തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നതിനൊപ്പം വേനൽക്കാല രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നു. ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം, ചുണങ്ങ്, ചെങ്കണ്ണ്, കൺകുരു തുടങ്ങിയവയാണ് വ്യാപകമായത്. അമിതമായ ക്ഷീണവും തളർച്ചയും കാരണം നിരവധിപേർ ദിവസവും ആശുപത്രികളിൽ ചികിത്സ തേടുന്നു.
അമിതമായ വിയർപ്പുമൂലമുണ്ടാകുന്ന നിർജ്ജലീകരണം, തുടർന്നുണ്ടാകുന്ന ക്ഷീണം,തളർച്ച, മൂത്രാശയരോഗങ്ങൾ എന്നിവയും വർദ്ധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഇതൊഴിവാക്കാൻ പരമാവധി വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിക്കുന്നു.
സർക്കാർ ആശുപത്രികളിലെ കണക്കുപ്രകാരം പത്തു ദിവസത്തിനിടെ ചിക്കൻപോക്‌സ് കേസുകൾ 900 കടന്നു. പ്രതിദിനം 90 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വൃദ്ധർ, ഹൃദ്രോഗമുള്ളവർ, പ്രമേഹരോഗികൾ, വൃക്കരോഗികൾ, ക്യാൻസർ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയമാകുന്നവർ, റോഡ് പണിക്കാർ, കർഷക- നിർമ്മാണത്തൊഴിലാളികൾ തുടങ്ങിയവരെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. തൈറോയിഡിന്റെ അമിതപ്രവർത്തനമുള്ളവർക്കും പ്രശ്നം ഗുരുതരമാകും. സോറിയാസിസ്,എക്‌സിമ തുടങ്ങിയ ചർമരോഗമുള്ളവർക്ക് വിയർപ്പ് കുറവായതിനാൽ അസ്വസ്ഥത കൂടുതലാകും.
എ.സി നല്ലത്, കരുതൽ വേണം
താപനില ഉയരുന്ന സാഹചര്യത്തിൽ എ.സിയെ ആശ്രയിക്കുന്നത് നല്ലതാണെങ്കിലും ചിലപ്പോൾ ഗുണത്തെക്കാൾ കൂടുതൽ ദോഷമാകും. എ.സി മുറിയിൽ കഴിയുന്നവർ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. ഇതിലൂടെ നിർജ്ജലീകരണവും ചർമവരൾച്ചയും തടയാനാകും. വെള്ളം കുടിക്കാൻ ദാഹം തോന്നുന്നതുവരെ കാത്തിരിക്കരുത്. എ.സി മുറിയിൽ ദാഹം തോന്നണമെന്നില്ല. എ.സിയുടെ തൊട്ടടുത്തിരുന്ന് തണുത്ത കാറ്റ് നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. എ.സി താപനില 24 ഡിഗ്രിയായി ക്രമപ്പെടുത്തണം. എ.സി ഫിൽട്ടറുകൾ ആറുമാസത്തിലൊരിക്കൽ വൃത്തിയാക്കണം. പൊടി തങ്ങിനിന്ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാം.
ധാരാളം വെള്ളം കുടിക്കണം
ഉപ്പിട്ട കഞ്ഞിവെള്ളം,നാരങ്ങ വെള്ളം എന്നിവയടക്കം ദിവസം രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കുക
പഴങ്ങൾ,പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക,
മാംസാഹാരം കുറയ്ക്കുക
ശീതളപാനീയങ്ങൾ, ബിയർ എന്നിവ താത്കാലികമായി ദാഹം ശമിപ്പിക്കുമെങ്കിലും നിർജ്ജലീകരണം കൂട്ടും
തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ ഇടയ്ക്കിടെ മരത്തണലിൽ വിശ്രമിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കിടെ കുടിക്കുക
തുറസായ സ്ഥലത്ത് കുട്ടികളെ കളിക്കാൻ അനുവദിക്കാതിരിക്കുക
ശാരീരിക അസ്വസ്ഥത വർദ്ധിക്കും
1.അങ്ങിങ്ങു പെയ്യുന്ന വേനൽമഴ അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിന് കാരണമാകും
2.അന്തരീക്ഷത്തിലെ താപനിലയ്‌ക്കൊപ്പം ഈർപ്പവും ചേരുമ്പോൾ ചൂട് കൂടും
3.ഈർപ്പം ഇനിയും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ചൂടു മൂലമുള്ള ശാരീരിക അസ്വസ്ഥത വർദ്ധിക്കുമെന്ന് വിദഗ്ദ്ധർ
4.നിലവിൽ ഉച്ചയ്ക്ക് 50 മുതൽ 60% വരെയാണ് ഈർപ്പം. ഇത് 70%വരെ ഉയർന്നേക്കാം
5.താപനില 32 ഡിഗ്രിയുള്ള പ്രദേശത്ത് 70% ഈർപ്പമുണ്ടെങ്കിൽ അവിടെ 40 ഡിഗ്രിവരെ ചൂട് അനുഭവപ്പെടാം
''പരമാവധി വെയിലേൽക്കുന്നത് ഒഴിവാക്കണം. പ്രായമായവരെയും കുട്ടികളെയും ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെയും കരുതണം
-ഡോ.എ.അൽത്താഫ്, പ്രൊഫസർ,
കമ്മ്യൂണിറ്റി മെഡിസിൻ, തിരു.മെഡി.കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |