വിദേശങ്ങളിലേക്ക് മികച്ച ഉദ്യോഗത്തിനായി കുടിയേറുന്ന മലയാളികളിൽ വലിയ പങ്കും നഴ്സിംഗ് ബിരുദധാരികളാണ്. സംസ്ഥാനത്തു നിന്ന് ഓരോ വർഷവും പാസാകുന്ന 8500-ലധികം ബി.എസ്‌സി നഴ്സുമാരിൽ 75 ശതമാനത്തിലധികം പേരും ലക്ഷ്യംവയ്ക്കുന്നത് യൂറോപ്പും ഗൾഫ് നാടുകളും തന്നെ. നഴ്സിംഗ് ബിരുദധാരികൾക്ക് ഇവിടങ്ങളിൽ ഉറപ്പായ ജോലി സാദ്ധ്യതയും ഉയർന്ന ശമ്പളനിരക്കുമാണ് കാരണം. സ്വാഭാവികമായും, നാട്ടിൽ ബി.എസ്‌സി നഴ്സിംഗ് കോഴ്സിന് ഡിമാൻഡ് ഏറും. രണ്ടുവർഷം മുമ്പാണ് ബി.എസ്‌സി നഴ്സിംഗ് കോഴ്സിന് കേന്ദ്ര സർക്കാർ രാജ്യത്ത് പ്രവേശന പരീക്ഷാ സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ, കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇതുവരെ ഇതു സ്വീകരിച്ചിട്ടില്ല. പ്രവേശനത്തിന് ലക്ഷങ്ങൾ തലവരി ഈടാക്കുന്ന ചില സ്വകാര്യ മാനേജ്മെന്റുകളുടെ കഠിനസമ്മർദ്ദം കാരണം സർക്കാർ ഇക്കാര്യത്തിൽ ഉഴപ്പുന്നതായാണ് ആക്ഷേപം. കഴിഞ്ഞ രണ്ടു വർഷവും ഓരോരോ കാരണം പറഞ്ഞ് ഇളവു വാങ്ങിയ സംസ്ഥാനം, ഈ വർഷവും ആതേ മാർഗം ആവർത്തിക്കാനിരിക്കുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പുറത്തുവിട്ടിരുന്നു.
സംസ്ഥാനത്ത് സർക്കാർ ഏജൻസിയായ എൽ.ബി.എസ് ആണ് നേരത്തേ മുതൽ ബി.എസ്‌സി നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും അലോട്ട്മെന്റ് നടത്തുന്നതും. പ്രവേശന പരീക്ഷാ നടത്തിപ്പിനുള്ള ചുമതലയും അവരെത്തന്നെ ഏൽപ്പിക്കാവുന്നതേയുള്ളൂ. മറ്റൊരു മാർഗം സംസ്ഥാന എൻട്രൻസ് കമ്മിഷണറെത്തന്നെ ചുമതല ഏൽപ്പിക്കുകയാണ്. ജോലിക്കൂടുതൽ കാരണം തത്കാലം ഈ പണി കൂടി ചുമക്കാൻ വയ്യെന്ന് എൻട്രൻസ് കമ്മിഷണർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എൻട്രൻസ് നടത്തിപ്പു ചുമതല ഏൽപ്പിക്കേണ്ട ഏജൻസിയെ കണ്ടെത്തുന്നതിലെ കാലതാമസമെന്ന ന്യായം പറഞ്ഞാണ് കഴിഞ്ഞ രണ്ടുവർഷവും നഴ്സിംഗ് പ്രവേശന പരീക്ഷയിൽ നിന്ന് സംസ്ഥാനം തലയൂരിയത്. അതേ ന്യായവുമായി ഇക്കുറി വീണ്ടും ചെന്നാൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലും കേന്ദ്രസർക്കാരും ചെവിക്കുപിടിച്ചേക്കും. അങ്ങനെവന്നാൽ, പ്രവേശന നടപടികൾ നീളുകയോ പ്രതിസന്ധിയിലാവുകയോ ചെയ്തേക്കാം.
ഈ വർഷം ജൂൺ 15-നു മുമ്പ് പരീക്ഷാ നടപടികൾ പൂർത്തിയാക്കാനാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നിർദ്ദേശം. ആഗസ്റ്റ് ഒന്നിനാണ് ക്ളാസുകൾ തുടങ്ങേണ്ടത്. സെപ്തംബർ 30 നു ശേഷം യാതൊരു വിധത്തിലുള്ള പ്രവേശന നടപടികളും പാടില്ല. അതായത്, പരീക്ഷാ നടത്തിപ്പിനുള്ള ഏജൻസിയെ കണ്ടുപിടിച്ച്, സിലബസും മാനദണ്ഡങ്ങളും നിശ്ചയിച്ച്, നഴ്സിംഗ് കൗൺസിലിന്റെ അനുമതിയും വാങ്ങി എൻട്രൻസിന് ഒരുങ്ങാൻ ഇനി നാലു മാസമേ ബാക്കിയുള്ളൂ. നഴ്സിംഗ് പ്രവേശന പരീക്ഷ എന്ന ഏർപ്പാട് ഇതുവരെയില്ലാതിരുന്നതുകൊണ്ട് കോളേജുകൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പലതരം സംശയങ്ങളും ആശങ്കകളും സ്വാഭാവികമായും ഉണ്ടാകും. അത്തരം ഏടാകൂടങ്ങളെല്ലാം തീർത്തിട്ടു വേണം ആക്ഷേപങ്ങൾക്ക് ഇടയാക്കാത്ത വിധം പരീക്ഷ നടത്താൻ. അതിന് നാലു മാസം തീരെച്ചെളിയ കാലയളവാണ്. ഇതൊക്കെയായിട്ടും, ഏത് ഏജൻസി പരീക്ഷ നടത്തണമെന്നു പോലും നമുക്ക് തീരുമാനിക്കാൻ കഴിയാത്തതിനെ മഹാകഷ്ടമെന്നു വേണം പറയാൻ.
വിദ്യാർത്ഥികളിൽ നിന്ന് പ്രവേശന തലവരിയായി പല സ്വകാര്യ കോളേജുകളും ഈടാക്കുന്നത് നാലും അഞ്ചുമൊക്കെ ലക്ഷം രൂപയാണ്. വൈകിയെത്തിയ ചിലരിൽ നിന്ന് മുൻ വർഷം എട്ടുലക്ഷം വരെ പിടിച്ചുപറിച്ചതായും വിവരമുണ്ട്. ഇതിനെല്ലാം രക്ഷിതാക്കൾ തയ്യാറാകുന്നത് ബിരുദം നേടിക്കഴിഞ്ഞാൽ വിദേശങ്ങളിൽ തുറന്നുകിട്ടുന്ന മികച്ച തൊഴിലവസരമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളെയും ഗുണനിലവാരത്തെയും കുറിച്ച് ഉത്കണ്ഠപ്പെടുകയും, മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ ബി.എസ്‌സി നഴ്സിംഗ് എൻട്രസ് നടത്തിപ്പിന് ഇനിയും അമാന്തിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |