സംസ്ഥാന നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ, പ്രഥമ വനിതാ കമ്മിഷൻ അംഗം, എ.ഐ.സി.സി അംഗം, പൊതുപ്രവർത്തക തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. എ. നഫീസത്തു ബീവിയ്ക്ക് ഇന്ന് 100 വയസ്സ് തികയുന്നു
ഇന്ത്യയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയത്തിൽ വനിതകളുടെ ഇടം വിപുലമല്ല. എന്നാൽ ചില തുരുത്തുകൾ ഉയർന്നു വന്നിട്ടുണ്ട്. ഈ വ്യക്തിത്വങ്ങൾക്ക് പിൽക്കാലത്ത് വേണ്ടരീതിയിൽ പരിഗണന ലഭിച്ചിട്ടുണ്ടെങ്കിൽ അത് നാമമാത്രം. അതിൽ സ്വപ്രയത്നംകൊണ്ട് കേരള നിയമസഭയിൽ രണ്ടാമത്ത വനിതാ ഡെപ്യൂട്ടി സ്‌പീക്കറായി ഉയർന്നുവന്നയാളാണ് എ. നഫീസത്ത് ബീവി. ഡെപ്യൂട്ടി സ്‌പീക്കർ എന്നതിനുപരി നഫീസത്ത് ബീവിയെ അടയാളപ്പെടുത്തുന്നത്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവ സാന്നിദ്ധ്യം അറിയിച്ച പ്രവർത്തക എന്ന നിലയിലായിരുന്നു. എന്നാൽ, പിൽക്കാലത്ത് വേണ്ടത്ര മുൻനിരയിൽ എത്താത്ത വനിതയായിട്ടാകും കേരള രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തുക.
മുൻകാല സാമൂഹിക പശ്ചാത്തലത്തിൽ ഒരു മുസ്ലീം സ്ത്രീക്ക് രാഷ്ട്രീയത്തിന്റെ മുൻനിരയിൽ എത്താനുള്ള സാഹചര്യം പരിമിതമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ ആലപ്പുഴയിൽ ടി. വി. തോമസിനെ പരാജയപ്പെടുത്തിയാണ് നഫീസത്ത് ബീവി വിജയം കണ്ടത്. ഈ രാഷ്ട്രീയ വഴിത്തിരിവ്, പിൽക്കാലത്ത് ആലപ്പുഴ, വയലാർ രവിക്കും എ. കെ. ആന്റണിക്കും വി. എം. സുധീരനും ഒടുവിൽ കെ.സി വേണുഗോപാൽ വരെ പാർലമെന്ററി ജനാധിപത്യത്തിൽ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള വളക്കൂറുള്ളമണ്ണാക്കി മാറ്റി.
പൊതുചടങ്ങുകളിൽ കോൺഗ്രസിന്റെ ധീരവനിതയെന്ന് പറഞ്ഞ് കേട്ട് ആസ്വദിക്കാൻ മാത്രം വിധിക്കപ്പെട്ടവളായി ജീവിതാവസാനം വരെ തുടർന്നുവെങ്കിലും മരിക്കുന്നതുവരെ കോൺഗ്രസ് പാർട്ടി തന്റെ ജീവവായുപോലെ ശ്വസിച്ചും ആത്മാവിൽ അലിയിച്ചും കൂടെ കൂട്ടി. അന്ത്യനാളുകളിൽ പാർട്ടി ആസ്‌ഥാനത്തും പാർട്ടി ചടങ്ങുകളിലും കാഴ്ച്‌ചക്കാരിയായിരുന്നു. തന്റെ തിക്താനുഭവങ്ങൾ പുറത്തറിയിക്കാനോ പുറംതിരിഞ്ഞു നിൽക്കാനോ തയ്യാറായില്ല. കുലീനമായ സംസ്‌കാരത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ജീവിതരീതിയിലും പെരുമാറ്റത്തിലും നഫീസത്ത്ബീവി എന്ന പൊതുപ്രവർത്തക വിജയമായിരുന്നു. രാഷ്ട്രീയത്തിലെ പ്രശ്നങ്ങളെ പ്രസ്ഥാനത്തിന്റെ ഭക്ഷണമാക്കി, സങ്കീർണ്ണമാക്കി അതിൽ നിന്ന് നേട്ടം കൊയ്യുന്ന വർത്തമാനകാല രാഷ്ട്രീയത്തിൽ നഫീസത്ത് ബീവി അധികപ്പറ്റായിരുന്നു. എന്നാൽ, രാഷ്ട്രീയചരിത്രം രേഖപ്പെടുത്തുമ്പോൾ ഏതെങ്കിലും ഒരു കോണിൽ പൊതുരാഷ്ട്രീയ മണ്ഡലത്തിലെ ചരിത്രകുതുകികൾ നഫീസത്ത് ബീവിയെ അറിയാൻ സമീപിച്ചാൽ അതിനൊരു ആമുഖം മാത്രമാണ് ആൺ കാലത്തെ ഈ പെൺതാരകം'.
നഫീസത്ത് ബീവിയുടെ ജന്മ ശതാബ്ദി ദിനമാണിന്ന്. ഞങ്ങളുടെ കുടുംബത്തിന് കോൺഗ്രസ് പാർട്ടിയോടുള്ള കൂറ്, ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും ഉണ്ടായതാണ്. കൂടാതെ കോൺഗ്രസ് ആശയത്തെയും പാരമ്പര്യത്തെയും ഗാന്ധിയൻ മാർഗത്തെയും ജീവിതചര്യയാക്കിയ ആളാണ് ഉമ്മ.
വീട്ടിലെ ചുമരിന് പോലും കോൺഗ്രസ് ചരിത്രത്തിന്റെ കഥകൾ പറയാനുണ്ടായിരുന്നു. പട്ടുസാരിയിൽ പൊതിഞ്ഞു നടക്കേണ്ട ഒരു മുസ്ലിം സ്ത്രീ, പരുപരുത്ത വെള്ള ഖാദി സാരി ഉടുത്തു, കഴുത്തിൽ നേരിയ ഒരു സ്വർണ മാലയും ഇടത്തേകൈയ്യിൽ ഒരു വാച്ചും മാത്രം ധരിച്ചു ജീവിച്ചു. തന്റെ മക്കളെ സാധാരണക്കാരായി വളർത്താനും പ്രത്യേകം ശ്രദ്ധിച്ചു. അക്കാലത്ത് വീട്ടുജോലിക്കാർ ഉണ്ടായിരുന്നിട്ടും, ഞങ്ങളുടെ വസ്ത്രം ഞങ്ങൾ തന്നെ അലക്കണമെന്നും ശുചിമുറി ഞങ്ങൾ തന്നെ സ്വന്തമായി വൃത്തിയാക്കണമെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു. ജാതി-മതഭേദമില്ലാതെ, എല്ലാത്തരം ആളുകളെയും വീട്ടിൽ ജോലിക്കായി നിറുത്തുകയും, അവരോട് ബഹുമാനത്തോടെ പെരുമാറാനും
ഞങ്ങളെ പഠിപ്പിച്ചു.
കമ്മ്യൂണിസത്തിന്റെ കോട്ടയായ ആലപ്പുഴയിലാണ് ഞങ്ങളുടെ കുടുംബം കോൺഗ്രസായി വളർന്നത്. തികഞ്ഞ ദൈവ വിശ്വാസിയായിരുന്നു, എന്നാൽ മറ്റെല്ലാ മതങ്ങളെയും അങ്ങേയറ്റം ബഹുമാനിച്ചിരുന്ന ഞങ്ങളുടെ ഉമ്മാക്ക് തന്നെയാണ് മുഴുവൻ ക്രെഡിറ്റും നൽകേണ്ടത് എന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
ഞങ്ങൾ മക്കൾ നാലുപേരിൽ ഒരു മകനും, ബാക്കി മൂന്ന് പെൺമക്കളുമാണ്. ഞങ്ങൾക്ക് നാലുപേർക്കും, ആൺ- പെൺ വേർതിരിവില്ലാതെ ഒരേ രീതിയിൽ വിദ്യാഭ്യാസവും, ജീവിത സാഹചര്യങ്ങളും ഒരുക്കി തന്നിരുന്നു. നാലു പേരും നല്ല നിലയിൽ വിദ്യാഭ്യാസം ചെയ്യണമെന്ന് ഉമ്മാക്ക് നിർബന്ധം ഉണ്ടായിരുന്നു.
ചെറിയ പ്രായത്തിലെ കല്യാണം കഴിപ്പിച്ചയക്കുക എന്ന ഒരു സംസാരം ഒരിക്കലും വീട്ടിൽ കേട്ടിരുന്നില്ല.
പഠിക്കുക. അതായിരുന്നു പ്രധാനം.
1960 മുതൽ 64 വരെ നിയമസഭയിൽ ഉമ്മ അംഗവും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആളാണ് എന്നതാണ് കൂടുതൽ ശ്രദ്ധേയം. അതിനു ശേഷം മത്സരിച്ച സീറ്റുകൾ ഒന്നും കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങൾ അല്ലായിരുന്നു. എന്നിട്ടും അവസാനം വരെ പാർട്ടിയോട് അനിതരസാധാരണമായ കൂറ് പുലർത്തിയിരുന്നു.
(നഫീസത്ത് ബീവിയുടെ മൂത്ത മകളാണ് ലേഖിക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |