രീയമാണ് അദ്ധ്യാപകർക്കുള്ള പരിശീലനം. ഒരുപാട് പുതിയ കാര്യങ്ങൾ മനസിലാക്കാം. അദ്ധ്യാപകരായിരുന്ന ശ്രീമതി ടീച്ചർ, ഗോവിന്ദൻമാഷ് തുടങ്ങിയവരുടെ ക്ലാസുകൾ പുതിയ തലമുറയിലെ അദ്ധ്യാപകർക്ക് വിലപ്പെട്ട അറിവുകൾ നൽകും. കനപ്പെട്ട ശമ്പളവും പെൻഷനും വാങ്ങുന്നവർക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടാവണം. ഒന്നോ രണ്ടോ മാസത്തെ പെൻഷൻ തുകയുണ്ടെങ്കിൽ കൊള്ളാവുന്ന ഒരു വ്യവസായ സംരംഭം തുടങ്ങാമെങ്കിലും പലരും അതു ചെയ്യാതെ കാശുവാങ്ങി പുട്ടടിക്കുകയാണ്. ഒരു വ്യവസായ സംരംഭം തുടങ്ങിയാൽ എത്രപേർക്കു തൊഴിൽ കിട്ടുമെന്നെങ്കിലും ചിന്തിക്കണം.


TAGS: WAR ROOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.