അല്ലാഹു പറയുന്നു: 'നിങ്ങളുടെ മുൻഗാമികൾക്ക് നോമ്പ് നിയമമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും നിയമമാക്കിയിരിക്കുന്നു; നിങ്ങൾ സൂക്ഷ്മതയുള്ളവരാകുന്നതിനു വേണ്ടി' (അൽബഖറ: 183)
റംസാൻ ആഗതമായാൽ ആത്മലോകത്ത് ചില പ്രതിഭാസങ്ങൾ അരങ്ങേറുമെന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടയ്ക്കപ്പെടുകയും പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും. നന്മ ചെയ്യാൻ ഉദ്ദേശിക്കുന്നവരോട് ആ അവസരം പാഴാക്കാതിരിക്കുവാനും, തിന്മ ചെയ്യുന്നവരോട് നിയന്ത്രണം പാലിക്കുവാനും വാനലോകത്ത് ഒരു മാലാഖ ആഹ്വാനം ചെയ്യുമെത്രെ. അതുകൊണ്ട് ആത്മനിയന്ത്രണമാണ് നോമ്പിന്റെ പ്രധാനമായ ലക്ഷ്യമെന്നു പറയാം.
അധർമ്മങ്ങൾക്കെതിരെയുള്ള പരിചയമാണ് നോമ്പ്. നോമ്പ് അനുഷ്ഠിക്കുന്നവന്റെ കണ്ണും കാതും നാക്കും മുഴുവൻ അവയവങ്ങളും നോമ്പുകാരാണ്. തിന്മകൾ കേൾക്കുന്നതിൽ നിന്നും കാണുന്നതിൽ നിന്നും സംസാരിക്കുന്നതിൽ നിന്നും തിന്മകളിലേക്ക് നടക്കുന്നതിൽ നിന്നും നോമ്പുകാരൻ സുരക്ഷിതനാണ്. അവൻ ഒരാളെയും ചീത്ത പറയാൻ പാടില്ല. ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കുകയാണെങ്കിൽ താൻ നോമ്പുകാരനാണെന്നു പറഞ്ഞ് ആത്മസംയമനം പാലിക്കട്ടെ എന്നാണ് പ്രവാചകൻ കല്പിച്ചത്. ശാരീരികവും മാനസികവുമായ നിയന്ത്രണത്തിലൂടെ മാത്രമേ ഒരു വ്യക്തിയുടെ നോമ്പ് പൂർണ്ണമാകൂ. അതിനു തയ്യാറാകാത്തവർ കേവലം പട്ടിണി കിടക്കുക മാത്രമാണ് ചെയ്യുന്നത്!
ക്ഷമയുടെ
പുണ്യമാസം
വ്രതം നിർബന്ധമാക്കിയതിനു പിന്നിൽ മറ്റുചില യുക്തികൾകൂടിയുണ്ട്. ഹൃദയം തെളിയുകയും നല്ല ചിന്തകൾ വരികയും ചെയ്യുന്നു. ശരീരത്തിന് വിശപ്പും ദാഹവും അനുഭവപ്പെടുമ്പോൾ ഹൃദയത്തിന് തെളിച്ചവും നൈർമല്യവും വരും. വയറ് അമിതമായി നിറഞ്ഞാൽ ഹൃദയത്തിന് അന്ധത ബാധിക്കുകയും ചെയ്യും. ശരിയായ നോമ്പുകാരൻ പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും പ്രയാസം മനസിലാക്കും. ദരിദ്രരെ മറക്കാതെ വിശപ്പിന്റെ രുചിയറിയാനാണ് നോമ്പ്. നോമ്പുകാരൻ പ്രയാസങ്ങൾ ക്ഷമിക്കാൻ പഠിക്കുന്നു. പ്രവാചകൻ പറഞ്ഞു: ക്ഷമയുടെ മാസമാണ് റംസാൻ ക്ഷമയ്ക്ക് പ്രതിഫലം സ്വർഗ്ഗവുമാണ്.
ഇനി റംസാൻ സുകൃതങ്ങളുടെ മഹത്വം പറയാം; കച്ചവടക്കാരൻ തന്റെ വിഭവങ്ങൾ വിൽക്കുന്നത് ഏറ്റവും വില ലഭിക്കുന്ന കാലവും, ഏറ്റവും വില ലഭിക്കുന്ന സ്ഥലവും പരിഗണിച്ചാണ്. അതു പോലെത്തന്നെയാണ് വിശ്വാസികളും, റംസാൻ അവർ പാഴാക്കുകയില്ല. ഇത് പാപങ്ങളിൽ നിന്ന് മനുഷ്യനെ സ്ഫുടം ചെയ്യുന്ന മാസമാണ്. റംസാൻ മാസപ്പിറ ദൃശ്യമാവുമ്പോൾ കൂടുതൽ വിശ്വാസം തുളുമ്പുന്ന, നിർഭയത്വമുളള, സുരക്ഷയുളള, സമാധാനമുള്ള ഒരു മാസമാക്കി ഇതിനെ മാറ്റേണമേ എന്നാവണം വിശ്വാസികളുടെ പ്രാർത്ഥന. പാപങ്ങളിൽ നിന്ന് ഞങ്ങളെ ശുദ്ധീകരിക്കുന്ന മാസമേ,നിനക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഖലീഫ ഉമർ റംസാനിനെ വരവേറ്റിരുന്നത്.
ദൈവത്തിന്റെ
ഔദാര്യം
റമദാനിലെ നോമ്പിലൂടെ, പ്രാർത്ഥനകളിലൂടെ മനുഷ്യന്റെ മുഴുവൻ പാപങ്ങളും ജഗന്നിയന്താവ് പൊറുത്തു കൊടുക്കുകയാണ്. ഇതിനേക്കാൾ വലിയ എന്ത് ഔദാര്യമാണ് ദൈവത്തിൽ നിന്ന് മനുഷ്യനു ലഭിക്കാനുള്ളത്. ഈ ഔദാര്യത്തിന് നന്ദി പ്രകാശിപ്പിച്ച് അല്ലാഹുവിന്റെ അടിമകളോട് കൂടുതൽ ഉദാരവാന്മാരാകാൻ നോമ്പുകാരന് കഴിയണം. പ്രവാചകൻ ഏറ്റവും കൂടുതൽ ഉദാരനായിരുന്നത് റംസാനിലായിരുന്നു. സാമ്പത്തികമായ ഔദാര്യം മാത്രമല്ല, മനുഷ്യൻ അവന്റെ മനസ്സിന്റെ വിശാലത കഴിയുന്നത്ര തുറന്നുവയ്ക്കട്ടെ. പ്രവാചകൻ പറഞ്ഞു: 'എല്ലാ നല്ല കാര്യങ്ങളും ദാനധർമ്മമാണ്; പ്രസന്നമായ മുഖത്തോടെ നിന്റെ സഹോദരനെ ഒന്ന് നോക്കുന്നതു പോലും!'
മാനവരാശിയുടെ സന്മാർഗ്ഗത്തിനു വേണ്ടി അല്ലാഹു ഖുർആൻ അവതരിപ്പിച്ച മാസമാണ് റംസാൻ. റംസാനിലെ എല്ലാ രാത്രികളിലും ജിബ്രീലുമായി സംഗമിക്കുകയും ഖുർആൻ പഠിക്കുകയും ചെയ്യുമായിരുന്നു. റംസാനിന്റെ രാത്രികളെ ഖുർആൻ പാരായണംകൊണ്ട് ധന്യമാക്കിയാൽ ഖുർആൻ നോമ്പുകാരന്റെ ശുപാർശകനായി ആന്ത്യനാളിൽ ആഗതമാവും. രാത്രി നിന്റെ വചനങ്ങളുടെ മുമ്പിൽ ഉറക്കമൊഴിച്ച ഈ ഭക്തന്റെ കാര്യത്തിൽ എന്നെ നീ ശുപാർശക്കാര നാക്കേണമേ എന്ന് പ്രപഞ്ചനാഥനോട് ഖുർആൻ പറയും.
ആത്മാവിന്റെ
ആരോഗ്യം
മണ്ണിന്റെയും വിണ്ണിന്റെയും ഘടകങ്ങൾ സമ്മേളിച്ച സവിശേഷ അസ്തിത്വമാണ് മനുഷ്യൻ. ശരീരവും ആത്മാവും കൂടിച്ചേരുമ്പോഴാണ് മനുഷ്യനെന്ന ഉത്കൃഷ്ടഘടന രൂപം കൊള്ളുന്നത്. അതിനാൽ ശരീരത്തിനും ആത്മാവിനും സന്തുലിതമായ പോഷണം അനിവാര്യമാണ്. വ്രതാനുഷ്ഠാനത്തിലൂടെ ആത്മാവിന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുകയാണ് വിശ്വാസികൾ ചെയ്യുന്നത്. പട്ടിണിയുടെ ശക്തിയും കാഠിന്യവും തിരിച്ചറിയുന്ന മനുഷ്യൻ കഷ്ടപ്പെടുന്നവരോട് കൂടുതൽ അനുകമ്പയുള്ളവനാകുന്നു.
ദൈവത്തോടുളള കടപ്പാട് മാത്രമല്ല റംസാൻ മുന്നോട്ടുവയ്ക്കുന്നത്. മറിച്ച്, ദൈവദാസന്മാരോട് കൂടുതൽ കാരുണ്യവും സ്‌നേഹവും പ്രകടിപ്പിക്കുവാൻ വിശ്വാസിക്കു കഴിയണം. പ്രവാചകൻ പറഞ്ഞു: 'ഭൂമിയിലുള്ളവനോട് നിങ്ങൾ കരുണ കാണിക്കുക എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും.' പരലോകത്ത് ദൈവം മനുഷ്യനോടു ചോദിക്കും. ഞാൻ വിശന്നപ്പോൾ എന്തേ നീ എനിക്ക് ഭക്ഷണം നൽകാതിരുന്നത്? അപ്പോൾ മനുഷ്യൻ ചോദിക്കും- ദൈവമേ, ഞാനെങ്ങനെ നിനക്ക് ഭക്ഷണം നൽകാനാണ്? നീ ലോകരക്ഷിതാവല്ലേ? ദൈവത്തിന്റെ പ്രതികരണം: എനിക്ക് വിശക്കുക എന്നു പറഞ്ഞാൽ എന്റെ അടിമയ്ക്ക് വിശക്കലാണ്!
ദൈവത്തിന്റെ അടുത്ത ചോദ്യം മനുഷ്യാ ഞാൻ ദാഹിച്ചപ്പോൾ നീ എന്തേ എനിക്ക് വെള്ളം നൽകാതിരുന്നത്. മനുഷ്യൻ ചോദിക്കും: ദൈവമേ നിനക്ക് എങ്ങനെ ദാഹിക്കാനാണ്? നീയല്ലേ മഴ വർഷിപ്പിക്കുന്നത്. ദൈവത്തിന്റെ പ്രതികരണം: എനിക്ക് ദാഹിക്കുക എന്നു പറഞ്ഞാൽ എന്റെ അടിമയ്ക്ക് ദാഹിക്കലാണ്. ദൈവത്തിന്റെ അടുത്ത ചോദ്യം: ഞാൻ രോഗിയായപ്പോൾ നീ എന്തേ എന്നെ സന്ദർശിക്കാതിരുന്നത്? അപ്പോൾ ദൈവത്തിന്റെ അടിമ പ്രതികരിക്കും: ദൈവമേ,നീ എങ്ങനെ രോഗിയാകാനാണ്? നീയല്ലേ ജനങ്ങൾക്ക് രോഗം നൽകുന്നവനും സുഖപ്പെടുത്തുന്നവനും? ദൈവത്തിന്റെ മറുപടി: ഞാൻ രോഗിയാവുക എന്നു പറഞ്ഞാൽ എന്റെ അടിമ രോഗിയാവലാണ്. ദൈവദാസന്റെ ദാഹവും വിശപ്പും രോഗവും ദൈവം ദാഹിക്കുന്നതിനും വിശക്കുന്നതിനും രോഗിയാവുന്നതിനും തുല്യമാണെന്നാണ് മതം പഠിപ്പിക്കുന്നത്. ഇവിടെയാണ് മനുഷ്യനിൽ ആർദ്രതയുടെ വികാരം ജനിപ്പിക്കുന്ന നോമ്പുപോലുള്ള ആരാധനകൾ കൂടുതൽ പ്രസക്തമാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |