തിരുവനന്തപുരം: പ്രോചാൻസലറെന്ന നിലയിൽ കേരള സർവകലാശാലാ സെനറ്റ് യോഗത്തിന്റെ അദ്ധ്യക്ഷ പദമേറ്റെടുത്ത മന്ത്രി ആർ.ബിന്ദു ഒപ്പിട്ട് രാജ്ഭവനിലേക്കയച്ച യോഗത്തിന്റെ മിനുട്ട്സ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. മിനുട്ട്സും മന്ത്രിയുടെ അംഗീകാരത്തോടെ പാസാക്കിയ ,വി.സി നിയമനക്കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടെന്ന പ്രമേയവും വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിന് ഗവർണർ തിരിച്ചയച്ചു. വി.സിയുടെ മറുപടി ലഭിച്ച ശേഷം മിനുട്ട്സും സെനറ്റ് യോഗവും റദ്ദാക്കുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
സർവകലാശാലാ നിയമപ്രകാരം സെനറ്റ്, സിൻഡിക്കേറ്റടക്കം സമിതികളുടെയെല്ലാം അദ്ധ്യക്ഷൻ വി.സിയാണെന്നിരിക്കെ മന്ത്രി എങ്ങനെ അദ്ധ്യക്ഷയായെന്നതടക്കം വിശദീകരിക്കാനാണ് വി.സിയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. രജിസ്ട്രാർ തയ്യാറാക്കുന്ന സെനറ്റ് യോഗങ്ങളുടെ മിനുട്ട്സ് വി.സി അംഗീകരിച്ച ശേഷം ഇരുവരും ഒപ്പിട്ട് ഗവർണർക്കയയ്ക്കുന്നതാണ് ചട്ടം. വിവാദയോഗത്തിന്റെ മിനുട്ട്സ് രജിസ്ട്രാർ തയ്യാറാക്കുകയും മന്ത്രി ബിന്ദു അംഗീകരിക്കുകയുമായിരുന്നു. ഇരുവരും ഒപ്പിട്ടാണ് മിനുട്ട്സ് ഗവർണർക്കയച്ചത്. വി.സി അംഗീകരിക്കാത്ത മിനുട്ട്സിൽ എങ്ങനെ രജിസ്ട്രാർ ഒപ്പിട്ടെന്ന് വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രോട്ടോക്കോളനുസരിച്ചാണ് താൻ അദ്ധ്യക്ഷയായതെന്ന മന്ത്രിയുടെ വാദവും ഗവർണർ തള്ളി. സെനറ്റ് യോഗങ്ങളിൽ വി.സിയാണ് അദ്ധ്യക്ഷനാവേണ്ടത്. ചാൻസലർ പങ്കെടുക്കുന്ന സെനറ്റിലും അജൻഡ അനുവദിക്കേണ്ടതും മിനുട്ട്സ് അംഗീകരിക്കേണ്ടതും വി.സിയാണ്. ആരോഗ്യ സർവകലാശാലയിൽ ഗവർണറും മന്ത്രി വീണാ ജോർജും പങ്കെടുത്ത സെനറ്റിലും ഇങ്ങനെയായിരുന്നു.
ചൂടേറിയ ചർച്ചയായി
ഗവർണറുടെ 'അഭാവം'
ചാൻസലറുടെ അഭാവത്തിൽ പ്രോ ചാൻസലറായ മന്ത്രിക്ക് അദ്ദേഹത്തിന്റെ ചുമതലവഹിക്കാമെന്നാണ് വാഴ്സിറ്റി നിയമം.
കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കവേയാണ് ചാൻസലറുടെ ചുമതല മന്ത്രിയേറ്റെടുത്തത്. ഇതിന് രാജ്ഭവനോ ഗവർണറോ നിർദ്ദേശിച്ചിരുന്നില്ല.
ഗവർണർ യോഗത്തിനെത്താത്തത് 'അഭാവം' ആയി കണക്കാക്കാമെന്നും അതിനാലാണ് അദ്ധ്യക്ഷയായതെന്നുമാണ് മന്ത്രിയുടെവാദം.
കാലാവധി കഴിഞ്ഞ് പുതിയ ഗവർണറെ നിയമിക്കുംവരെയുള്ള ഇടവേളയിൽ ബിരുദദാനമടക്കം മുടങ്ങാതിരിക്കാനാണ് പ്രോചാൻസലർക്ക് അധികാരം കൈമാറുന്നത്.
ഇല്ലാത്ത അധികാരമുപയോഗിച്ച് നിയമവിരുദ്ധ നടപടികളെടുത്തതിൽ പ്രോചാൻസലറായ മന്ത്രിയെ ഗവർണർ അപ്രീതിയറിയിക്കും. ഇനിമേൽ ആവർത്തിക്കരുതെന്ന് താക്കീതിനും ഇടയുണ്ട്.
കേരള വി.സിക്കെതിരെ
ഇടത് സിൻഡിക്കേറ്റംഗങ്ങൾ
തിരുവനന്തപുരം: മന്ത്രി ബിന്ദുവിനെതിരേ ഗവർണർക്ക് റിപ്പോർട്ട് നൽകിയ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ഇടത് സിൻഡിക്കേറ്രംഗങ്ങളായ ജി.മുരളീധരൻ, ഷിജൂഖാൻ, ആർ.രാജേഷ്, എസ്.ജയൻ എന്നിവർ പ്രസ്താവിച്ചു.
പ്രോചാൻസലറായ മന്ത്രിക്കെതിരേ വി.സി നടത്തുന്നത് നിയമവിരുദ്ധവും അധാർമികവുമായ പ്രചാരണമാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് വി.സി പറയുന്നത്. ഗവർണർക്ക് റിപ്പോർട്ട് നൽകിയത് സിൻഡിക്കേറ്റിന്റെ അംഗീകാരമില്ലാതെയാണ്. ആ റിപ്പോർട്ട് സർവകലാശാലയുടേതല്ല. ഗവർണറുടെ നോമിനികളായ സെനറ്റംഗങ്ങളും വി.സിയും ചേർന്നുണ്ടാക്കിയ റിപ്പോർട്ടാണിത്.
മന്ത്രിയെ വി.സി വെല്ലുവിളിക്കുന്നത് നിയമവിരുദ്ധമാണ്. വി.സി ആരുടെ കൈയ്യിലെ പകിടയാണെന്ന് കേരളത്തിനറിയാം. സെനറ്ര് വിളിക്കാൻ കത്തയച്ചത് രജിസ്ട്രാറാണ്, വി.സിയല്ല. ചാൻസലർ കഴിഞ്ഞാൽ പ്രോട്ടോക്കോളിൽ പ്രോചാൻസലറാണ്. അതിനാൽ യോഗത്തിൽ അദ്ധ്യക്ഷയാവാൻ മന്ത്രിക്ക് അധികാരമുണ്ട്. പ്രോചാൻസലറുള്ളപ്പോൾ വി.സിയാണ് അദ്ധ്യക്ഷനാവേണ്ടതെന്ന വാദം നിയമപരമല്ല. വി.സിക്ക് മുകളിലാണ് മന്ത്രി. ചാൻസലറുടെ അസാന്നിധ്യത്തിൽ ചാൻസലറുടെ എല്ലാ അധികാരവും പ്രോചാൻസലർക്കാണ്. സെനറ്റിൽ മന്ത്രിയും വി.സിയും തമ്മിൽ തർക്കമുണ്ടായിട്ടില്ല. യോഗം കഴിഞ്ഞ് 4ദിവസത്തിനു ശേഷം മന്ത്രിക്കെതിരേ വി.സിയുടെ പ്രചാരണം നിയമവിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
4 വി.സിമാരുടെ പുറത്താക്കൽ:
ഗവർണറുടെ തീരുമാനം
മാർച്ച് 6നകം
തിരുവനന്തപുരം: നിയമനത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ നാലു വൈസ്ചാൻസലർമാരെ പുറത്താക്കുന്നതിൽ ഗവർണർ മാർച്ച് ആറിനകം തീരുമാനമെടുക്കും. യു.ജി.സി ചട്ടം ലംഘിച്ചുള്ള നിയമനത്തിന്റെ പേരിൽ കാലിക്കറ്റ് (ഡോ.എം.ജെ.ജയരാജ്), സംസ്കൃതം (ഡോ.എം.വി.നാരായണൻ), ഓപ്പൺ (പി.എം മുബാറക് പാഷ), ഡിജിറ്റൽ (ഡോ.സജി ഗോപിനാഥ്) എന്നിവരെയാവും പുറത്താക്കുക. തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സമയപരിധി കഴിയുന്നത് മാർച്ച് ആറിനാണ്.
24ന് ഇവർക്ക് ഹിയറിംഗ് നിശ്ചയിച്ചെങ്കിലും സംസ്കൃത വാഴ്സിറ്റി വി.സി ഹാജരാവാനാവില്ലെന്നറിയിച്ചു. ഓൺലൈൻ ഹിയറിംഗ് നടത്താമെന്ന രാജ്ഭവന്റെ അറിയിപ്പിന് മറുപടി നൽകിയിട്ടില്ല. ഓപ്പൺ വാഴ്സിറ്റി വി.സിയും ഹിയറിംഗിനെത്തുമെന്ന് അറിയിച്ചിട്ടില്ല. ഹിയറിംഗിൽ യു.ജി.സിയെക്കൂടി കക്ഷിയാക്കിയിട്ടുണ്ട്. യു.ജി.സി സ്റ്റാൻഡിംഗ് കോൺസിൽ കൃഷ്ണമൂർത്തി പങ്കെടുക്കാൻ രാജ്ഭവൻ നോട്ടീസയച്ചു. ഫെബ്രുവരി രണ്ടിന് ആദ്യഘട്ട ഹിയറിംഗ് നടത്തിയിരുന്നു. അന്ന് ഗവർണർ ഉന്നയിച്ച സംശയങ്ങൾക്ക് വ്യക്തത വരുത്താനാണ് രണ്ടാം ഹിയറിംഗ്. ഡിജിറ്റൽ സർവകലാശാലാ വി.സിക്കാണ് ഇപ്പോൾ സാങ്കേതിക സർവകലാശാലയുടെ ചുമതല. അദ്ദേഹത്തെ ഗവർണർ ഒഴിവാക്കിയാൽ സാങ്കേതിക സർവകലാശാലയ്ക്കും വി.സിയില്ലാതാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |