SignIn
Kerala Kaumudi Online
Saturday, 27 July 2024 6.16 AM IST

ഭാരത് അരിയിലൂടെയും കേന്ദ്ര കടന്നാക്രമണം

k

കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ മുഖേന ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ളതും ഫെഡറൽ തത്വങ്ങൾക്കു നേരെയുള്ള നഗ്നമായ കടന്നാക്രമണവുമാണ്. കേരളത്തിലെ 57 ശതമാനം വരുന്ന ജനങ്ങളെ റേഷൻ സംവിധാനത്തിന് പുറത്താക്കുകയും, ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തത് കേന്ദ്ര സർക്കാരുകളാണ്. സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ള പരിമിതമായ ടൈഡ് ഓവർ വിഹിതം പ്രയോജനപ്പെടുത്തിയാണ് മുൻഗണനേതര വിഭാഗക്കാർക്ക് (നീല, വെള്ള കാർഡുകാർ) സംസ്ഥാന സർക്കാർ റേഷൻ ഉറപ്പാക്കുന്നത്.

1965 മുതൽ സാർവത്രികമായ സ്റ്റാറ്റ്യൂട്ടറി റേഷൻ വരുമാന പരിധി നോക്കാതെ എല്ലാവർക്കും ലഭ്യമായിരുന്ന സംസ്ഥാനമാണ് കേരളം. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുന:സംഘടനയോടെ തിരുവിതാംകൂറിന്റെ നെല്ലറയായിരുന്ന നാഞ്ചിനാട് തമിഴ്നാടിന്റെ ഭാഗമായി. സുഗന്ധവ്യഞ്ജനങ്ങളടക്കമുള്ള നാണ്യവിളകളുടെ കൃഷിയിലേക്ക് കൂടുതലായി തിരിഞ്ഞതിനാൽ മലയാളികൾ പൊതുവെ ഭക്ഷ്യധാന്യ കൃഷിയിൽ നിന്ന് അകുന്നു. വിദ്യാഭ്യാസ പുരോഗതി വിവിധ തൊഴിൽ മേഖലകളിലുള്ള പ്രാവീണ്യത്തിലേക്കു നയിച്ചതും പരമ്പരാഗത കാർഷിക വൃത്തിയിൽ നിന്ന് പുതിയ ചെറുപ്പക്കാരെ അകറ്റി. അങ്ങനെ നമുക്ക് ഭക്ഷ്യധാന്യങ്ങൾക്കായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി. എന്നാൽ,​ ദരിദ്രർക്കു മാത്രമല്ല ഇടത്തരക്കാർക്കും റേഷൻ നൽകിക്കൊണ്ട് കേരളം ഭക്ഷ്യക്ഷാമത്തെ തടഞ്ഞുനിറുത്തി.

1990-കളിൽ നരസിംഹ റാവു സർക്കാർ ആരംഭിച്ച ഉദാര- സ്വകാര്യവത്കരണ നയങ്ങൾ സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന എല്ലാ നയങ്ങളിൽ നിന്നുമുള്ള വ്യതിയാനമായിരുന്നു. സബ്സിഡികളും ആനുകൂല്യങ്ങളും ഏറ്റവും ദരിദ്രർക്കും ദുർബലർക്കുമായി പരിമിതപ്പെടുത്തുക എന്നത് ആ നയത്തിന്റെ ഘടകങ്ങളിലൊന്നായിരുന്നു. റേഷൻകാർഡുകളെ എ.പി.എൽ,​ ബി.പി.എൽ എന്ന് തരംതിരിച്ചു. 2013-ൽ രണ്ടാം യു.പി.എ സർക്കാർ കൊണ്ടുവന്ന എൻ.എഫ്.എസ്.എ നിയമം ഈ വേർതിരിവിന് നിയമപരമായ ചട്ടക്കൂടു നൽകി. അന്ത്യോദയ അന്ന യോജന (മഞ്ഞ കാർഡ്) പി.എച്ച്.എച്ച് (പിങ്ക് കാർഡ്) വിഭാഗക്കാർക്കായി റേഷൻ പരിമിതമാക്കി. കേരളത്തിൽ ഈ രണ്ടു വിഭാഗങ്ങളും ചേർന്നാൽ ജനസംഖ്യയുടെ 43 ശതമാനമേ വരൂ. 57ശതമാനം മലയാളികൾ റേഷനിംഗിനു പുറത്തായി. ഇതിനെല്ലാം പുറമേ,​ ഭക്ഷ്യധാന്യ വിഹിതം രണ്ടുലക്ഷം ടൺ കുറവുവരുത്തി.


മുൻഗണനേതര വിഭാഗത്തെ എൻ.പി.എസ് (നീല കാർഡ്), എൻ.പി.എൻ.എസ് (വെള്ള കാർഡ്) എന്നിങ്ങനെ തരംതിരിച്ച്,​ പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽ നിന്ന് കേരളം റേഷൻ നൽകി. കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതമായ 14.25 ലക്ഷം ടണ്ണിൽ 10.26 ലക്ഷം ടണ്ണും 43 ശതമാനംവരുന്ന മുൻഗണനാ വിഭാഗത്തിനാണ്. ബാക്കി വരുന്ന 3.99 ലക്ഷം ടൺ അരിയാണ് 8.30 രൂപ സംസ്ഥാനം വിലനൽകി എഫ്.സി.ഐ യിൽ നിന്ന് എടുത്ത് നീല കാർഡുകാർക്ക് 4 രൂപയ്ക്കും,​ വെള്ള കാർഡുകാർക്ക് 10.90 രൂപയ്ക്കും നൽകുന്നത്.

ഭക്ഷ്യധാന്യ വിഹിതം വർദ്ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം കേട്ടതായിപ്പോലും നടിച്ചിട്ടില്ല. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ മാസങ്ങളിൽ പ്രതിമാസ അലോട്ട്‌മെന്റിൽ അൽപം വർദ്ധിപ്പിച്ചു നൽകിയാൽ അതിനു പിഴയായി നെല്ലുസംഭരണ പദ്ധതി പ്രകാരം നൽകേണ്ട താങ്ങുവില വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണ്. വാസ്തവത്തിൽ,​ സംസ്ഥാന സർക്കാർ റേഷൻകടകൾ വഴി നാലു രൂപയ്‌ക്കോ 10.90 രൂപയ്ക്കോ നൽകുന്ന അരിയാണ് 29 രൂപയ്ക്ക് കേന്ദ്രം ഇറക്കിയിരിക്കുന്നത്!

പ്രതികാര

നടപടി

പൊതുവിപണിയിൽ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും എഫ്.സി.ഐയുടെ പക്കലുള്ള അരിയടേയും ഗോതമ്പിന്റേയും അധിക സ്റ്റോക്ക് വിൽപന നടത്താനുമാണ് ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം (ഒ.എം.എസ്.എസ്) കേന്ദ്രം നടപ്പിലാക്കിയിട്ടുള്ളത്. സർക്കാർ,​ സർക്കാരിതര ഏജൻസികൾ, സ്വകാര്യ ഏജൻസികൾ, വ്യക്തികളായ വ്യാപാരികൾ എന്നിവർക്കെല്ലാം ലേലത്തിൽ പങ്കെടുക്കാമായിരുന്നു. എഫ്.സി.ഐ ഡിപ്പോ തലത്തിലാണ് ഓക്ഷൻ നടത്തുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയമാണ്.

അരിക്ക് നിലവിൽ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില ക്വിന്റലിന് 2900 രൂപയും ഫോർട്ടിഫൈഡ് അരിക്ക് ക്വിന്റലിന് 2973 രൂപയുമാണ്. ഗോതമ്പിന് 2150 രൂപ. എം ജംഗ്ഷൻ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇ- ഓക്ഷൻ. അടിസ്ഥാന വിലയിൽ നിന്ന് കാര്യമായ വർദ്ധനവില്ലാതെ തന്നെ ഭക്ഷ്യധാന്യങ്ങൾ ഈ സംവിധാനത്തിൽ ലഭ്യമായിരുന്നു. എന്നാൽ,​ നിലവിൽ സർക്കാരിനോ സർക്കാർ ഏജൻസികൾക്കോ ഈ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലേലത്തിൽ പങ്കെടുക്കുന്നവർ സംസ്ഥാന സർക്കാരിനോ,​ അവരുടെ ഏജൻസികൾക്കോ സഹകരണ സംഘങ്ങൾക്കോ മറിച്ചു വിൽക്കരുതെന്നുമുണ്ട്,​ വ്യവസ്ഥ. സ്വകാര്യ വ്യാപാരികൾക്ക് പങ്കെടുക്കാം, സർക്കാർ ഏജൻസികൾക്കു പാടില്ല. എന്തൊരു വിരോധാഭാസം!


ഈ വർഷം ഫെബ്രുവരി 18-ന് ഈ സ്‌കീമിനു കീഴിൽ നാഫെഡ്,​ എൻ.സി.സി.എഫ്,​ കേന്ദ്രീയ ഭണ്ഡാർ എന്നീ കേന്ദ്ര ഏജൻസികൾ വഴി ഭാരത് അരി പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ അനുവദിച്ചു. അതിന്റെ അരങ്ങേറ്റമാണ് തൃശ്ശൂരിൽ നടന്നത്. സർക്കാരിന്റെ ഏജൻസി എന്ന നിലയിൽ 2022-23 വരെ സപ്ലൈകോ സ്ഥിരമായി ഇ ഓക്ഷനിൽ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നു. 2016 മുതൽ 13 ഇനം അവശ്യവസ്തുക്കൾ വിലവർദ്ധനവില്ലാതെയാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിതരണം ചെയ്തിരുന്നത്. ഈ 13 ഇനങ്ങളിൽ 23, 24, 25 രൂപയ്ക്ക് നാലിനം അരി ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് റേഷൻവിലയ്ക്കു പോകട്ടെ, ഈ സബ്സിഡി വിലയ്‌ക്കെങ്കിലും അരി കിട്ടാതെ വിലക്ക് ഏർപ്പെടുത്തിയവരാണ് ഇപ്പോൾ ഭാരത് അരിയുമായി ഇറങ്ങിയിരിക്കുന്നത്.

എന്താണ്

ഉദ്ദേശ്യം?​

ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടകളിലൂടെയാണ് ഭക്ഷ്യധാന്യ വിതരണം നടത്തേണ്ടത്. ‌ ഗ്രാമഗ്രാമാന്തരങ്ങളിൽ സുശക്തമായ പൊതുവിതരണ സംവിധാനമുള്ള കേരളത്തിൽ റേഷൻ കാർഡ് പോലും ബാധകമാക്കാതെ അരി വിതരണം ചെയ്യാൻ കേന്ദ്ര ഏജൻസികൾ വണ്ടിയുമായി വരുന്നത് എന്തിനാണ്? നീല, വെള്ള കാർഡുകൾക്ക് റേഷൻ നൽകാൻ കഴിയും വിധം ടൈഡ് ഓവർ വിഹിതം വർദ്ധിപ്പിക്കുകയായിരുന്നില്ലേ കേന്ദ്രം ചെയ്യേണ്ടിയിരുന്നത്? അതുമല്ലെങ്കിൽ സംസ്ഥാനത്തിന് ഒ.എം.എസ്.എസിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നില്ലേ?


ഭാരത് അരി വിതരണത്തിന് തെരഞ്ഞെടുത്ത സ്ഥലവും സമയവും കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നു. വിഭജന രാഷ്ട്രീയത്തിന് താരപ്പൊലിമയിലൂടെ നേട്ടമുണ്ടാക്കാമെന്ന് വ്യാമോഹിക്കുന്ന തൃശ്ശൂരിൽ തന്നെ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്ന ഈ സന്ദർഭത്തിൽ ഈ നാടകവുമായി ഇറങ്ങിയതിന്റെ ഉദ്ദേശ്യം എല്ലാവർക്കും മനസ്സിലാകും. കേരളത്തി ജനങ്ങൾ ഈ വഞ്ചനയെ അർഹിക്കുന്നവിധം തള്ളിക്കളയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHARATH RICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.