കുറ്റകൃത്യങ്ങളിൽ നിന്ന് വ്യക്തികൾ ഒഴിഞ്ഞുനിൽക്കുന്നത് ശിക്ഷയെക്കുറിച്ചുള്ള ഭയം കൊണ്ട് കൂടിയാണ്. ഏതു കുറ്റം ചെയ്താലും രക്ഷിക്കാൻ ആളുണ്ടെന്നും ശിക്ഷിക്കാൻ ആരും വരില്ലെന്നും തോന്നലുണ്ടായാൽ അരാജകത്വമാവും ഫലം. ജയിൽശിക്ഷയും അത് ഒരു വ്യക്തിയുടെ പേരിൽ ചാർത്തുന്ന അപമാനകരമായ മുദ്രയും മാന്യജീവിതം നയിക്കുന്ന ആരും ഭയക്കുന്നത് തന്നെയാണ്. എന്നാൽ കുറ്റം ചെയ്ത് ജയിലിൽ പോയിട്ട് പിന്നീട് പരോളിലിറങ്ങി മുങ്ങിയാൽ മതി എന്ന ധാരണ സമൂഹത്തിൽ പരക്കുന്നത് കുറ്റകൃത്യങ്ങളുടെ ആധിക്യം കൂടാനേ ഇടയാക്കൂ. അതിനാൽ കുറ്റകൃത്യം നടത്തി ഒളിവിൽ കഴിയുന്ന പ്രതികളെ പിടിക്കാൻ നടത്തുന്ന ജാഗ്രതയും വേഗതയും പരോളിൽ ഇറങ്ങി മുങ്ങുന്നവരെയും പിടികൂടാൻ പൊലീസ് കാണിക്കണം.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 67 കുറ്റവാളികൾ പരോളിലിറങ്ങി മുങ്ങിയെന്ന ജയിൽ വകുപ്പിന്റെ റിപ്പോർട്ട് ശിക്ഷിക്കുന്ന കോടതികളെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണ്. മുങ്ങിയ 67 പ്രതികളും കൊലപാതകത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നവരാണ്. 1990 മുതൽ 2022 വരെയുള്ള കണക്കാണിത്. ഇങ്ങനെ മുങ്ങിനടക്കുന്നവർ സമൂഹത്തിന് പല തരത്തിലും ഭീഷണിയായി മാറും. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഒരു യുവതി കൊല്ലപ്പെടുകയും പ്രതി മുൻ മാനഭംഗക്കേസിലെ പ്രതിയാണെന്ന് അതിജീവിത വെളിപ്പെടുത്തുകയും ചെയ്തത് പരോളിലിറങ്ങി മുങ്ങിയതായുള്ള വാർത്തയുമായി ചേർത്ത് വായിക്കേണ്ടതാണ്. ഇത്തരക്കാർ സമൂഹത്തിൽ ഒളിച്ചാണെങ്കിലും സ്വതന്ത്രമായി നടക്കുന്നത് മാനഭംഗം, കൊലപാതകം തുടങ്ങിയ ഹീനകൃത്യങ്ങൾ ആവർത്തിക്കപ്പെടാൻ ഇടയാക്കുമെന്നതാണ് അനുഭവങ്ങൾ. രണ്ടുവർഷത്തെ ശിക്ഷാകാലയളവ് പൂർത്തീകരിക്കുന്നവർക്കാണ് പരോൾ അനുവദിക്കുന്നത്.
ഒരു വർഷം 60 ദിവസമാണ് പരോൾ. 15 ദിവസമാണ് പരോൾ അനുവദിക്കുന്നത്. അത് 30 ദിവസം വരെ നീട്ടി നൽകാം. വർഷത്തിൽ രണ്ടോ നാലോ തവണയായാണ് പരോൾ അനുവദിക്കുന്നത്. സ്വന്തം ജാമ്യത്തിലും പതിനായിരം രൂപയ്ക്ക് തുല്യമായ രണ്ട് ആൾജാമ്യത്തിലുമാണ് പരോൾ നൽകുന്നത്. മടങ്ങി വന്നില്ലെങ്കിൽ ജാമ്യക്കാർ 5000 രൂപ വീതം ബോണ്ട് കെട്ടുന്നതിൽ നടപടി തീരുന്നതാണ് പലപ്പോഴും ഈ മുങ്ങൽ ആവർത്തിക്കുന്നതിന്റെ ഒരു പ്രധാന കാരണം. പരോളിൽ മുങ്ങിയാൽ ജയിൽ ചാടുന്നതിന് തുല്യമായ ശിക്ഷ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവർ ചിന്തിക്കേണ്ടതാണ്. ജയിൽ ചാടിയ പ്രതിയെ അന്വേഷിച്ച് പൊലീസ് പോകില്ലെന്ന് പറയാനാകില്ല. ഇടുക്കിയിൽ ഇത്തരം ഒരു പ്രതിയെ പിടിക്കാൻ പൊലീസ് സംഘം എത്തിയപ്പോൾ പ്രതി പെട്രോൾ ദേഹത്ത് ഒഴിച്ച് ലൈറ്ററുമായി നിന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പൊലീസിന് തിരിച്ചു പോകേണ്ടിവന്നു.
രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയ പ്രതികളും ഇങ്ങനെ പരോളിൽ മുങ്ങുന്നവരായുണ്ട്. ഇവർക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയും ലഭിക്കാറുണ്ട്. പ്രതികളിൽ ഭൂരിപക്ഷവും മുങ്ങുന്നത് ശിക്ഷയുടെ ആദ്യഘട്ട കാലാവധിയിലാണ്. മൂന്ന് വർഷത്തിനുള്ളിലാണ് കൂടുതലും പ്രതികൾ മുങ്ങിയിട്ടുള്ളത്. ഇത് തടയുന്നതിനുള്ള ശിക്ഷാ നടപടികൾ ഉൾപ്പെടെയുള്ള മാർഗങ്ങളെക്കുറിച്ച് വിശദമായ പഠനം നടക്കേണ്ടതാണ്. ഇതിനായി ഒരു കമ്മിഷനെ നിയോഗിക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇപ്പോൾ നൽകുന്ന പരോൾ കാലയളവിന്റെ ദൈർഘ്യം കൂട്ടണമെന്നുണ്ടെങ്കിൽ അതും സർക്കാർ കണക്കിലെടുക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |