SignIn
Kerala Kaumudi Online
Friday, 23 February 2024 1.46 AM IST

ഓണംകൂടലും പിടികിട്ടാത്ത പ്ളാൻ- ബിയും

varavisesham

ഓണം കേരളത്തിന്റെ ദേശീയോത്സവം. കാണം വിറ്റും ഓണമുണ്ണണമെന്നത് മലയാളിയുടെ ശീലവും. അപ്പോൾപ്പിന്നെ സർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് തന്നെ ക്ഷണിക്കേണ്ടത്

ആതിഥ്യ മര്യാദയല്ലേ എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ന്യായമായ ചോദ്യം. വിളിക്കുമെന്നു കരുതി കുറച്ചു ദിവസം കാത്തു. ഫോൺവിളി പോയിട്ട് ക്ഷണക്കത്തു പോലും കിട്ടാതായതോടെ ഓണനാളുകളിൽ വേറേ തിരക്കുകളിലായി. അതിന്റെ പിണക്കം പിന്നീട് ഒടുങ്ങാത്ത കലിയായി. കളി ഇരട്ടച്ചങ്കനോടോ? തമ്മിൽക്കാണുന്ന വേളയിൽ ഗവർണർ ചിരിച്ചില്ലെങ്കിൽ പിണറായി സഖാവ് അതിന്റെ പതിന്മടങ്ങ് ഗൗരവം എടുത്തണിയും. മുഖത്ത് ചിരി വരാതിരിക്കാനുള്ള പണി സഖാവിനെ ആരെങ്കിലും പഠിപ്പിക്കണോ?

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാനോ സഭയിൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നേരേചൊവ്വേ വായിച്ചുതീർക്കാനോ പോലും തയ്യാറാവാതെ ആരിഫ്ജി മിക്ക ദിവസവും പുറംനാടുകളിൽ ഊരുചുറ്റി നടക്കുന്നുവെന്നല്ലേ സർക്കാരിന്റെ പരാതി. അതിന്റെ പേരിൽ എന്തൊക്കെ അപഖ്യാതികൾ പ്രചരിപ്പിച്ചു. കാരണം അതൊന്നുല്ലെന്നും ഓണാഘോഷത്തിന് ക്ഷണിക്കാത്തതാണെന്നും ഇപ്പോൾ മനസിലായില്ലേ?​ അത് അദ്ദേഹത്തിന്റെ വായിൽ നിന്നുതന്നെ കേൾക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അങ്ങ് ഡൽഹി വരെ പോകേണ്ടിവന്നുവെന്ന് മാത്രം.

കേന്ദ്ര സർക്കാരിന്റെ അവഗണനകൾക്കെതിരെ സമരം നടത്താൻ പോയ മുഖ്യമന്ത്രിയും മന്ത്രിമാരും താമസിച്ചത്

ഡൽഹിയിലെ കേരള ഹൗസിൽ. പിണറായി സഖാവിന്റെ തൊട്ടടുത്ത മുറിയിലെ താമസക്കാരൻ ഗവർണർ

ആരിഫ് മുഹമ്മദ് ഖാൻ. എന്തൊരു 'മനപ്പൊരുത്തം!' ഇരുവരും പരസ്പരം കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചെന്ന്

പറയേണ്ടതില്ലല്ലോ. പിന്നീട് ജന്ദർ മന്ദറിലെ പ്രസംഗത്തിൽ ഗവർണർക്കിട്ട് താങ്ങാനും മുഖ്യമന്ത്രി മറന്നില്ല. 'കേരളത്തിന്റെ ഗവർണർക്ക് സംസ്ഥാനത്തു നിൽക്കാൻ സമയമില്ല. ഡൽഹി സമരത്തിൽ പങ്കെടുക്കാനാണോ,​ അതോ കാണാനാണോ അദ്ദേഹം വന്നതെന്ന് കേരള ഹൗസിലെ ചിലർ ചോദിച്ചു' കേരള ഹൗസിലെ മുറിയിലിരുന്ന് ഗവർണർ പിണറായി സംഘത്തിന്റെ സമരം ടിവിയിൽ കണ്ടോ, അതോ ടിവി ഓഫ് ചെയ്തുകളഞ്ഞോ എന്നൊന്നും വ്യക്തമല്ല. എന്തായാലും ഉച്ചകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഗവർണർ പത്രക്കാരോട് മനസു തുറന്നു: 'ഓണത്തിനുപോലും ക്ഷണിക്കാത്തവരാണ് ഇപ്പോൾ കേരളത്തിൽ കാണാനില്ലെന്ന് പരാതി പറയുന്നത്.'

 

ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകാം. നാളത്തെ ശാസ്ത്രവും അതാകാം1 പാടത്തെ മെതിയന്ത്രത്തെയും കമ്പ്യൂട്ടറിനെയുമൊക്കെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുകയും, പിന്നീട് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്ത സഖാക്കളുടെ പുത്തൻ വെളിപാടാണ് ഇതെന്നാണ് ശത്രുക്കളുടെ പരിഹാസം. സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ പരവതാനി വിരിക്കാനുള്ള നീക്കമാണ് ഒടുവിലത്തെ ഹേതു.

സ്വകാര്യ, സ്വാശ്രയ കോളേജുകൾക്കെതിരെ സി.പി.എം നടത്തിയിട്ടുള്ള സമരകോലാഹലങ്ങളെയും, ആ സമരങ്ങളിൽ

സൃഷ്ടിക്കപ്പെട്ട രക്തസാക്ഷികളെയും മറക്കാറായിട്ടില്ലെന്നും പാർട്ടി ശത്രുക്കൾ പറയുന്നു. തങ്ങൾ സ്വകാര്യ മൂലധനത്തെ മുമ്പും എതിർത്തിട്ടില്ലെന്ന നേതാക്കളുടെ ന്യായവാദത്തെയും അവർ ചോദ്യം ചെയ്യുന്നു. മാറ്റം പ്രകൃതി നിയമമാണ്. കാലത്തിനനുസരിച്ച് മാറുന്നതാണ് പ്രായോഗിക ബുദ്ധി.

പണ്ടേ കോൺഗ്രസിന് സ്വീകാര്യമായിരുന്ന സ്വകാര്യ കോളേജുകളെ ഇപ്പോൾ തങ്ങൾ അനുകൂലിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.വി. ഗോവിന്ദൻ മാഷ് താത്വികാവലോകനത്തിൽ വിശദീകരിച്ചിട്ടുണ്ട്. ചരടുകളില്ലാത്ത അവരുടെ സ്വകാര്യവത്കരണത്തിന് വെറും കച്ചവടലക്ഷ്യമായിരുന്നു. പക്ഷേ,‌ ഞങ്ങളുടെ ലക്ഷ്യം അതല്ല. സ്വകാര്യ, വിദേശ സ്ഥാപനങ്ങൾക്കു മേൽ സർക്കാർ നിയന്ത്രണമുണ്ടാവും. നമ്മുടെ കുട്ടികൾക്ക് വിദേശത്തു പോകാതെ തന്നെ വിദേശ സർവകലാശാലകളുടെ ഇവിടത്തെ ക്യാമ്പസുകളിൽ പഠിക്കാം. കേട്ടിട്ട് കൊള്ളാമെന്നു തോന്നുന്നില്ലേ? അതൊന്നും നടക്കാൻ പോകുന്നില്ലെന്ന നിഷേധാത്മക ചിന്ത ആദ്യം വെടിയുക. ശുഭാപ്തി വിശ്വാസികളാവാൻ ശ്രമിക്കുക.

പണ്ട് സ്വാശ്രയ വിദ്യാഭ്യാസവിരുദ്ധ സമരത്തിൽ മന്ത്രി എം.വി. രാഘവനെ തടഞ്ഞതിനെത്തുടർന്ന് അഞ്ച് ഡി.വൈ.എഫ്.ഐക്കാർ രക്തസാക്ഷിത്വം വരിക്കാനിടയാക്കിയ പൊലീസ് വെടിവയ്പിൽ നട്ടെല്ലിനു പരിക്കേറ്റ് ഇപ്പോഴും ജീവച്ഛവമായി കഴിയുന്ന 'പുഷ്പനെ നിങ്ങൾ മറന്നോ' എന്നൊക്കെ ചോദിച്ച് വെറുതെ അലമ്പാക്കരുത്! തെറ്റുപറ്റിയെന്ന് ബോദ്ധ്യമായാൽ തിരുത്തുകയാണ് കമ്മ്യൂണിസ്റ്റ് ശൈലി. അത് എത്ര ദശകങ്ങൾ വൈകിയാലും! അത് അന്നത്തെ ശരി. ഇത് ഇന്നത്തെ ശരി. അപ്പോഴും ഒരു സംശയം ബാക്കി. സംസ്ഥാന ബഡ്ജറ്റിലെ ഈ പുതിയ ആശയത്തിന്റ പി‌തൃത്വം ആർക്ക്?നിയമസഭയിൽ ബഡ്ജറ്റ് വായിച്ചു കേട്ടപ്പോഴാണത്രേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കാര്യമറിഞ്ഞത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കളും കൈ മലർത്തി. എസ്.എഫ്.ഐയും എ.ഐ.എസ്.എഫുമൊക്കെ പേരിനെങ്കിലും പ്രതിഷേധിച്ചു. സി.പി.ഐക്കും യോജിപ്പില്ല. ചൈനീസ് മോഡൽ ആശയത്തോട് സി.പി.എം പൊളിറ്റ് ബ്യൂറോയും എതിർപ്പു പ്രകടിപ്പിച്ചതായി മാദ്ധ്യമങ്ങൾ. ഇതുകൊണ്ടൊന്നും നമ്മൾ തളരില്ല. വച്ച കാൽ മുന്നോട്ടു തന്നെ.

 

എന്താണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിലെ പ്ലാൻ- ബി?​ അതേപ്പറ്റി വിശദീകരണമൊന്നുമില്ല. ഒതളങ്ങ പോലെ അതങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. പ്ളാൻ- ബി എന്നാൽ പ്ളാൻ- ബാലഗോപാൽ ആണെന്ന് ഒരുകൂട്ടർ. പ്ളാൻ- ബക്കറ്റ് ആണെന്ന് മറ്റൊരു കൂട്ടർ. വിഴിഞ്ഞം തുറമുഖ വികസനത്തിലൂടെ 3000 കോടി സമാഹരിക്കാനെന്ന് വേറെ ചിലർ. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം അടുത്ത വർഷം 56-ൽ നിന്ന് 57 ആയി ഉയർത്തി ഖജനാവിൽ 4000 കോടി മിച്ചം പിടിക്കാനുള്ള സൂത്രമല്ലേയെന്ന് ചിലർക്ക് സംശയം. എന്തായാലും പ്ളാൻ- എയിൽ ഉദ്ദേശിച്ച പണം ലഭിക്കാതെ വന്നാലേ അറ്റകൈയ്ക്ക് പ്ളാൻ - ബിയിൽ കൈവയ്ക്കൂ എന്ന് ധന മന്ത്രി. അത്രയും ആശ്വാസം.

നുറുങ്ങ്:

സ്വകാര്യ, വിദേശ സർവകലാശാലകളെക്കുറിച്ചുള്ള വാദ പ്രതിവാദത്തിന് സി.പി.എമ്മിൽ വിലക്ക്.

□ പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!

(വിദുരരുടെ ഫോൺ: 99461 08221)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.