തിരുവനന്തപുരം: സംസ്ഥാനത്താദ്യമായി കേരള സർവകലാശാല ആരംഭിച്ച നാലു വർഷ ബിരുദ കോഴ്സ് സംസ്ഥാന സർക്കാരിന്റെ സ്റ്രേറ്റ് മെരിറ്റ് സ്കോളർഷിപ്പിന് പുറത്ത്. ബി.എ.ഓണേഴ്സ് (പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി) എന്ന കോഴ്സാണ് കാര്യവട്ടം ക്യാമ്പസിൽ കഴിഞ്ഞ നവംബറിൽ തുടങ്ങിയത്. പക്ഷേ, കോളേജ് വിദ്യാഭ്യാസ വകുപ്പ് മെരിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷയിൽ ഈ കോഴ്സ് ഉൾപ്പെടുത്തിയില്ല.
കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സ്റ്റേറ്റ് മെരിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനാവുക. കാര്യവട്ടം ക്യാമ്പസിലെ പുതിയ കോഴ്സ് സ്കോളർഷിപ്പ് അപേക്ഷയിലെ ഓപ്ഷനിൽ ഇല്ല. വ്യാഴാഴ്ച വരെയാണ് അപേക്ഷിക്കാനാവുക. സർക്കാർ ഇടപെട്ടില്ലെങ്കിൽ നാലു വർഷ കോഴ്സിൽ പ്രവേശനം നേടിയ സമർത്ഥർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല.
പൂർണമായും മെരിറ്റടിസ്ഥാനത്തിൽ 30 വിദ്യാർത്ഥികൾക്കാണ് നാലു വർഷ ബിരുദ കോഴ്സിൽ പ്രവേശനം . പ്ലസ്ടുവിന് 98 ശതമാനത്തിലേറെ മാർക്കുള്ളവരാണ് പ്രവേശനം നേടിയത്. 85ശതമാനത്തിനു മേൽ മാർക്കുള്ളവർക്കാണ് സ്കോളർഷിപ്പ്. 95% മാർക്കുള്ളവർക്ക് വരുമാന പരിധി പരിഗണിക്കാതെ പ്രതിവർഷം പതിനായിരം രൂപ സ്കോളർഷിപ്പ് ലഭിക്കും. അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും കോളേജുകളിലും ബിരുദ കോഴ്സുകൾ നാലു വർഷമാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |