SignIn
Kerala Kaumudi Online
Saturday, 09 November 2024 4.23 AM IST

ഈ കുട്ടികൾ പഠിക്കാൻ മറുനാട് തേടുന്നതെന്ത്?​

Increase Font Size Decrease Font Size Print Page
cd

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ വ്യക്തമാക്കിയത്, കൂടുതൽ തൊഴിലവസരങ്ങളും സൗകര്യങ്ങളും നൽകി യുവാക്കളെ സംസ്ഥാനത്തു തന്നെ പിടിച്ചുനിറുത്തുന്നതിലാണ് സർക്കാർ ശ്രദ്ധവയ്ക്കുന്നതെന്നാണ്. നമ്മുടെ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെയും സൗന്ദര്യാത്മകതയുടെയും അഭാവമാണ് യുവാക്കൾ നാട്ടിൽ നിന്ന് അകലുന്ന പ്രവണതയ്ക്കു കാരണമെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. വിദേശ സർവകലാശലകളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നത് എന്തുകൊണ്ട്? നമ്മുടെ കുട്ടികൾ ഉന്നതപഠനത്തിന് വിദേശങ്ങളെ ആശ്രയിക്കാൻ കാരണമെന്ത്? തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (IISER) സ്കൂൾ ഒഫ് ഹ്യുമാനിറ്റീസ് പ്രൊഫസറായ ഹരിലാൽ മാധവൻ, മൈഗ്രേഷനിലെ ഈ ഉയർന്ന പ്രവണതയെ മസ്തിഷ്ക രക്തചംക്രമണമായാണ് പരാമർശിക്കുന്നത്.

നിലവിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ 54 രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം പേർ വിദേശത്ത് ജോലി ചെയ്യുകയോ ഉന്നത വിദ്യാഭ്യാസം നേടുകയോ ചെയ്യുന്നുണ്ട്. കേരളത്തിലെ സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികളിൽ 12ശതമാനം വിദേശത്ത് വിദ്യാഭ്യാസം തുടർന്നതായാണ് കണക്ക്. അതിൽ യു.എസ്, യു.കെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് അധികം പ്രിയപ്പെട്ടവ. 2019-ൽ കേരളത്തിൽ നിന്ന് 30,948 വിദ്യാർത്ഥികൾ വിദേശയാത്ര നടത്തിയതായി വിദേശകാര്യ മന്ത്രാലയവും റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിദേശത്തേക്ക് അയച്ചത് തെലങ്കാനയും ആന്ധ്രാപ്രദേശുമാണ്. വിദേശ വിദ്യാഭ്യാസത്തിന് ഇന്ത്യയിൽ നിന്നു പോയ വിദ്യാർത്ഥികളിലെ 12.5 ശതമാണമിത്. വിദേശത്തേക്കു പോകുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളുടെ കണക്ക് ഇങ്ങനെ: പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര (12.5ശതമാനം), ഗുജറാത്ത്, ഡൽഹി, തമിഴ്നാട് (എട്ട് ശതമാനം), കർണാടക (ആറ് ശതമാനം), മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 33ശതമാനം. 2012- ൽ വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 40 ലക്ഷമായിരുന്നെങ്കിൽ 2025- ൽ അത് 75 ലക്ഷം കവിയും. ഫെബ്രുവരിയിൽ പാർലമെന്റിൽ വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ച ഡാറ്റയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 68 ശതമാനം വർദ്ധനവുണ്ട്.

നോർകയുടെയും (നോൺ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ) വിദേശകാര്യ മന്ത്രാലയത്തിന്റെയും രേഖകൾ പ്രകാരം കേരളീയരില്ലാത്ത ഒരേയൊരു രാജ്യം ഉത്തര കൊറിയയാണ്. അതായത്, ലോകത്തെ ആകെയുള്ള 195 രാജ്യങ്ങളിൽ 194 രാജ്യങ്ങളിലും മലയാളികളുണ്ട്! വിദേശ പഠത്തിനായി കുടിയേറുന്ന ചെറുപ്പക്കാരിൽ അധികവും പ്രതിവർഷം അഞ്ചുലക്ഷം രൂപയിൽ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സി.പി.പി.ആർ) പഠന റിപ്പോർട്ട് പറയുന്നു. അധികവും ഉന്നത സാമ്പത്തിക ശേഷിയുള്ളവരല്ലെന്ന് അർത്ഥം.

കേരളത്തിൽ നിന്ന് വിദേശത്ത് ഉന്നതപഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്നത് പൊതുശ്രദ്ധയിലെത്തിച്ച് നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എ പ്രസംഗിച്ചത് ഇങ്ങനെയാണ്:

"കേരളത്തിൽ എം.ബി.എ, സിവിൽ/മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം എന്നിവയുള്ള ഉദ്യോഗാർത്ഥിക്ക് വാഗ്ദാനം ചെയ്യുന്ന ശരാശരി ശമ്പളം 10,000-14,000 രൂപയാണ്. ഇക്കാരണംകൊണ്ട്,​ സംസ്ഥാനത്ത് പ്ളസ് ടു പാസാകുന്ന ഒരു കുട്ടി,​ എങ്ങനെയും വിദേശത്തു കടക്കണമെന്നാണ് ചിന്തിക്കുക. അതേസമയം, സ്വകാര്യമേഖലയിലെ ഐ.ടി പ്രൊഫഷണലുകൾക്ക് ന്യായമായ ശമ്പളമാണ് നൽകുന്നത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നാണ് കേരള സർക്കാർ അവകാശപ്പെടുന്നത്. പ്രതിവർഷം 20,000 ജോലി. 2021-ലെ സംസ്ഥാന ആസൂത്രണ ബോർഡ് റിപ്പോർട്ട് അനുസരിച്ച്, 2020-21-ൽ, 1,01,686 പേർ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും,​ 27,916 പേർ എൻജിനിയറിംഗ് കോളേജുകളിലും പ്രവേശനം നേടിയിട്ടുണ്ട്. അതേസമയം,​ ഈ കാലയളവിൽ വിദേശ പഠനം തിരഞ്ഞെടുത്തവരുടെ കണക്കു കൂടി നോക്കുക: യു.എസ് - 4,65,791, കാനഡ -1,83,310, യു.എ.ഇ - 1,64,000, ഓസ്ട്രേലിയ -1,00,009, സൗദി- 65,800, യു.കെ- 55,465, ഖത്തർ- 46,000, ജർമനി - 34,864, ജോർജിയ - 14,000, ഫ്രാൻസ് - 10,003. ന്യൂസിലാന്റിലേക്കും അയർലന്റിലേക്കും കുടിയേറിയവർ വേറെ,​

കേരളത്തിൽ അനുയോജ്യമായ ജോലികൾ ലഭ്യമല്ല എന്നതാണ് കുട്ടികൾ വിദേശ പഠനം തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. രണ്ടാമത്തെ കാരണം വിദേശ വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരമാണ്. മോശം വേതനം, പ്രതികൂല സാമൂഹികാവസ്ഥ, നാട്ടിൽ കൈവകുന്ന മെച്ചപ്പെട്ട സാമൂഹിക നില,​ ലിംഗ പക്ഷപാതം തുടങ്ങിയവയാണ് മറ്റു കാരണങ്ങൾ. ഭൂരിഭാഗം വിദ്യാർത്ഥികളും സ്കോളർഷിപ്പില്ലാതെ വിദേശത്തു പഠിക്കുന്നു. ചെലവിനുള്ള പണം അവർ കുടുംബത്തിൽ നിന്നോ ലോൺ വഴിയോ നേടുന്നു.

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഒരു പ്രശ്നം, ഏറ്റവും പ്രചാരമുള്ള STEM (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ്) കോഴ്സുകൾ മാത്രമേ അക്കാദമിക് സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നതാണ്. പാരമ്പര്യേതര പാത സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു ഉപവിഭാഗം അവരുടെ ഉന്നത വിദ്യാഭ്യാസം വിദേശത്ത് പ്രോത്സാഹിപ്പിക്കാൻ നിരന്തരം നോക്കുന്നു, കാരണം അവർ ആഗ്രഹിക്കുന്ന സ്റ്റഡി

പ്രോഗ്രാം രാജ്യത്ത് വ്യാപകമായി വാഗ്ദാനം ചെയ്യപ്പെടുന്നില്ല. കോഴ്‌സ് ഓഫർ ചെയ്താലും, കൂടുതൽ പ്രൊഫഷണൽ പുരോഗതിക്കു കഴിവുള്ള വ്യക്തികളെ സജ്ജരാക്കാനുള്ള വൈദഗ്ദ്ധ്യവും അക്രഡിറ്റേഷനും ഇന്ത്യയിലെ സർവകലാശാലകൾക്ക് ഇല്ല.

2020-21ൽ കേരള ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നീ ബോർഡുകൾക്കു കീഴിൽ 12-ാം ക്ലാസ് പരീക്ഷ പാസായ വിദ്യാർഥികളുടെ എണ്ണം 4,23,2028 ആയിരുന്നു. ഇവരിൽ നാലിലൊന്ന് വിദ്യാർത്ഥികൾ അവരുടെ അക്കാദമിക് ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ - ഡിഗ്രി, പിജി അല്ലെങ്കിൽ പി.എച്ച്.ഡി എന്നിവയിൽ വിദേശത്തേക്ക് മാറുകയാണെങ്കിൽ അത് കേരള സമൂഹത്തിൽ വലിയ സാമ്പത്തിക, സാമൂഹിക മാറ്റങ്ങൾക്ക് കാരണമാകും. വിദ്യാർത്ഥികളുടെ കുടിയേറ്റം ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണ്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അദ്ധ്യയന വർഷം നവംബർ വരെ മാത്രം 6,46,206 വിദ്യാർത്ഥികൾ രാജ്യം വിട്ടു. ഇതിൽ നാലു ശതമാനം മാത്രമാണ് കേരളത്തിൽ നിന്ന് വന്നത്, 12ശതമാനം ആന്ധ്രാപ്രദേശിൽ നിന്നാണ്.

വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിൽ അവസരങ്ങളും മികച്ച ജീവിത നിലവാരവും നൽകി അവരെ മാതൃരാജ്യത്ത് നിലനിറുത്താൻ നമുക്കു സാധിക്കണം. അവസരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, ജീവിത സാഹചര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുക, അഴിമതി കുറയ്ക്കുക എന്നീ സർക്കാർ നയങ്ങൾ വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റം കുറയ്ക്കും. വിദ്യാഭ്യാസ വായ്പാ തിരിച്ചടവാണ് മറ്റൊരു പ്രധാന പ്രശ്നം. ഇതിനും പരിഹാരവും കാണേണ്ടിയിരിക്കുന്നു.

പ്രധാന രാജ്യങ്ങളും

ഇന്ത്യൻ വിദ്യാർത്ഥികളും

കാനഡ........................................2,15,720

യു.എസ്.......................................2,11,930

ആസ്ട്രേലിയ................................92,383

യു.കെ.............................................55,465

ന്യൂസിലാന്റ്....................................30,000

ചൈന...............................................23,000

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INTERNATIONAL SUDY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.