സംസ്ഥാനത്തിന്റെ മലയോര മേഖലയിൽ പൊതുവെയുള്ള പ്രശ്നം വന്യമൃഗശല്യമാണ്. കിഴക്കൻ മേഖലയിൽ കാട്ടാനയും കടുവയും പോത്തും കുരങ്ങൻമാരും കാട്ടുപന്നികളും. പടിഞ്ഞാറ് കാട്ടുപന്നികൾ ഒറ്റയ്ക്കാണ് പരാക്രമം. കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പത്തനംതിട്ട ജില്ലയിൽ പൊലിഞ്ഞത് ബിജു എന്ന കർഷകനാണ്. അടുത്തകാലത്തായി ജില്ലയിൽ മൂന്ന് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാത്രിയിൽ തുലാപ്പള്ളയിലെ വീട്ടുമുറ്റത്ത് കണ്ട കാട്ടാനയാണ് ബിജുവിനെ തുമ്പിക്കൈകൊണ്ട് ചുഴറ്റി നിലത്തടിച്ചത്. പ്രദേശത്ത് വന്യമൃഗശല്യം ഉള്ളത് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജനങ്ങൾക്കും കൃഷിക്കും സംരക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥയുണ്ടായി.
നാട്ടുകാരെ കൈകാര്യം ചെയ്യാൻ തുനിഞ്ഞ പൊലീസിനെ ചെറുക്കാൻ സ്ഥലത്തുണ്ടായിരുന്ന ആന്റോ ആന്റണി എം.പിക്ക് ജനക്കൂട്ടത്തിനിടയിലൂടെ മുന്നോട്ടു കയറേണ്ടി വന്നു. എം.പിയുടെ കൈക്ക് പടിച്ചു നിറുത്തി പൊലീസ് മുഷ്ക് കാട്ടി. പ്രതിഷേധം രൂക്ഷമായത് തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിന് രാഷ്ട്രീയ നേട്ടമായെന്നത് സത്യമാണ്. എം.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാണ് അവിടേക്ക് പോയതെന്ന് മന്ത്രി വീണാ ജോർജ് വിമർശിച്ചത് മര്യാദയില്ളാത്ത വർത്തമാനമായി. മന്ത്രിയോ അധികൃതരോ തുലാപ്പള്ളിക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ നേരത്തേ പോയിരുന്നെങ്കിൽ എം.പിക്ക് പോകേണ്ടി വരില്ലായിരുന്നുവെന്ന് ഓർക്കണം. കുടുംബത്തിനും നാടിനും വിലപ്പെട്ട ഒരു ജീവൻ നഷ്ടമാകില്ളായിരുന്നു. മരണപ്പെട്ട ബിജുവിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തിയത് നല്ല കാര്യം.
വയനാട്ടിലും ഇടുക്കിയിലും മലയോര മേഖലയിൽ ജനങ്ങൾക്ക് സ്വൈര ജീവിതത്തിന് ഭീഷണിയായി വന്യമൃഗങ്ങൾ വിഹരിക്കുകയാണ്. ഈ മേഖലയിലെ ജനങ്ങളുടെ ഉപജീവന മാർഗമായ കാർഷിക വിളകൾ കാട്ടാനയും കാട്ടുപന്നികളും കുരങ്ങൻമാരും നശിപ്പിക്കുന്നു. വീടും നാടും ഉപേക്ഷിച്ചു പോവുകയെന്ന അവസാനമാർഗം മാത്രമാണ് മലയോര ജനതയ്ക്ക് മുന്നിലുള്ളത്. സർക്കാർ അവരെ കയ്യൊഴിയുന്നത് വനംവകുപ്പുമായും പൊലീസുമായും സംഘർഷത്തിലേർപ്പെടാൻ ഇടയാക്കുന്നു. എന്താണ് ഇതിനൊക്കെ ഒരു പരിഹാരം എന്ന് തല പുകയ്ക്കുകയാണ് അധികൃതർ.
രണ്ട് മാർഗങ്ങളാണ് മലയോര ജനതയുടെയും കൃഷിയുടെയും സംരക്ഷണത്തിന് പ്രധാനമായും വേണ്ടത്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയുക എന്നതാണ് പ്രധാനം. കൃഷി നശിപ്പിച്ചതിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നതാണ് രണ്ടാമത്തെ കർത്തവ്യം. കൃഷിയിറക്കാൻ ചെലവായതിന്റെ നാലിലൊന്നു പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ല. കപ്പയും വാഴയും ചേനയും ചേമ്പും തെങ്ങുമെല്ലാം കുത്തിമറിക്കുകയാണ് വന്യ മൃഗങ്ങൾ.
തണ്ണീർത്തടങ്ങൾ
കടുത്ത വേനലിൽ വെള്ളവും ഭക്ഷണവും തേടി വന്യ മൃഗങ്ങൾ ജനമേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനത്തിനുള്ളിൽ തണ്ണീർത്തടങ്ങൾ നിർമ്മിക്കുന്ന പദ്ധതി വനംവകുപ്പ് ആരംഭിച്ചത് ആശ്വാസകരമാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പിന്റെ സതേൺ സർക്കിളിൽ ജലസ്രോതസുകൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങി. തടയണകൾ, കുളങ്ങൾ എന്നിവയാണ് നിർമ്മിച്ചിട്ടുള്ളത്. കാട്ടിൽ നിന്നു വെള്ളം തേടിയിറങ്ങുന്ന മൃഗങ്ങൾക്ക് നാട്ടിലും വെള്ളം കിട്ടാത്ത വനമേഖലയിലൂടെ ഒഴുകുന്ന പുഴകൾ പലഭാഗത്തും വറ്റിയതിനാൽ ഇതിൽ കുഴികൾ നിർമിച്ച് ജലലഭ്യത ഉറപ്പാക്കും. വനം സംരക്ഷണസമിതിയുടെ കൂടി സഹകരണത്തിലാണ് ജലസ്രോതസുകളുടെ നിർമ്മാണം.
റാന്നി, കോന്നി വനം ഡിവിഷനുകളുടെ പരിധിയിൽ ജലസ്രോതസുകളുടെ നിർമ്മാണം നടന്നുവരുന്നുണ്ട്. റാന്നി മേഖലയിൽ കൊടുമുടി, പടയണിപ്പാറ, മൺപിലാവ്, അരീക്കക്കാവ്, കട്ടച്ചിറ, നാറാണംതോട്, ഇരുതോട് ഭാഗങ്ങളിൽ ജലസ്രോതസുകൾ ശക്തിപ്പെടുത്തി. പുതുതായി കുളങ്ങൾ നിർമ്മിച്ചും നിലവിലെ തടയണകൾ ശക്തിപ്പെടുത്തിയുമാണ് പ്രവർത്തനങ്ങൾ. തടയണകളും കുളങ്ങളും ഒരുവശം ചരിച്ച് നിർമിക്കുന്നതിനാൽ മൃഗങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ഇതിനുള്ളിൽ ഇറങ്ങി വെള്ളം കുടിക്കാനാകും. ആനത്താരകളോടു ചേർന്നുള്ള ഭാഗങ്ങളിലാണ് പുതുതായി കുളങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
ഫലവൃക്ഷങ്ങൾ
വേണ്ട
മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കൻ വനാതിർത്തികളിലെ ഫലവർഗ കൃഷി ഉപേക്ഷിണക്കമെന്ന് കൃഷിവകുപ്പ് നിർദ്ദേശിക്കുന്നു. പകരം വന്യമൃഗങ്ങൾ ഭക്ഷിക്കാത്തതും വിപണന സാദ്ധ്യതയുള്ളതുമായ കൃഷി വനാതിർത്തി പ്രദേശങ്ങളിൽ തുടങ്ങണം. മനുഷ്യരും മൃഗങ്ങളും തമ്മിലുളള സംഘർഷം സംസ്ഥാന ദുരന്തമായ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പുതിയ വിളകൾ ഇറക്കാൻ നിർദ്ദേശമുയർന്നത്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇക്കാര്യം ചർച്ച ചെയ്തു. പദ്ധതികൾ കൃഷി വകുപ്പ് തയ്യാറാക്കും.
കർഷകരെ ബോധവത്കരിച്ചും ഫലവർഗങ്ങളല്ലാത്ത വിളകളുടെ വിത്തുകൾ നൽകിയുമാണ് പുതിയ കൃഷിയ്ക്ക് തുടക്കമിടുന്നത്. സംസ്ഥാനത്തെ വനം ഡിവിഷനുകൾ കേന്ദ്രീകരിച്ച് പദ്ധതി തുടങ്ങാനാണ് ആലോചന. വനാതിർത്തികളിൽ താമസിക്കുന്നവർ കൃഷി ചെയ്യുന്ന വാഴ, കപ്പ, ചേമ്പ്, ചേന, കിഴങ്ങു വർഗങ്ങൾ എന്നിവയാണ് കാട്ടാനകൾ, പന്നികൾ, കുരങ്ങൻമാർ, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ നശിപ്പിക്കുന്നത്. ചെലവ് കാശ് പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. കൃഷി വകുപ്പ് നിർദ്ദേശിക്കുന്ന വിപണന സാദ്ധതയുള്ള വിളകൾ എണ്ണപ്പന, മുള്ളുകളുള്ള പതിമുഖം, എരിവുള്ള ഇഞ്ചി, കുരുമുളക് തുടങ്ങിയവയാണ്.
തേനീച്ച കൃഷി - വിളകൾക്കിടയിൽ നിരയായി പെട്ടികൾ സ്ഥാപിച്ച് തേനീച്ചകളെ വളർത്തുന്നത് മറ്റൊരു വരുമാന മാർഗമാണ്. തേനീച്ചകളുടെ മൂളൽ ശബ്ദം കേൾക്കുന്ന കാട്ടാനകൾ ഭയന്നു മാറും. കാട്ടാനകൾ അടക്കം വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് ഭക്ഷ്യസാദ്ധ്യമായ കാർഷിക വിളകളുടെ ഗന്ധം കിട്ടുമ്പോഴാണ്. വേനൽക്കാലത്ത് കാടിനുള്ളിലെ ജലക്ഷാമവും മൃഗങ്ങൾ നാട്ടിൻ പ്രദേശങ്ങളിലേക്ക് എത്താൻ കാരണമാകുന്നു. ഇതിനു പരിഹാരമായിട്ടാണ് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു.
മലയോര ജനതയുടെയും കൃഷിയുടെ സംരക്ഷണത്തിന് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നൂതന പദ്ധതികളാണ് ആവിഷ്ക്കരിക്കേണ്ടത്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് മുൻകൂട്ടി അറിയാനുള്ള സംവിധാനം കൂടി നിലവിൽ വരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |