സംവരണം അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചന ആദ്യം നടക്കുന്നത് ഐ.എ.എസ് തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥന്മാരുടെ ചെറുസംഘങ്ങളുടെ കൂടിച്ചേരലുകളിലാണ്. അവരുടെ ബുദ്ധിയുടെ മൂശകളിൽ ഇതിനുള്ള കുറുക്കുവഴികൾ ഉരുത്തിരിയും. കുറ്റം അവരുടെ തലയിൽ വരാതിരിക്കാൻ ഏതെങ്കിലും ചില റിപ്പോർട്ടുകളും ഇവർ സംഘടിപ്പിക്കും. അതിന്റെ പുറത്ത് ഇപ്പോൾ തുടരുന്ന സംവരണ രീതി തുടർന്നാൽ അത് സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ സമുദായക്കാർ മാത്രമാവും എന്ന രീതിയിൽ ഭരണാധികാരികളെ തെറ്റിദ്ധരിപ്പിക്കാൻ ചില കള്ളക്കണക്കുകളും ഇവർ നിരത്തും. സ്വന്തം നിലയിൽ ഇതിന്റെ വരുംവരായ്കകൾ ചിന്തിക്കാത്ത മന്ത്രിമാർ ഉത്തരവിറക്കാൻ അനുവദിക്കും. പിന്നാക്ക സമുദായങ്ങളോട് താത്‌പര്യമില്ലാത്ത മന്ത്രിമാരാകട്ടെ, വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന മട്ടിൽ അത് സസന്തോഷം നടപ്പാക്കും!
കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നില്ലെങ്കിൽ പിന്നാക്ക സമുദായക്കാർക്ക് ഭരണഘടനാദത്തമായി കിട്ടുന്ന സർവ ആനുകൂല്യങ്ങളും തട്ടിത്തെറിപ്പിക്കാൻ കൂടെക്കൂടെ ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് പിന്നാക്ക സമുദായക്കാരും അവരെ നയിക്കുന്ന സംഘടനകളും ഒരിക്കലും അനുവദിക്കരുത്. അങ്ങനെ അനുവദിച്ചാൽ മണ്ണുംചാരി ഇരിക്കുന്നവന്മാർ പെണ്ണിനെയുംകൊണ്ട് പോകും. പിന്നെ വിലപിച്ചിട്ട് കാര്യമില്ല. അതിനാൽ ഇത്തരം സംവരണ അട്ടിമറി ശ്രമങ്ങൾ മുളയിലേ തന്നെ നുള്ളാനുള്ള ജാഗ്രത പിന്നാക്ക സമുദായങ്ങളുടെ നേതാക്കൾ പുലർത്തേണ്ടത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്നാണ്.
സംസ്ഥാനത്തെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിന് 20 വർഷമായി നിലനിൽക്കുന്ന ഫ്ളോട്ടിംഗ് സംവരണ രീതി അട്ടിമറിക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ തെറ്റിദ്ധരിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥ ലോബി ഇതിന് നീക്കം നടത്തിയതായാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. നിലവിലുള്ള രീതി മാറ്റിയാൽ പിന്നാക്ക - മുസ്ളിം വിദ്യാർത്ഥികൾക്ക് എഴുന്നൂറിലേറെ സംവരണ സീറ്റുകൾ നഷ്ടപ്പെടും. ഫ്ളോട്ടിംഗ് സംവരണത്തിനു പകരം സ്ഥാപനതല സംവരണം നടത്താനാണ് ഉദ്യോഗസ്ഥലോബി ചരടുകൾ നീക്കുന്നത്. ഇതിന്റെ ആദ്യപടി എന്ന നിലയിൽ സ്ഥാപനതല സംവരണം മതിയെന്ന ഭേദഗതി പ്രോസ്‌പെക്ടസിൽ വരുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എൻട്രൻസ് കമ്മിഷണർക്ക് കത്ത് നൽകിയിരിക്കുകയാണ്.
ഇതെല്ലാം വ്യക്തമായി വിശദീകരിക്കുന്ന കെ. പ്രസന്നകുമാറിന്റെ റിപ്പോർട്ട് ഞായറാഴ്ചത്തെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. എൻട്രൻസ് കമ്മിഷണർ ഈ വർഷത്തെ പ്രോസ്പെക്ടസിൽ ഇത് ഉൾപ്പെടുത്തിയാൽ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനങ്ങൾക്ക് ഇത് ഒരുപോലെ ബാധകമാവും. അതിനാൽ മുഖ്യമന്ത്രി ഇടപെട്ട് ഇത് തടയണം. 2019-ലും ഇതേ കൃത്രിമത്തിന് ഉദ്യോഗസ്ഥലോബി ശ്രമിച്ചിരുന്നു. പിന്നാക്കദ്രോഹം തിരിച്ചറിഞ്ഞ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഈ അട്ടിമറി തടയുകയായിരുന്നു. സ്റ്റേറ്റ് മെരിറ്റിലും സംവരണത്തിലും സീറ്റിന് അർഹതയുള്ള വിദ്യാർത്ഥിക്ക് മെരിറ്റ് സീറ്റ് ലഭിക്കുന്ന കോളേജിലേക്കു മാറാനും ആ സംവരണ സീറ്റ് അർഹതയുള്ള മറ്റൊരാൾക്ക് നൽകാനുമാവുന്ന സംവിധാനമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇത് അട്ടിമറിക്കാനാണ് സങ്കുചിതചിത്തരായ ചുരുക്കം ചില ഐ.എ.എസ് ബുദ്ധിമാന്മാർ ശ്രമിക്കുന്നത്. ഇത് ഒരു കാരണവശാലും ഇടതുപക്ഷ സർക്കാർ സമ്മതിച്ചുകൊടുക്കരുത്. കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥരല്ല എന്ന് അവരെ ബോദ്ധ്യപ്പെടുത്തേണ്ട സന്ദർഭമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |