SignIn
Kerala Kaumudi Online
Monday, 27 May 2024 9.22 PM IST

42 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു, പത്ത് പവൻ വീതം നൽകി രണ്ട് പേരുടെ വിവാഹം നടത്തി; ഇത്രയും ആസ്തി എങ്ങനെയുണ്ടായെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ

sobha-surendran

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാമുഖമായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് മീന മാസത്തിലെ ഉതൃട്ടാതിയായ ഇന്ന് 50ാം പിറന്നാളിന്റെ മധുരം. രാഷ്ട്രീയത്തിനൊപ്പം പൊതുസേവന രംഗത്തും തന്റേതായ കൈയ്യൊപ്പ് ശോഭ ചാർത്തിക്കഴിഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ജനവികാരം ഇത്തവണ തനിക്ക് അനുകൂലമാകുമെന്ന ശുഭ പ്രതീക്ഷയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ശോഭ. ഒപ്പം, സേവന രംഗത്ത് തന്റെ സ്വപ്ന സാക്ഷാത്ക്കാരമായ ട്രസ്റ്റ് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷവും പങ്കുവെയ്ക്കുകയാണ് ശോഭ സുരേന്ദ്രൻ .

പിറന്നാൾ ആഘോഷം

ജനന തീയതിയായിരുന്ന മാർച്ച് 24 ന് മക്കൾ രണ്ടു പേരും ആലപ്പുഴയിലെത്തിയിരുന്നു. മക്കളുടെ താൽപര്യപ്രകാരം കേക്ക് മുറിച്ചു. അവർ തന്നെ എനിക്ക് ചോറ് വിളമ്പി തന്നു. വലിയ സന്തോഷമായിരുന്നു. മലയാളമാസ പ്രകാരം ഇന്നാണ് പിറന്നാൾ. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കാനും, അവരെ അറിയാനും സാധിക്കുന്നതാണ് പിറന്നാളിനെ മധുരതരമാക്കുന്നത്.

പൊതുപ്രവർത്തനവും സേവനവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു?

ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യാത്തതിനാൽ പലരും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. സമൂഹത്തിൽ നോക്കാൻ ആളില്ലാത്തവരുടെ എണ്ണം വർദ്ധിക്കുന്നു. അവരിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നു. സുഗതകുമാരി ടീച്ചറിനെ പോലെ സ്ത്രീകൾക്ക് ഓടിയെത്താൻ ഒരാശ്രയകേന്ദ്രമായി ഞാനുണ്ടാകും. ആ ലക്ഷ്യത്തോടെ രൂപീകരിച്ച 'ഗാർഗി ചാരിറ്റബിൾ ട്രസ്റ്റ് ' രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. പോണ്ടിച്ചേരി വിനോദ സഞ്ചാര വകുപ്പ് മന്ത്രി ലക്ഷ്മി നാരായണനും, ഉദിത് ചൈതന്യ സ്വാമിയുമാണ് ട്രസ്റ്റ് രക്ഷാധികാരികൾ. വിപുലമായ തരത്തിൽ അർഹരിൽ സഹായമെത്തിക്കുകയാണ് ലക്ഷ്യം.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ലക്ഷങ്ങളുടെ ആസ്തിയുണ്ട്. ഒപ്പം 26 ലക്ഷത്തിന്റെ ബാദ്ധ്യതയും ?

എന്റെ രണ്ട് മക്കളും ചെലവ് കിഴിച്ച് ശമ്പളത്തിലെ ബാക്കി തുക അമ്മയുടെ ആവശ്യങ്ങൾക്കും പൊതുപ്രവർത്തനത്തിനും നൽകുന്നവരാണ്. ഡൽഹി ഐ.ഐ.ടിയിൽ എം.ടെക് കെമിക്കൽ എൻജിനീയറിങ്ങിൽ ആറാം റാങ്കുകാരനായിരുന്ന മൂത്ത മകൻ ഹരിലാൽ കൃഷ്ണ രണ്ട് വർഷം ജർമ്മനിയിലെ പ്രശസ്ത സർവകലാശാലയിൽ ലക്ചറർ ആയിരുന്നു. ശശി തരൂരിന് ശേഷം കാലിഫോർണിയയിൽ പബ്ലിക് പോളിസി പഠനത്തിന് മെരിറ്റിൽ സീറ്റ് ലഭിച്ച ശാസ്ത്രജ്ഞനായ ഹരിലാൽ അമേരിക്കയിലാണ് ഇപ്പോൾ. ദേശീയ ഫുട്ബാൾ താരവും ബി.ബി.എ മാർക്കറ്റിംഗ് ബിരുദധാരിയുമായ ഇളയ മകൻ യദുലാൽ കൃഷ്ണയ്ക്കും ജോലിയായി. ഇരുവരും പ്ലേസ്മെന്റിൽ ജോലി നേടിയവരാണ്.

അമ്മയ്ക്ക് സമ്മാനമായി സ്വന്തമായി ഭൂമി പോലും വാങ്ങിത്തരാൻ ശുഷ്കാന്തി കാണിച്ച മക്കളാണ് ഇവർ. കഴിഞ്ഞ പതിനഞ്ച് വർഷമായി 42 കുട്ടികളുടെ വിദ്യാഭ്യാസം എനിക്ക് ഏറ്റെടുക്കാനായി. പലരും എൻജിനീയർമാരും ഉയർന്ന ഉദ്യോഗസ്ഥരുമായി. മൂന്ന് പേരാണ് ഇപ്പോൾ ഡിഗ്രി പൂർത്തിയാക്കാനുള്ളത്. ഓരോ വർഷവും പുതിയ കുട്ടികളെ കണ്ടെത്തി ഏറ്റെടുക്കുന്നു. ഇതിനിടെ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തി. ഇരുവർക്കും പത്ത് പവൻ വീതം നൽകി. വരുമാനമായതോടെ മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് മൂത്ത മകനും, ഒരു കുട്ടിയുടേത് ഇളയ മകനും വഹിക്കുന്നുണ്ട്. സഹായം അർഹിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ബാദ്ധ്യതകളും സ്വാഭാവികമാണ്. ഏതൊരു ആഘോഷ വേള വന്നാലും തലേ ദിവസവും മനസ്സിൽ ആധിയായിരിക്കും. ഞാൻ ഉത്തരവാദിത്വം ഏറ്റെടുത്ത മക്കൾക്ക് ആഘോഷം ഉറപ്പാക്കും വരെ ഒരമ്മയുടെ വേവലാദികൾ വേട്ടയാടും.

തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മക്കളുടെ പിന്തുണ?

ഇരുവരും കേരളത്തിൽ ഇല്ലെങ്കിലും എന്റെ ജനന തീയതിക്ക് ആലപ്പുഴയിലെത്തിയിരുന്നു. രണ്ട് ദിവസം ഒപ്പം നിന്നു. പതിനെട്ട് വയസ് മുതൽ ട്യൂഷനെടുത്തും അത്യദ്‌ധ്വാനം ചെയ്തും വളർന്നു വന്ന ഇരുവരുടെയും പൂർണ പിന്തുണയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOBHA SURENDRAN, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.