വിദ്യാഭ്യാസവും സർക്കാർ ജോലിയും നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരുന്ന പിന്നാക്ക-അധഃസ്ഥിത ജനവിഭാഗങ്ങളെ സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം ഉയർത്തിക്കൊണ്ടു വരാനാണ് ഭരണഘടനാ ശില്പികൾ ഇന്ത്യൻ ഭരണഘടനയിൽ സാമുദായിക സംവരണം വ്യവസ്ഥ ചെയ്തത്. രാജ്യത്തെ വിദ്യാഭ്യാസ,ഉദ്യോഗ തലങ്ങളിലും നീതിപീഠങ്ങളിലും,നിയമ നിർമ്മാണ സഭകളിലും,അധികാരത്തിന്റെ അകത്തളങ്ങളിലും വരെ അവർക്ക് കടന്നെത്താൻ കഴിഞ്ഞത് സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചത് കൊണ്ട് കൂടിയാണ്. എന്നാൽ,സംവരണം നിലവിൽ വന്ന് ഏഴ് പതിറ്റാണ്ട് പിന്നിട്ടും,സർക്കാരിന് കീഴിലുള്ള ചില സ്ഥാപനങ്ങളിലെയും,സർക്കരിന്റെ ധന സഹായം പറ്റുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെയും നിയമനങ്ങളിൽ സംവരണം ഇപ്പോഴും ബാലികേറാമലയായി തുടരുന്നു. സർക്കാരിന് നേരിട്ട് നിയന്ത്രണമുള്ള സ്ഥാപനങ്ങളിൽ പോലും സംവരണത്തിന് അയിത്തം കൽപ്പിച്ച് മാറ്റി നിറുത്തുന്നതിന് പിന്നിൽ ഭരണ-ഉദ്യോഗസ്ഥ തലത്തിലെ സവർണ്ണ-ലോബികളുടെ ആസൂത്രിത ഗൂഢാലോചന പ്രകടമാണ്.
മാറി മാറി കേരളം ഭരിച്ച ഇടത്, വലത് സർക്കാരുകൾ ഇക്കാര്യത്തിൽ പുലർത്തിയ മൗനം തന്നെ, ഈ ശക്തികളുടെ സമ്മർദ്ദത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. സംവരണത്തെ വളരെക്കാലം പടിയടച്ച് പിണ്ഡം വച്ച സർക്കാർ സ്ഥാപനങ്ങളിൽ സംസ്ഥാനത്തെ ദേവസ്വം ബോർഡുകളും ഉൾപ്പെടും. ഈശ്വരാരാധനയ്ക്കും ക്ഷേത്രപ്രവേശനത്തിനും ഭ്രഷ്ട് കൽപ്പിക്കപ്പെട്ടിരുന്ന അവർണ്ണ ഹിന്ദുക്കൾക്ക്
ആത്മാഭിമാനവും അവകാശ ബോധവും പകർന്ന് നൽകാനും,ക്ഷേത്ര പ്രവേശനത്തിനും പ്രതിഷ്ഠയ്ക്കും അവരെ പ്രാപ്തരാക്കാനും പോന്നതായിരുന്നു ശ്രീനാരായണ ഗുരുദേവൻ. 1888ൽ നടത്തിയ അരുവിപ്പുറം ശിവ പ്രതിഷ്ഠ. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉൾപ്പെടെ അന്തസുള്ള മനുഷ്യരായി ജീവിക്കാനുള്ള അവകാശങ്ങൾ പിൽക്കാലത്ത് നേടിയെടുക്കുന്നതിന് അത് രാസത്വരകമായി. ദേവസ്വംബോർഡുകൾക്കും കീഴിലുള്ള ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരിൽ 95 ശതമാനം പേരും മുന്നാക്ക വിഭാഗക്കാരാണെന്ന് കണക്കുകൾ തെളിയിക്കുന്നു.
ഈ പശ്ചാത്തലത്തിൽ,സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള സ്കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപക- അനദ്ധ്യാപക നിയമനങ്ങളിലും സംവരണം നടപ്പിലാക്കുന്നതിനുള്ള പിണറായി സർക്കാരിന്റെ തീരുമാനം തികച്ചും പ്രശംസനീയമാണ്. കഴിഞ്ഞ 22ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ചു ചേർത്ത ദേവസ്വം ബോർഡുകളുടെയും, കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിന്റെയും ഉന്നതരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഈ തസ്തികകളിലെ നിയമനങ്ങളിൽ പി.എസ്.സി മാതൃകയിലുള്ള സംവരണം നടപ്പിലാക്കാനാണ്. ദേവസ്വം സെക്രട്ടറി വ്യാഴാഴ്ച ഇറക്കിയ ഉത്തരവിൽ ബോർഡുകളോട് നിർദ്ദേശിച്ചിട്ടുള്ളത്. അഹിന്ദുക്കൾക്കും നിയമനം ലഭിക്കാനുള്ള സാദ്ധ്യതയും ഇതിലൂടെ തെളിയുന്നു.
സംസ്ഥാനത്തെ പിന്നാക്ക-പട്ടിക വിഭാഗങ്ങൾക്ക് ഏറെ വൈകി ലഭിച്ച സാമൂഹ്യ നീതിയാണിത്. ദേവസ്വം ബോർഡുകൾക്ക് കീഴിൽ ഏഴ് കോളേജുകളും 20 സ്കൂളുകളുമാണുള്ളത്.ഇവിടത്തെ അദ്ധ്യാപക-അനദ്ധാപക ജീവനക്കാരിൽ പിന്നാക്ക- പട്ടിക വിഭാഗക്കാർ വെറും അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് അറിയുമ്പോഴാണ് ഭരണാധികാരികൾ ഇത്രയും കാലം തുടർന്നു വന്ന അനീതിയുടെ ആഴം ബോദ്ധ്യപ്പെടുന്നത്. ഈ തസ്തികകളിലെ നിയമനങ്ങളിൽ സംവരണത്തിന് വേണ്ടി കേരളകൗമുദിയും, ഇന്നാട്ടിലെ പിന്നാക്ക-പട്ടിക വിഭാഗ സംഘടനകളും നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. ഇക്കാര്യത്തിൽ ഇച്ഛാശക്തി കാട്ടിയ ഇടതു സർക്കാരിനെ, വിശേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനെയും ഞങ്ങൾ അഭിനന്ദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |