SignIn
Kerala Kaumudi Online
Tuesday, 08 July 2025 2.33 PM IST

തലസ്ഥാനക്കാർക്ക് തീരാത്ത ജലശിക്ഷ!

Increase Font Size Decrease Font Size Print Page
vgf

തലസ്ഥാന നഗരമേഖലയിൽ താമസിക്കുന്നവർ ഈ കൊടുംവേനൽക്കാലത്ത് വെള്ളം കുടിച്ചു ജീവിക്കേണ്ടെന്ന് ശപഥമെടുത്തവരാണ് വാട്ടർ അതോറിട്ടിയിലെ ഉദ്യോഗസ്ഥ പ്രഭുക്കന്മാരെന്നു തോന്നും,​ കാര്യമായ മുന്നറിയിപ്പൊന്നുമില്ലാതെ പൈപ്പ് അറ്റകുറ്റപ്പണിയുടെ പേരിൽ മൂന്നും നാലും ദിവസം നഗരത്തിൽ ജലവിതരണം നിറുത്തിവയ്ക്കുന്ന കണ്ണിൽച്ചോരയില്ലാത്ത തോന്ന്യാസച്ചെയ്‌ത്ത് കണ്ടാൽ. മുട്ടട ഭാഗത്ത് ഒരാഴ്ച മുമ്പ് പൈപ്പ് പൊട്ടിയതിനെ തുടർന്നുള്ള അറ്റകുറ്റപ്പണികളുടെ പേരിലാണ് നഗരവാസികൾക്ക് ഇപ്പോൾ മൂന്നു ദിവസത്തെ ജലശിക്ഷ! ഒന്നോ രണ്ടോ ദിവസം മുമ്പേ അറിയിക്കാതെയും,​ പകരം സംവിധാനം ഏർപ്പെടുത്താതെയുമുള്ള ഇത്തരം മിന്നൽപ്പണികളിൽ തൊണ്ടകുരുങ്ങിപ്പോകാനാണ് തലസ്ഥാനവാസികൾക്ക് പതിവായുള്ള വിധി. ഇക്കുറി വെള്ളം മുടങ്ങിയത് വിഡ്ഢിദിനത്തിലാണ്. വാട്ടർ അതോറിട്ടിയുടെ ക്രൂരവിനോദം ഇടയ്ക്കിടെ ആവർത്തിക്കുന്നതുകൊണ്ട്,​ വിഡ്ഢികളാകാനുള്ള ദുരോഗ്യം ജനത്തിന് ഇടയ്ക്കിടെ അനുഭവിക്കേണ്ടി വരുന്നുണ്ടുതാനും.

അരുവിക്കര ഡാമിൽ നിന്നുള്ള വെള്ളമാണ് ഒബ്സർവേറ്ററിയിലെയും മൺവിളയിലെയും ട്രീറ്റ്മെന്റ് പ്ളാന്റുകളിലെത്തിച്ച്,​ അവിടെ നിന്ന് നഗരമാകെ വിതരണം ചെയ്യുന്നത്. അരുവിക്കരയിൽ നിന്ന് കുമ്മി വഴിയുള്ള പഴയ കാസ്റ്റ് അയൺ പൈപ്പ് ലൈനിന് വെള്ളത്തിന്റെ മർദ്ദവ്യത്യാസം പ്രശ്നമാകില്ലെങ്കിലും,​ കോൺക്രീറ്റ് പൈപ്പ് ലൈനുകളുടെ സ്ഥിതി അതല്ല. മർദ്ദം കൂടിയാൽ പൊട്ടും. വേനലിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറാൻ ബുദ്ധിമുട്ടാണെന്ന പരാതി വ്യാപകമാകുമ്പോൾ ഉദ്യോഗസ്ഥർ ചെയ്യുന്ന ഞൊടുക്കുവേലയാണ്,​ ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്തുവിടുകയെന്നത്. അതുകൊണ്ട് വേനൽക്കാലത്ത് പൈപ്പ് പൊട്ടൽ പതിവാകും. ജലവിതരണം നിറുത്തിവയ്ക്കേണ്ടിവരും. തു‌ടർന്നു വേണ്ടിവരുന്ന അറ്റകുറ്റപ്പണികൾക്കായി വീണ്ടും വെള്ളം മുടക്കേണ്ടിവരും. പൈപ്പ് പൊട്ടലും ചോർച്ചയും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണെങ്കിലും,​ അറ്രകുറ്റപ്പണിയുടെ കാര്യം രണ്ടുമൂന്നു ദിവസം മുമ്പേ ഷെഡ്യൂൾ ചെയ്ത് അറിയിക്കാവുന്നതല്ലേയുള്ളൂ. എങ്കിൽ, അത്യാവശ്യത്തിന് കുറച്ചു വെള്ളമെങ്കിലും സംഭരിച്ചുവയ്ക്കാൻ കഴിഞ്ഞേനേ.

അരുവിക്കരയിൽ നിന്ന് വെള്ളം പമ്പ് ചെയ്തുവിടുന്ന കോൺക്രീറ്റ് പൈപ്പുകളുടെ സ്ഥാനത്ത് കാസ്റ്റ് അയൺ പൈപ്പുകളാക്കുകയാണ് ഇടയ്ക്കിടെയുള്ള പൊട്ടൽ ഒഴിവാക്കാൻ സ്ഥിരമാർഗം. പൈപ്പിലൂടെയുള്ള ജലപ്രവാഹത്തിന്റെ മർദ്ദം പരിശോധിക്കാനും,​ ഉയർന്ന മർദ്ദമെങ്കിൽ നിയന്ത്രിക്കാനും ദൈനംദിനാടിസ്ഥാനത്തിൽ സംവിധാനവും വേണം. കാസ്റ്റ് അയൺ പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടിവരുന്ന ഉയർന്ന സാമ്പത്തിക ഭാരമാണ് വാട്ടർ അതോറിട്ടിയെ പിന്നോട്ടടിക്കുന്ന ഒരു പ്രശ്നം. പക്ഷേ,​ വർഷങ്ങൾക്കു മുമ്പുള്ള വെള്ളക്കരമല്ല അതോറിട്ടി ഇപ്പോൾ ഈടാക്കുന്നത്. താരതമ്യേന ഉയർന്ന കരം പിരിക്കുന്ന അതോറിട്ടിക്ക്,​ മുഴുവൻ നഗരമേഖലയിലും തടസംകൂടാതെ വെള്ളമെത്തിക്കാനുള്ള ബാദ്ധ്യതയുമില്ലേ എന്നാണ് ജനത്തിന്റെ ചോദ്യം. ഇടയ്ക്കിടെ ആവർത്തിക്കുന്ന ഇത്തരം ജലദുരന്തം ഒഴിവാക്കാൻ സാമ്പത്തികം തടസമാകരുത്. അതിന് വാട്ടർ അതോറിട്ടിക്ക് പ്രയാസം നേരിടുന്നെങ്കിൽ സർക്കാർ സഹായം നൽകുകയും വേണം.

ഇനി,​ ജനം സംശയിക്കുന്ന മറ്റൊന്നുണ്ട്. അത്,​ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയല്ലേ ഇടയ്ക്കിടെയുള്ള പൈപ്പ് പൊട്ടലിനും മിന്നൽ മെയിന്റനൻസിനും പിന്നിലെന്നതാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പണം വിനിയോഗിക്കുന്നത് അതോറിട്ടിയുടെ എമർജൻസി ഫണ്ടിൽ നിന്നാണ്. ഇതിന് ടെൻഡർ ക്ഷണിക്കലോ മറ്റു നടപടിക്രമങ്ങളോ വേണ്ട. കരാർ സമർപ്പിക്കലോ മുൻകൂ‌ർ അനുമതിയോ വേണ്ടാത്ത ഇത്തരം എമർജൻസി പണികളാണ് കരാറുകാർക്ക് ഇഷ്ടം. അറ്റകുറ്രപ്പണിയുടെ മറവിൽ മറിയുന്നത് കോടികളാവും. തങ്ങൾക്കും പ്രയോജനമുള്ളതുകൊണ്ട് ഉദ്യോഗസ്ഥരും കണക്കിൽ കണ്ണടയ്ക്കും. ജനത്തിന്റെ ഈ സംശയത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കിൽ ആദ്യം തടയേണ്ടത് അതാണ്. ജനത്തിന്റെ വെള്ളംകുടി മുട്ടിച്ചിട്ടല്ല,​ അഴിമതിക്ക് കുട പിടിക്കേണ്ടത്.

TAGS: WATER PROBLEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.