വിഴിഞ്ഞം: കടൽത്തിരകളെ വകവയ്ക്കാതെ അന്നം തേടിയിറങ്ങിയ മത്സ്യത്തൊഴിലാളി വള്ളത്തിന് ഇന്നലെ ലഭിച്ചത് കൂറ്റൻ തളകൾ.വടക്കൻ ജില്ലകളിൽ വൻ ഡിമാൻഡുള്ളതാണ് ഇവ.20 കിലോയോളം ഭാരം വരുന്ന 7 മീനുകൾക്കുമായി 30000ലേറെ രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്.മാർച്ച് - ഏപ്രിൽ മാസങ്ങളിൽ കൂടുതലായി ലഭിക്കുന്ന ഈ മത്സ്യത്തിന് കയറ്റുമതി മാർക്കറ്റിലും വൻ ഡിമാന്റുണ്ട്.വൻകിട ഹോട്ടലുകളിലും ജയിലുകളിലുമാണ് കേരളത്തിൽ ഇത് കൂടുതലായി പോകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതേസമയം, ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തീരപ്രദേശമാകെ മാലിന്യകൂമ്പാരമായി മാറിയെന്ന് പ്രദേശവാസികൾ പറയുന്നു. കുളത്തൂർ,പൂവാർ,കരുംകുളം കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ മലിനജലം കെട്ടി കിടക്കുകയും മലിന വസ്തുക്കൾ അടിഞ്ഞ് കൂടിയിരിക്കുകയുമാണ്.
കുളത്തൂരിലെ പൊഴിയൂർ,പരുത്തിയൂർ,പൂവാറിലെ ഇ.എം.എസ് കോളനി, എരിക്കലുവിള, കൊച്ചുതുറ, പുതിയതുറ, ഇരയിമ്മൽതുറ പുല്ലുവിള, കോട്ടുകാലിലെ അമ്പലത്തുമൂല അടിമലത്തുറ തുടങ്ങിയ തീരമേഖലയിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കി കളയാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.പൂവാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ ക്ലോറിനേഷൻ നടത്തിയെങ്കിലും മറ്റ് മേഖലകളിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. കൂടാതെ മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ല.കരുംകുളം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മലിനജലം ഒഴുക്കി കളയുന്നതിന് ജെ.സി.ബി ഉപയോഗിച്ച് ചാലുകീറൽ നടക്കുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |