SignIn
Kerala Kaumudi Online
Saturday, 27 July 2024 5.12 AM IST

പൂക്കോട് ക്യാമ്പസിലെ പുഴുക്കുത്തുകൾ

k

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തെ ആഗോള ഹബ്ബ് ആക്കാൻ നടക്കുന്ന ശ്രമങ്ങൾക്കിടെയാണ് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ജീവനെടുത്ത ക്യാമ്പസ് ക്രൂരത. ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ ജീവനു പോലും സുരക്ഷിതത്വമില്ലാതാവുകയാണോ?​

വിദ്യാഭ്യാസരംഗത്തെ കേരള മോഡൽ വികസനം രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടുമ്പോൾ, വെറ്ററിനറി സർവകലാശാലാ ക്യാമ്പസിലെ പൂക്കോട് വെറ്ററിനറി കോളേജിൽ നടന്ന അതിദാരുണമായ സംഭവം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക് തീർത്തും അപമാനകരമാണ്! ഏറെ പ്രതീക്ഷയോടെയാണ് 2022-ലെ നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ സിദ്ധാർത്ഥിനെ രക്ഷിതാക്കൾ താരതമ്യേന തൊഴിൽ സാദ്ധ്യത ഏറെയുള്ള വെറ്ററിനറി സയൻസ് ബിരുദ കോഴ്സിനു ചേർത്തത്. സിദ്ധാർത്ഥിന്റെ ദാരുണ മരണം സൃഷ്ടിച്ച വേർപാടിൽ നിന്ന് ആ കുടുംബത്തിന് എങ്ങനെ കരകയറാൻ സാധിക്കും?

ഒരൊറ്റ വിദ്യാർത്ഥി സംഘടന മാത്രമുള്ള പൂക്കോട് വെറ്ററിനറി കോളേജിൽ നടന്ന നരനായാട്ടും കൂട്ടവിചാരണയും യൂണിവേഴ്സിറ്റി, കോളേജ് അധികൃതരുടെ തികഞ്ഞ അനാസ്ഥകൊണ്ടു മാത്രം സംഭവിച്ചതാണ്. വിദ്യാർത്ഥികൾ ക്യാമ്പസിലെത്തുമ്പോൾ അവരുടെ സുരക്ഷിതത്വത്തിനായി ആന്റി റാഗിംഗ് സ്‌ക്വാഡും, ഹോസ്റ്റലിൽ അസിസ്റ്റന്റ് വാർഡനും, മൊത്തം ചുമതലയുള്ള വാർഡനും (ഡീൻ) ഉള്ള ക്യാമ്പസിലാണ് ഈ ക്രൂരത നടന്നത്. ഇവർക്കു മുകളിൽ ഡയറക്ടർ (വിദ്യാർത്ഥി ക്ഷേമം), രജിസ്ട്രാർ, വൈസ് ചാൻസലർ എന്നിവരുമുണ്ട്. യൂണിവേഴ്സിറ്റി ക്യാമ്പസിലെ കോളേജിലാണ് ഇതെല്ലം അരങ്ങേറിയത്. അധികൃതരുടെ അനാസ്ഥയും, വിദ്യാർത്ഥി സംഘടനയോടുള്ള വിധേയത്വവും, എന്തു ചെയ്താലും ഭരിക്കുന്ന കക്ഷിയുടെ പിന്തുണ ലഭിക്കുമെന്ന രാഷ്ട്രീയ അഹങ്കാരവുമാണ് ഇതിനു വഴിയൊരുക്കിയത്.

സംഭവിച്ചത്

ഗുരുതര വീഴ്ച

അസിസ്റ്റന്റ് വാർഡനും ഡീനും താമസിക്കുന്നത് ക്യാമ്പസിൽ തന്നെയാണ്. ഹോസ്റ്റലിൽ നിന്ന് ഏതാനും മീറ്റർ അകലെ മാത്രം. ഇതൊന്നും തങ്ങൾക്കറിയില്ല എന്നു പറയുന്ന അവർ പ്രസ്തുത സ്ഥാനങ്ങളിൽ തുടരാൻ യോഗ്യരല്ല. തികഞ്ഞ സൂപ്പർവൈസറി വീഴ്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിദ്യാർത്ഥികളുടെ എല്ലാ ക്യാമ്പസ് വിരുദ്ധ ഗുണ്ടായിസത്തിനും കൂട്ടുനിൽക്കുകയാണ് അവർ ചെയ്തത്. വെറ്ററിനറി കോളേജിൽ പഠിക്കുന്ന കാലത്ത് ദിവസേനയെന്നോണം അസിസ്റ്റന്റ് വാർഡൻ ഹോസ്റ്റലിലെത്തുന്നതും, എന്തു ചെറിയ സംഭവങ്ങളുണ്ടായാലും വാർഡൻ (ഡീൻ) ഓടിയെത്തുന്നതും ഞാൻ ഇപ്പോഴും ഓർക്കുന്നു!

വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ ഇപ്പോഴുള്ളത് അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പവിത്രമായ ബന്ധമല്ല. മറിച്ച്,​ വിദ്യാർത്ഥികളും, രാഷ്ട്രീയ തിമിരം ബാധിച്ച ചില അദ്ധ്യാപകരും തമ്മിലുള്ള വിധ്വംസക കൂട്ടായ്മയാണ്. അദ്ധ്യാപകരുടെ അന്യായമായ ആവശ്യങ്ങൾക്കുവേണ്ടി അവർ വിദ്യാർത്ഥികളെയും, മറ്റു ജീവനക്കാരെയും മുന്നിൽ നിറുത്തി അധികാരികൾക്കെതിരെ സമരം ചെയ്യിപ്പിക്കും. വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഈ അശാസ്ത്രീയ കൂട്ടുകെട്ടാണ് വിദ്യാർത്ഥികൾ അദ്ധ്യാപകരെ അനുസരിക്കാത്ത ഇന്നത്തെ സ്ഥിതിക്കു പിന്നിൽ. ഇത് വിദ്യാർത്ഥി സംഘടനകൾക്ക് ക്യാമ്പസിൽ നിർബാധം കൂട്ടവിചാരണയും ശിക്ഷയും നടത്താനുള്ള അവസരമായി വിദ്യാർത്ഥികൾ വിനിയോഗിക്കുകയും ചെയ്യുന്നു.

ക്രിമിനലുകളുടെ

ക്യാമ്പസോ?​

ഈ ക്രിമിനൽ സംഘത്തിന്റെ അതിക്രമങ്ങളെ ചെറുക്കാനോ ഇവർക്കെതിരെ നടപടി സ്വീകരിക്കാനോ അധികൃതർക്കു കഴിയുന്നില്ല. വിദ്യാർത്ഥികൾക്ക് ഉന്നത അധികാരികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും എല്ലാ സഹായങ്ങളും ലഭിക്കുന്നതിനാൽ ഇതിനൊന്നും പരിഹാരം കാണാൻ അദ്ധ്യാപകർക്ക് കഴിയുന്നുമില്ല. അദ്ധ്യാപകരുടെ നിർദ്ദേശാനുസരണം അധികാരികൾക്കെതിരെ അപകീർത്തികരമായ ലഖുലേഖകളിറക്കാനും, മാദ്ധ്യമ വാർത്തകൾ നല്കാനും പോലും വിദ്യാർത്ഥികൾ തയ്യാറാകുന്നു. ഇത്തരം കൊടുക്കൽ വാങ്ങൽ കൂട്ടായ്‌മയാണ്‌ കേരളത്തിലെ ക്യാമ്പസുകളുടെ ഇന്നത്തെ ദുരവസ്ഥ!

ജീവിക്കാനും

ആഗ്രഹമുണ്ട്

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ആഗോള ഹബ്ബാക്കുമെന്ന പ്രഖ്യാപനവും ക്യാമ്പസ് അരക്ഷിതാവസ്ഥയും തീർത്തും വൈരുദ്ധ്യങ്ങളാണ്!. കേരളത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും മാത്രം ആഗ്രഹിച്ചല്ല വിദ്യാർഥികൾ വിദേശ ക്യാമ്പസുകളിലെത്തുന്നത്. അവർക്ക് സുരക്ഷിതമായി ജീവിക്കാനും ആഗ്രഹമുണ്ട്!. പഠനത്തിന് വിദേശ രാജ്യങ്ങളിലെത്തുന്ന 72 ശതമാനം വിദ്യാർത്ഥികളും പഠനശേഷം മാതൃ രാജ്യത്ത് തിരിച്ചെത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കേരള അക്കാദമി ഒഫ് സയൻസ് അടുത്തിടെ നടത്തിയ വ്യക്തമാക്കുന്നു.

ക്യാമ്പസുകളിൽ സുരക്ഷിതമായ പഠനാന്തരീക്ഷം സൃഷ്ടിക്കണം. രാഷ്ട്രീയപാർട്ടികളുടെ ആജ്ഞാനുവർത്തികളായി വിദ്യാർത്ഥി സംഘടനകൾ തരംതാഴ്ന്നുപോകരുത്. അദ്ധ്യാപകർ തങ്ങളുടെ കടമ നിർവഹിക്കുന്നതിൽ തല്പരരായിരിക്കണം. വിദ്യാർത്ഥികളെ ചാവേറുകളാക്കാൻ അവർ തുനിയരുത്. ക്യാമ്പസിലെ സുരക്ഷ നിലനിറുത്തേണ്ട വാർഡനും അസിസ്റ്റന്റ് വാർഡനും അവരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ വരുത്തിയ വീഴ്ചകൾ ഗൗരവമായി പരിശോധിക്കണം. കുറ്റക്കാർക്കെതിരെ ചുമത്തുന്ന റാഗിംഗ് നിരോധന നിയമപ്രകാരമുള്ള ശിക്ഷയ്ക്ക് അവരും അർഹരാണ്. ഹോസ്റ്റൽ സെക്രട്ടറിക്കെതിരെയും നടപടി സ്വീകരിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന തീരുമാനങ്ങളെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുമ്പോൾ, ക്യാമ്പസുകളിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയും വിദ്യാർത്ഥികളിലെ മയക്കുമരുന്ന് സ്വാധീനവും, ക്രൂരവാസനകളും നിയന്ത്രിക്കാനും സത്വര നടപടി വേണം.

(വെറ്ററിനറി സർവകലാശാലാ മുൻ ഡയറക്ടറാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOKADU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.