SignIn
Kerala Kaumudi Online
Saturday, 27 April 2024 6.27 PM IST

ഉദ്യോഗസ്ഥരുടെ അട്ടിമറി

s

തുടക്കം മുതൽ തന്നെ ആരെയൊക്കെയോ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും ഇടപെടലുകൾ നടന്ന കേസാണ്,​ അതിക്രൂരമായ മർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ മരണമടഞ്ഞ സംഭവം. മാദ്ധ്യമങ്ങളുടെ ഇടപെടലാണ് ഈ സംഭവത്തിലെ പല ഒളിച്ചുകളികളും പുറത്തുകൊണ്ടുവന്നത്. എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ അംഗങ്ങൾ കേസിൽ പ്രതികളാണ്. അതിൽത്തന്നെ കേസിൽ പ്രതികളാകേണ്ട ചിലരെ ഒഴിവാക്കിയതായും ആരോപണം ഉയർന്നിരുന്നു. കേരള പൊലീസ് അന്വേഷിച്ചാൽ പ്രശ്നങ്ങൾക്കു തുടക്കമിട്ട യഥാർത്ഥ മുഖങ്ങളിലേക്ക് അന്വേഷണം പോകില്ലെന്നും ഇപ്പോൾ പ്രതികളായവർക്കു പോലും കോടതിയിൽ കേസ് വരുമ്പോൾ ഊരിപ്പോകാനുള്ള പഴുതുകൾ ഉണ്ടാകുമെന്നും മാദ്ധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും സിദ്ധാർത്ഥന്റെ ബന്ധുക്കളുടെയും ഭാഗത്തുനിന്ന് ആരോപണം ഉയർന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ക്ളിഫ്‌‌ ഹൗസിലെത്തി അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. തുടർന്ന് ഒട്ടും വൈകാതെ ഈ മാസം ഒൻപതിന് കേസ് സി.ബി.ഐയ്ക്കു വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. അതു പരക്കെ സ്വാഗതം ചെയ്യപ്പെട്ട തീരുമാനമായിരുന്നു. സി.ബി.ഐ വന്നാൽ ഒളിച്ചുവയ്ക്കപ്പെട്ട പല വിവരങ്ങളും പുറത്തുവരുമെന്നും യഥാർത്ഥ പ്രതികൾ നിയമത്തിനു മുന്നിൽ വരുമെന്നും ജനങ്ങൾ പൊതുവെ കരുതുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാൽ മന്ത്രിസഭയുടെ തീരുമാനം പോലും ഉദ്യോഗസ്ഥർക്ക് എത്ര എളുപ്പത്തിൽ അട്ടിമറിക്കാം എന്നതിന് ഉദാഹരണമായി മാറുകയായിരുന്നു പിന്നീട് നടന്ന നടപടികൾ. ഇതിന്റെ പഴിയത്രയും മുഖ്യമന്ത്രിയും മന്ത്രിസഭയും കേൾക്കേണ്ടിയും വന്നു. മുഖ്യമന്ത്രിയെ വിമർശിക്കുമ്പോഴാണ് അതിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് എന്നതിനാൽ പ്രതിപക്ഷം ആ അവസരം ഭംഗിയായി വിനിയോഗിക്കുകയും ചെയ്തു.

കേസ് സി.ബി.ഐ അന്വേഷണത്തിനു വിടുന്നതിൽ മന്ത്രിസഭയ്ക്ക് താത്‌പര്യമില്ലെങ്കിൽ വിജ്ഞാപനം ഇത്രവേഗം ഇറക്കേണ്ട കാര്യമില്ലായിരുന്നു. ഇവിടെ വീഴ്ച സംഭവിച്ചത് മുഖ്യമന്ത്രിയുടെ തീരുമാനത്തിനു പിന്നാലെയുള്ള നടപടികൾ കൃത്യതയോടെ നടത്താൻ ബാദ്ധ്യസ്ഥനായ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിക്കും ആ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ധാർത്ഥന്റെ പിതാവ് രംഗത്തെത്തുക കൂടി ചെയ്തതോടെ സർക്കാർ ഉണരുകയും ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പുറമേ,​ കേസുമായി ബന്ധപ്പെട്ട രേഖകൾ ഒറ്റദിവസം കൊണ്ട് സി.ബി.ഐയ്ക്ക് എത്തിക്കുകയും ചെയ്തു. ഇനി അറിയേണ്ടത് മുഖ്യമന്ത്രി ഉത്തരവിട്ടാലും അത് അട്ടിമറിക്കാൻ ആഭ്യന്തര വകുപ്പിനു മേൽ ആരെങ്കിലും സമ്മർദ്ദം ചെലുത്തിയോ എന്നതാണ്. അതല്ല; ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ മറ്റു സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആരെയോ രക്ഷിക്കാൻ സമയം തേടുകയായിരുന്നോ എന്നും സംശയിക്കേണ്ടതുണ്ട്.

കേരളത്തിൽ ഇത്രയധികം ഒച്ചപ്പാടുണ്ടാക്കുകയും മാദ്ധ്യമ ശ്രദ്ധ നേടുകയും ചെയ്ത കേസുപോലും അട്ടിമറിക്കാൻ മുഖ്യമന്ത്രിക്ക് അപ്പുറമുള്ള ശക്തികേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് മുളയിലേ നുള്ളിക്കളയേണ്ടതാണ്. ഇല്ലെങ്കിൽ ഇടതുപക്ഷ സർക്കാരിന് നാണക്കേട് വരുത്തിവയ്ക്കുന്ന സംഭവങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ ചരടുവലികൾ നടത്തുന്ന,​ മറഞ്ഞിരിക്കുന്ന കിങ്കരന്മാരുടെ ഭാഗത്തുനിന്നോ ഇനിയും ഉണ്ടാകാം. അത് സർക്കാർ അനുവദിക്കരുത്. സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികളായവർ ഏത് പാർട്ടിക്കാരായാലും നിയമത്തിനു മുന്നിലെത്തണം. സി,ബി.ഐയും എത്രയും പെട്ടെന്ന് രംഗത്തു വരേണ്ടതാണ്. പ്രാകൃതമായ പരസ്യ വിചാരണയും കൂട്ടമർദ്ദനവുമാണ് സിദ്ധാർത്ഥന്റെ അന്ത്യത്തിന് ഇടയാക്കിയത് എന്നതിൽ ആർക്കും സംശയമില്ല. ഇനി,​ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നുകൂടി അറിയേണ്ടതുണ്ട്. അതിലേക്കുള്ള നടപടികൾക്ക് തടസം സൃഷ്‌ടിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയല്ല,​ പിരിച്ചുവിടുകയാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VETINARY CLLEGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.